യുഎഇ വന്‍ തോതില്‍ സ്വർണ്ണം കയറ്റുമതി ചെയ്യുന്നു: സംശയത്തോടെ ഇറാഖ്: സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം
ഇറാഖുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തി യു എ ഇ. 2024 ല്‍ യു എ ഇയുടെ ഇറാഖിലേക്കുള്ള കയറ്റുമതി മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 10 ബില്യൺ ഡോളർ വർധിച്ചുവെന്നാണ് ഇറാഖ് ഫ്യൂചർ ഫൗണ്ടേഷൻ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് കൺസൾട്ടൻസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, 2024-ൽ ഇറാഖിലേക്കുള്ള കയറ്റുമതി മൂല്യം 33 ബില്യൺ ഡോളറിലെത്തി.
യു എ ഇയുടെ ഇറാഖ് കയറ്റുമതിയില്‍ സ്വർണമാണ് പ്രധാനമായും ഇടം പിടിച്ചിരിക്കുന്നത്. 12.8 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം അടങ്ങിയ വിലയേറിയ ലോഹങ്ങള്‍. 6.3 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ (പ്രധാനമായും മൊബൈൽ ഫോണുകൾ), 5.1 ബില്യൺ ഡോളറിന്റെ വാഹനങ്ങൾ, 2.3 ബില്യൺ ഡോളറിന്റെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

2023-ൽ യു എ ഇയിൽ നിന്നും ഇറാഖിലേക്കുള്ള കയറ്റുമതി 23 ബില്യൺ ഡോളറായിരുന്നു. ഇതിൽ 3.2 ബില്യൺ ഡോളർ മാത്രമായിരുന്നു സ്വർണത്തിന്റെ മൂല്യം. 2024-ലെ സ്വർണ ഇറക്കുമതിയിലെ ഈ വൻ വർധന ചില ന്യായമായ ചോദ്യങ്ങൾ ഉയർത്തുന്നതായി ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. സ്വർണത്തിന്റെ ദ്രവ്യതയും സാമ്പത്തിക ഇടപാടുകളിലെ പങ്കും കണക്കിലെടുക്കുമ്പോൾ, ചില രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ സ്വർണം ഒരു ബദൽ സാമ്പത്തിക ഇടപാട് മാർഗമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഫൗണ്ടേഷൻ നിരീക്ഷിച്ചു.
"2023 മുതൽ കർശനമായ നിരീക്ഷണ നടപടികൾ ഉണ്ടായിട്ടും, ഇറാഖ് സെൻട്രൽ ബാങ്കിന്റെ ട്രാൻസ്ഫറുകൾ വഴിയാണോ ഇതിന്റെ മുഴുവൻ ചെലവ് വഹിച്ചത്? അതോ, ഇറാഖിന്റെ ബാങ്കിംഗ് സംവിധാനത്തിന് പുറത്തുള്ള ഫണ്ടുകൾ ഉപയോഗിച്ചാണോ സ്വർണം വാങ്ങിയത്? എങ്കിൽ, ആ ഫണ്ടുകളുടെ ഉറവിടം എന്താണ്, എന്തിനാണ് അവ സ്വർണം വാങ്ങാൻ ഉപയോഗിച്ചത്?" ഫൗണ്ടേഷൻ പ്രസിഡന്റും സാമ്പത്തിക വിദഗ്ധനുമായ മനാർ അൽ-ഒബൈദി വൻതോതിലുള്ള സ്വർണ്ണ ഇറക്കുമതിക്ക് ധനസഹായം എങ്ങനെയാണ് ലഭ്യമാകുന്നത് എന്നതിനെക്കുറിച്ച് ചോദിക്കുന്നു.
2025-ന്റെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം, 2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് യു എ ഇയിൽ നിന്നുള്ള സ്വർണ കയറ്റുമതിയില്‍ നേരിയ ഇടിവുണ്ടായതായും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വർഷം ഇറാഖിന്റെ മൊത്തം ഇറക്കുമതിയുടെ 12 ശതമാനത്തിലധികം സ്വർണത്തിനായി ചെലവഴിച്ചതായി ഫൗണ്ടേഷൻ എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിൽ, ധനസഹായത്തിന്റെ ഉറവിടങ്ങൾ, ഗതാഗത മാർഗങ്ങൾ, പ്രവേശന കേന്ദ്രങ്ങൾ, ഇറക്കുമതി ചെയ്യുന്നവർ, സ്വർണത്തിന്റെ അന്തിമ ഉപയോഗം എന്നിവ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ലോകത്തിലെ പ്രമുഖ സ്വർണ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് യു എ ഇ. ദുബായ് പോലുള്ള നഗരങ്ങൾ സ്വർണ വ്യാപാരത്തിന്റെ ആഗോള ഹബ്ബ് എൻ്ന നിലയിലും പ്രശസ്തമാണ്. സ്വന്തമായി സ്വർണ്ണ ഖനിയില്ലാത്ത യു എ ഇ ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണം ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നു.2024-ൽ ആഗോള സ്വർണ കയറ്റുമതി മൂല്യം $586.2 ബില്യണായിരുന്നു, ഇതിൽ യുഎഇയുടെ പങ്ക് ഏകദേശം 9% ആണ്.
2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ യു എ യുടെ എണ്ണ ഇതര കയറ്റുമതി മൂല്യം 32.9% വർധിച്ച് 396.2 ബില്യണായി (ഏകദേശം $108 ബില്യൺ). ഇതിൽ 48.6% സ്വർണവും ആഭരണങ്ങളുമാണ്, അതായത് ഏകദേശം 52 ബില്യണ്‍ ഡോളറോളം സ്വർണ കയറ്റുമതി. മുഴുവൻ വർഷത്തേക്കുള്ള കണക്കുകൾ പ്രകാരം, 2024-25-ൽ സ്വർണ കയറ്റുമതി 53.41 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications