സ്വർണ വില കുറഞ്ഞില്ലേലും കുഴപ്പമില്ല;24,000 കൊടുത്താലും സ്വർണം കിട്ടും?വാങ്ങൽ തന്ത്രം മാറ്റി സ്വർണപ്രേമികൾ
വീണ്ടും വ്യാപാരയുദ്ധം കനക്കുകയാണ്. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന അലൂമിനിയം, സ്റ്റീൽ ഉത്പന്നങ്ങൾക്ക് മേൽ 50 ശതമാനം ചുങ്കം ചുമത്തുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത ആഘാതമാകുന്ന ഈ നടപടി വിപണയിൽ വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് ഔൺസിന് 3314 ഡോളറാണ് രാജ്യാന്തര വിപണിയിൽ രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ വില വർധനവ് യുഎഇയിലെ സ്വർണ വിലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് രേഖപ്പെടുത്തിയ വില 367 ദിർഹമാണ്. ഈ സ്ഥിതി തുടർന്നാൽ ഇനിയും വില വർധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വില ഉയർന്നതോടെ രാജ്യത്ത് വാങ്ങൽ തന്ത്രം മാറ്റിയിരിക്കുകയാണ് സ്വർണപ്രേമികൾ. ഇതോടെ പെരുന്നാളിനോട് അനുബന്ധിച്ച് സ്വർണ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ വിലവർധനവിനിടയിലും എങ്ങനെയാണ് വിൽപന തകൃതിയായതെന്ന് അറിയാമോ? നോക്കാം

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിൽ എന്താ സുമ്മാ വാ......
സ്വർണ വില വർധിച്ച് തുടങ്ങിയതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് പുറകെയാണ് സ്വർണ പ്രേമികൾ. പ്രധാനമായും വാങ്ങുന്നത് 1000-5000 ( 23,248-1,16241 രൂപ, ഇന്നത്തെ നിരക്ക്) ദിർഹത്തിനിടയിലുള്ള ആഭരണങ്ങളും. അതായത് പെരുന്നാൾ പോലുള്ള ഉത്സവ സീസണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ആഭരണങ്ങൾ.
മാലകൾ, ലോക്കറ്റുകൾ, കമ്മലുകൾ, വളകൾ ഇങ്ങനെ എല്ലാ വിഭാഗത്തിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ഈദിനെ അപേക്ഷിച്ച് ഇത്തവണ വിൽപന പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികൾ വ്യക്തമാക്കി.
ആളെക്കൂട്ടാൻ പണിക്കൂലി ഇല്ലാതെ സ്വർണം
വില കൂടിക്കോട്ടെ, എന്നാലും ഈ പണിക്കൂലി ഇങ്ങനെ കൂടിയാലോ', ഇതാണ് സ്വർണ പ്രേമികളുടെ പരാതി. അതുകൊണ്ട് തന്നെ പണിക്കൂലി ഇല്ലാതെയുള്ള ഓഫറുകളും ചില ജ്വല്ലികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണത്തിന് മാത്രമല്ല ഡയമണ്ടുകൾക്കും പോൽക്കിക്കും മറ്റ് ജ്വല്ലറി കളക്ഷനുകളിൽ ഇത്തരം ഓഫറുകൾ വ്യാപാരികൾ അവതരിപ്പിച്ചിട്ടണ്ട്.
ഓൺലൈൻ കച്ചവടവും പൊടിപൊടിക്കുന്നു
പെരുന്നാളിനോട് അനുബന്ധിച്ച് ഓൺലൈൻ വിൽപനയിൽ 20 ശതമാനത്തിന്റഎ വർധനവാണ് ഇത്തവണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പെരുന്നാളിന് ഇത്തരത്തിൽ കച്ചവടം വർധിക്കാറുണ്ടെങ്കിലും ഇത്തവണ നേരത്തേ തന്നെ വിപണി സജീവമാണത്രേ. പെരുന്നാളിന് സ്വർണം സമ്മാനമായി കൊടുക്കുന്ന പാരമ്പര്യം ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. അതുകൊണ്ട് തന്നെ കസ്റ്റമൈസ്ഡ് ആഭരണങ്ങൾക്കാണ് ആവശ്യക്കാർ ഏറുന്നത്.
പണം പോട്ടെ, പവർ വരട്ടെ
ഈ ഉത്സവ സീസണിൽ ഉപഭോക്തൃ മുൻഗണനകളിൽ ശ്രദ്ധേയമായ മാറ്റം പ്രകടമാണെന്ന് പറയുകയാണ് കാൻസ് ജുവൽസിന്റെ എംഡി അനിൽ ധനക്. പാരമ്പര്യ ട്രെന്റുകൾക്കൊപ്പം തന്നെ പുതിയ കാലത്തെ ഡിസൈനുകളാണ് പലരും തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആളുകൾ കൂടുതലായി തേടി വരുന്നത് സ്റ്റേറ്റ്മെന്റ് പീസുകളാണ്. രത്നക്കല്ലുകൾ പതിപ്പിച്ച ഡിസൈനുകൾ, ബോൾഡ് നെക്ലേസുകൾ, മനോഹരമായ വളകൾ, മോതിരങ്ങൾ എന്നിവയൊക്കെയാണ് കൂടുതലായി ആവശ്യപ്പെടുന്നത്', അദ്ദേഹം പറഞ്ഞു.
ഇനിയും കാത്തിരിക്കണോ?
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 350 ദിർഹത്തിലേക്കെത്താൻ കാത്തിരിക്കുകയാണ് ദുബായിലെ ഉപഭോക്താക്കൾ. എന്നാൽ അത്തരമൊരു വലിയ വിലക്കുറവിന് അടുത്തെങ്ങും സാധ്യതയില്ലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയിൽ കാര്യമായ ചലനങ്ങളുണ്ടാക്കും. വ്യാപാരയുദ്ധവും യുക്രൈൻ പ്രശ്നവുമെല്ലാം സ്ഥിതി കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനിയും വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് വ്യാപാരികളിൽ ഒരു വിഭാഗം വ്യക്തമാക്കുന്നത്. ഈ വർഷം സ്വർണത്തിന് ഔൺസിന് 4000 ഡോളർ വരെ തൊടാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ പ്രവചനങ്ങളും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.












Click it and Unblock the Notifications