യുഇയിൽ നിന്ന് സ്വർണം ഒഴുകുന്നു; ഏറ്റവും കൂടുതൽ ഈ രാജ്യത്തേക്ക്..ഇന്ത്യയും പട്ടികയിൽ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോൾഡ് ഹബ് ആണ് യുഎഇ. ദുബായിൽ നിന്നും സ്വർണം വാങ്ങാൻ ആളുകളുടെ കൂട്ടയിടിയാണ്. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഒരു തരി പൊന്നെങ്കിലും ഇവിടെ നിന്ന് വാങ്ങാറുണ്ട്. പരിശുദ്ധമായ സ്വർണം, നികുതി ഇളവുകൾ ഇതെല്ലാമാണ് ഇവിടെ നിന്ന് സ്വർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ആളുകൾ മാത്രമല്ല മറ്റ് രാജ്യങ്ങളും ദുബായിൽ നിന്നും സ്വർണം വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഏതൊക്കെയാണ് ആ രാജ്യങ്ങളെന്ന് വിശദമായി നോക്കാം
2024-2025 കാലഘട്ടത്തിൽ മാത്രം 53.41 ബില്യൺ ഡോളറിന്റെ സ്വർണമാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ വരുന്നത് സ്വർണക്കട്ടിയാണ്. 2023 ൽ 5.8 ബില്യൺ ഡോളറിന്റെ സ്വർണ ബാറുകളാണ് കയറ്റി അയച്ചത്. കൂടാതെ 4.7 ബില്യൺ ഡോളറിൻ്റെ സ്വർണ നാണയങ്ങളും 3.8 ബില്യൺ ഡോളറിൻ്റെ സ്വർണാഭരണങ്ങളും 2.71 ബില്യൺ ഡോളറിൻ്റെ സ്വർണ പൊടിയും കയറ്റുമതി ചെയ്തു.

1.86 ബില്യൺ ഡോളറിൻ്റെ ഗോൾഡ് നഗറ്റ്സ്, 1.57 ബില്യൺ ഡോളറിൻ്റെ ഗോൾഡ് സ്ക്രാപ്പ് , 900 മില്യൺ ഡോളറിന്റെ സ്വർണം പൂശിയ വസ്തുക്കൾ, 800 മില്യൺ ഡോളറിൻ്റെ സ്വർണ ഇലകൾ, 700 മില്യൺ ഡോളറിൻ്റെ സ്വർണ ബ്രൂച്ചസ് എന്നിവയും കയറ്റി അയച്ചവയിൽ ഉൾപ്പെടുന്നുവെന്നാണ് ട്രേഡ് ഇംഎക്‌സ് പ്രസിദ്ധീകരിച്ച കയറ്റുമതി റിപ്പോർട്ടിൽ പറയുന്നത്.
യുഎഇയിൽ നിന്നും ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത് ഏത് രാജ്യം?
പ്രധാനമായും 10 രാജ്യങ്ങളിലേക്കാണ് യുഎഇ കൂടുതലായും സ്വർണം കയറ്റി അയക്കുന്നത്. സ്വിറ്റ്സർലന്റ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2023-ൽ 4.76 ബില്യൺ ഡോളറിന്റെ സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. സ്വർണ ബാറുകൾ, ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്വർണം, സ്വർണ തരികൾ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്വർണം, സ്വർണ പൊടി എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്തത്.
3.65 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്ത യുകെയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഗോൾഡ് നഗറ്റ്സ്,കോയിൻ, ബ്രൂച്ചസ്, വളകൾ എന്നിവയാണ് കയറ്റുമതി ചെയ്തത്.
ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ. വർഷങ്ങളായി യുഎഇയുമായി സ്വർണ വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. 2.87 ബില്യൺ ഡോളറിന്റെ സ്വർണമാണ് യുഎഇയിൽ നിന്നും ഇന്ത്യ എത്തിച്ചത്. സ്വർണം പൂശിയ വസ്തുക്കൾ, സ്വർണം കൊണ്ട് ആവരണം ചെയ്ത പാത്രങ്ങൾ, സ്വർണം-പ്ലാറ്റിനം പോലുള്ള സ്വർണ്ണത്തിന്റെ ലോഹസങ്കര ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇറക്കുമതിയിൽ അധികവും.
ഹോങ്കോംഗ് 2.45 ബില്യൺ ഡോളറിൻ്റെ സ്വർണം ഹോങ്കോങ് ഇറക്കുമതി ചെയ്തിട്ടുണ്ട്. പ്രധാനമായും സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ, സ്വർണം പൂശിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ, പ്രതിമകൾ എന്നിവയാണ് ഹോങ്കോംഗിലേക്ക് യുഎഇയിൽ നിന്നും കയറ്റുമതി ചെയ്തത്.
തുർക്കി 1.86 ബില്യൺ ഡോളറിന്റെ സ്വർണമായി തുർക്കി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. സ്വർണ നാണയങ്ങൾക്ക് പുറമെ മഞ്ഞ, വെള്ള, റോസ്, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള സ്വർണ്ണത്തിനാണ് തുർക്കിയിൽ ആവശ്യക്കാരുള്ളത്.
1.84 ബില്യൺ ഡോളറിൻ്റെ സ്വർണം സിംഗപ്പൂർ ഇറക്കുമതി ചെയ്തിട്ടുണ്ട്. കൊത്തുപണികളോട് കൂടിയ ആഭരണങ്ങൾ, സ്വർണ്ണത്തിന്റെ ലോഹസങ്കരങ്ങൾ എന്നിവയാണ് സിംഗപ്പൂരിലെ പ്രധാനമായും കയറ്റി അയച്ചത്.
കുവൈത്ത്- 1.5 ബില്യൺ ഡോളർ സ്വർണ മാലകൾ, വളകൾ, മോതിരങ്ങൾ, സ്വർണത്തിന്റെ ലോഹസങ്കരങ്ങൾ എന്നിവയ്ക്ക് കുവൈത്തിൽ വലിയ ഡിമാൻഡുണ്ട്.
ബഹ്റൈൻ- 1 ബില്യൺ ഡോളർ. സ്വർണ്ണ തരികൾ, സ്വർണ്ണക്കട്ടികൾ, വാച്ചുകൾ, പ്രതിമകൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.
ഖത്തർ-900 മില്യൺ ഡോളറിന്റെ സ്വർണം. സംസ്കരിക്കാത്തതും, ഭാഗികമായി സംസ്കരിച്ചതും, മുത്ത് പതിച്ചതുമായ സ്വർണത്തിനാണ് ഖത്തറിൽ ആവശ്യക്കാറുള്ളത്.
ചൈന- 800 മില്യൺ ഡോളറിൻ്റെ സ്വർണം, യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. സ്വർണ്ണ പ്രതിമകൾ, സ്വർണ ബാറുകൾ, സ്വർണ നാണയങ്ങൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.
യുഎഇയുടെ സ്വതന്ത്ര വ്യാപാര നയങ്ങൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, വലിയ കച്ചവട കേന്ദ്രങ്ങൾ എന്നിവയെല്ലാം ആഗോള സ്വർണ വിപണിയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു.












Click it and Unblock the Notifications