സ്വർണം ഒമാനിൽ നിന്ന് യുഎഇയിലേക്ക് ഒഴുകി,തിരിച്ചും; ഇതെന്താണ് സംഭവിച്ചത്? വില ഉയർന്നിട്ടും കുലുക്കമില്ല
സ്വർണ വില കുതിച്ചുയർന്നതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വർണത്തിനുള്ള ഡിമാന്റ് വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. ജ്വല്ലറികളിലേക്ക് എത്താൻ ആളുകൾ മടിക്കുന്നുവെന്ന പരാതിയാണ് പല വ്യാപാരികളും പങ്കുവെച്ചത്. എന്നാൽ ഒമാനിൽ നേരെ വിപരീതമാണ് സ്ഥിതി. വില കുതിച്ച് കയറുമ്പോഴും സ്വർണ വ്യാപാരം പൊടിപൊടക്കുകയാണ്. ആഭ്യന്തര , പ്രാദേശിക ആവശ്യം വർധിച്ചതോടെ സ്വർണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും പുനർകയറ്റുമതിയെല്ലാം വർധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം 2024 നവംബർ അവസാനത്തോടെ രാജ്യത്തെ സ്വർണക്കയറ്റുമതി 372 മില്യൺ റിയാലിലെത്തി. 2023 ലെ ഇക്കാലയളവിനെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ വർധനവ്. 316 മില്യൺ റിയാലായിരുന്നു 2023 ലെ വിൽപന. മൊത്തം ഇറക്കുമതിയാകട്ടെ കഴിഞ്ഞ വർഷത്തെ 14,358 കിലോഗ്രാമിൽ നിന്ന് 15,439 കിലോഗ്രാമായി ഉയർന്നു.

ഒമാനിലേക്ക് ഇറക്കുമതി ചെയ്ത 92.1 ശതമാനം സ്വർണവും യുഎഇയിൽ നിന്നായിരുന്നു( 342.7 മില്യൺ റിയാൽ). 11.3 മില്യൺ റിയാലുമായി യെമനും 6.4 മില്യൺ റിയാലുമായി സുഡാനുമാണ് അടുത്ത സ്ഥാനങ്ങളിൽ വരുന്നത്. ഹോങ്കോങ്ങിൽ നിന്ന് 3.2 മില്യൺ റിയാലിന്റേയും യുഎസിൽ നിന്ന് 1.7 റിയാലിന്റേയും സ്വർണമെത്തി. അതേസമയം കയറ്റുമതിയുടെ കാര്യത്തിലും വലിയ വളർച്ചയാണ് ഒമാനിൽ ഉണ്ടായിരിക്കുന്നത്.
കയറ്റുമതി 77 ശതമാനം വർധിച്ച് 63.2 ദശലക്ഷത്തിലെത്തി. 2023 ലെ ഇതേ കാലയളവിൽ ഇത് 35.6 ദശലക്ഷമായിരുന്നു. കഴിഞ്ഞ വർഷം 1,526 കിലോഗ്രാം സ്വർണമാണ് കയറ്റുമതി ചെയ്തതെങ്കിൽ ഇക്കുറി ഇത് 2198 കിലോയായി വർധിച്ചു. യുഎഇയിലേക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സ്വർണം കയറ്റി അയച്ചതും. 42.5 മില്യൺ റിയാലിന്റെ സ്വർണമാണ് ഒമാനിൽ നിന്നും യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. അതായത് ആകെ കയറ്റുമതി 67.2 ശതമാനം. യുഎസിലേക്ക് 17. 7 മില്യൺ, ഇന്ത്യ , ബഹ്റൈൻ , ഹോങ്കോങ് , ഇറാഖ് എന്നിവടങ്ങളിലേക്ക് 714,600 മുതൽ 502,700 റിയാലിന്റെ വരെ കയറ്റുമതിയാണ് നടത്തിയത്.
പുനർകയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2023 ലെ വെറും 16.4 ദശലക്ഷം റിയാൽ കയറ്റുമതിയിൽ നിന്ന് 800 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ 1886 കിലോയിൽ നിന്ന് ഈ വർഷമായപ്പോഴേക്കും 5287 കിലോയാണ്
പുനർകയറ്റുമതി ചെയ്തത്. ഇറാനിലേക്കാണ് ഏറ്റവും കൂടുതൽ പുനർകയറ്റുമതി നടത്തിയത്.ആകെ കയറ്റുമതിയുടെ 78.6 ശതമാനമായിരുന്നു ഇത്. ഇറാൻ കഴിഞ്ഞാൽ യുഎഇ, തുർക്കി, യുഎസ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ കയറ്റുമതി ചെയ്തത്.
2024 ലും ഒമാനിലെ സ്വർണവിലയിൽ വലിയ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ശരാശരി, 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30.4 റിയാലായിരുന്നു വില. 22 കാരറ്റ് സ്വർണത്തിന് 26.3 റിയാലും, 18 കാരറ്റ് സ്വർണത്തിന് 22.4 റിയാലും ആയിരുന്നു വില.












Click it and Unblock the Notifications