സ്വർണം വില കുറച്ച് കിട്ടാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്; കുറച്ച് കഷ്ടപ്പെട്ടാൽ വന്‍ ലാഭം നേടാം
ദുബായ്: യുഎഇയിൽ സ്വർണ വില വീണ്ടും റെക്കോഡ് ഉയരം തൊട്ടിരിക്കുകയാണ്. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 433.25 ദിർഹമാണ്. 22 കരാറ്റിന് 400.25 ദിർഹവും 21 കാരറ്റിന് 383.75 ദിർഹവും 18 കാരറ്റിന് 328.75 ദിർഹവും നൽകണം. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഉണ്ടാകുന്ന വർധനവാണ് ദുബായിലെ മഞ്ഞ ലോഹത്തിന്റെ വിപണിയേയും സ്വാധീനിക്കുന്നത്. തൊഴിൽ കണക്കുകൾ പ്രതീക്ഷകൾ തെറ്റിച്ച് തകിടം മറഞ്ഞതാണ് ആഗോള വിപണിയിൽ ഇപ്പോൾ സ്വർണ വില കുതിക്കാൻ കാരണമായത്.
നിലവിലെ സാഹചര്യത്തിൽ യുഎഫ് ഫെഡ് ബാങ്ക് പലിശ കുറക്കാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. ഇത് നിക്ഷേപകർക്കിടയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുകയും സ്വർണ വില ഇനിയും വർധിക്കാൻ കാരണമാകുകയും ചെയ്യും.

വില ഉയരുന്നു എന്ന് പറയുമ്പോൾ സ്വർണം ആഭരണമായി വാങ്ങുന്നവർക്ക് ഗ്രാം വില മാത്രം നൽകിയാണ് പോര. പണിക്കൂലി ഉൾപ്പെടെയുള്ള നിരക്ക് ചേർത്തായിരിക്കും ജ്വല്ലറികൾ ഈടാക്കുക. ഇനിയും വില ഉയർന്നാൽ സ്വർണാഭരണം വാങ്ങാൻ എന്ത് ചെയ്യും? ചില 'തന്ത്രങ്ങൾ' അറിഞ്ഞാൽ ഒരു പരിധി വരെ വിലക്കുറവിൽ നിങ്ങൾക്ക ദുബായിൽ നിന്നും സ്വർണം സ്വന്തമാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? വിശദമായി പറഞ്ഞുതരാം
മാർക്കറ്റുകളിൽ നിങ്ങൾക്ക് വേണ്ട സാധനങ്ങൾക്ക് ഉയർന്ന വിലയാണെങ്കിൽ സാധാരണ എന്താണ് ചെയ്യുക? വിലപേശും അല്ലേ? സ്വർണത്തിന്റെ കാര്യത്തിലും വിലപേശി തന്നെ വാങ്ങാം. വിലപേശിയാൽ സ്വർണം വിലകുറച്ച് കിട്ടുമോയെന്നായിരിക്കില്ലേ മനസിൽ. അങ്ങനെ ഗ്രാമിന്റെ വില കുറച്ചൊന്നും വ്യാപാരികൾ നൽകില്ല. അപ്പോൾ വിലപേശൽ നടത്താൻ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങൾ എന്താണെന്ന് നോക്കാം
വില പേശാൻ കഴിയാത്തത്
ഗ്രാം വില തന്നെ- എല്ലാ കടകളും അന്താരാഷ്ട്ര വിപണി നിരക്ക് പിന്തുടരുന്നവരാണ്. ഡിജിറ്റൽ ബോർഡുകളിൽ അതത് ദിവസത്തെ സ്വർണ വില പ്രദർശിപ്പിക്കും. യുഎഇയിലുടനീളം ഗ്രാമിന്റെ നിരക്ക് ഒന്ന് തന്നെയായിരിക്കും.
എന്തിനൊക്കെ വിലപേശാം:
പണിക്കൂലി: സ്വർണാഭരണങ്ങളുടെ ഡിസൈനിനും അത് പണിയാൻ വേണ്ടി വരുന്ന ചെലവുമാണ് പണിക്കൂലിയായി ഈടാക്കുന്നത്. സ്വർണത്തിന്റെ വില ഇതിൽ ഉൾപ്പെടുന്നില്ല. സങ്കീർണ്ണമായ രൂപകൽപ്പനകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടും. പണിക്കൂലിയിൽ 20 ശതമാനം മുതൽ 30 ശതമാനം വരെയുള്ള ഇളവാണ് പൊതുവെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.
മറ്റൊന്ന് പണം ഉപയോഗിച്ചുള്ള അല്ലെങ്കിൽ മൊത്തത്തിലുള്ള വാങ്ങലുകൾക്ക് ആണ്. പണമായി നൽകുന്നത് അല്പം കൂടുതൽ കിഴിവ് ലഭിക്കാൻ സഹായിച്ചേക്കാം. കൂടാതെ, ഒന്നിലധികം ആഭരണങ്ങൾ ഒരുമിച്ച് വാങ്ങുമ്പോൾ വിലപേശാനുള്ള സാധ്യത കൂടും.
സ്മാർട്ടായി വിലപേശാനുള്ള 5 വഴികൾ ഇതാ
ഗ്രാമിന് എത്രയാണ് വിലയെന്ന് കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം ജ്വല്ലറികളിലേക്ക് പോകുക. പണിക്കൂലിയിൽ 25 ശതമാനത്തിന്റെ കിഴുവ് വേണ്ടി വിലപേശുന്നതായിരിക്കും ഉചിതം. അനാവശ്യ തർക്കത്തിനോ അമിതമായ വിലപേശലിനോ നിൽക്കരുത്. അത് നിങ്ങൾക്കുള്ള സാധ്യതകളെ പൂർണമായും ഇല്ലാതാക്കും. മറ്റ് കടകളിൽ എങ്ങനെയാണ് പണിക്കൂലി ഈടാക്കുന്നത്, പണിക്കൂലിയിൽ ഓഫർ നൽകുന്നുണ്ടോ, കുറഞ്ഞ തൂക്കത്തിന് ഉള്ള ആഭരണങ്ങൾക്ക് പണിക്കൂലി കുറവാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. ചെറിയ ലാഭങ്ങൾക്കുവേണ്ടി കഷ്ടപ്പെടാതെ അർത്ഥവത്തായ കിഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഇനി എത്രയൊക്കെ പണിക്കൂലിയിൽ കിഴിവ് കിട്ടിയാലും സ്വർണം വാങ്ങുമ്പോഴുള്ള ഇൻവോയിസ് വാങ്ങിയെന്ന് ഉറപ്പാക്കണം. മാത്രമല്ല സ്വർണ്ണത്തിന്‍റെ പരിശുദ്ധി, ഭാരം, നിരക്കുകൾ, ആധികാരികത സർട്ടിഫിക്കറ്റ് എന്നിവ ബില്ലിൽ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.












Click it and Unblock the Notifications