യുഎഇയില്‍ സ്വര്‍ണം ഇനിയും നിറയും; ഇതാണ് കാരണം, ചൈനീസ് കമ്പനിയുടെ ഉഗാണ്ട പ്രൊജക്ട്
ദുബായ്: ലോകത്തെ പ്രധാന സ്വര്‍ണ വിപണിയാണ് യുഎഇയിലേത്. എല്ലാ രാജ്യങ്ങളിലെയും മോഡലുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുന്നതാണ് ഈ സ്വര്‍ണ വിപണിയുടെ മെച്ചം. മാത്രമല്ല, വിദേശികള്‍ക്ക് നികുതി ഭാരവുമില്ല. യുഎഇയിലേക്ക് സ്വര്‍ണം എത്തുന്നത് പ്രധാനമായും ആഫ്രിക്കയില്‍ നിന്നാണ്. യുഎഇയിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട.
ഉഗാണ്ടയില്‍ കൂറ്റന്‍ സ്വര്‍ണ ഖനി പ്രവര്‍ത്തനം തുടങ്ങിരിക്കുകയാണ്. ചൈനീസ് കമ്പനിയായ വഗാഗി മൈനിങ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് 250 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ പുതിയ ഖനനം. നിലവില്‍ ഉഗാണ്ടയുടെ കയറ്റുമതി വരുമാനത്തിന്റെ 37 ശതമാനം സ്വര്‍ണത്തില്‍ നിന്നാണ്. പുതിയ ഖനി കൂടി സജീവമാകുന്നതോടെ അളവ് കൂടും. അറിയാം രസകരമായ വിവരങ്ങള്‍...

കഴിഞ്ഞ വര്‍ഷം സ്വര്‍ണ കയറ്റുമതിയിലൂടെ ഉഗാണ്ട സമാഹരിച്ചത് 34 കോടി ഡോളറാണ്. ചെറുകിട ഖനിത്തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണമാണ് ഉഗാണ്ട ഇതുവരെ കയറ്റുമതി ചെയ്തിരുന്നത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ആദ്യത്തെ സ്വര്‍ണ ഖനി പ്രവര്‍ത്തനം തുടങ്ങിയതോടെ ഉഗാണ്ടയുടെ സ്വര്‍ണകയറ്റുമതി ശക്തിപ്പെടുമെന്ന പ്രതീക്ഷ പ്രസിഡന്റ് യൊവേരി മുസെവെനി പങ്കുവച്ചു. പ്രതിവര്‍ഷം 1.2 മെട്രിക് ടണ്‍ സ്വര്‍ണ ഉല്‍പ്പാദനമാണ് ലക്ഷ്യം.
ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഖനനം ചെയ്ത് കയറ്റുമതി ചെയ്യുന്ന രാജ്യം ഘാന ആണ്. 1160 കോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം ഘാന കയറ്റുമതി ചെയ്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഉഗാണ്ടയിലെ കണക്കുകള്‍ വളരെ കുറവാണ്. എങ്കിലും പുതിയ ഖനനം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറും. കയറ്റുമതിയിലൂടെ ലഭിക്കുന്ന പണം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
നിലവില്‍ ഉഗാണ്ടയുടെ പ്രധാന കയറ്റുമതി-ഇറക്കുമതികള്‍ നടക്കുന്നത് അയല്‍രാജ്യമായ കെനിയയിലൂടെയാണ്. ആഫ്രിക്കയിലെ പ്രധാന സാമ്പത്തിക ശക്തിയാണ് നൈജീരിയയും കെനിയയും. എന്നാല്‍ കെനിയ വഴിയുള്ള വ്യാപാര ഇടപാടിന്റെ ചെലവ് കുറയ്ക്കുന്നതിന് പുതിയ റെയില്‍പാത ഒരുക്കുകയാണ് ഉഗാണ്ട. 316 കോടി ഡോളര്‍ ചെലവഴിച്ചാണ് പാതയുടെ നിര്‍മാണം പുരോഗമിക്കുന്നത്.
ഉഗാണ്ട-യുഎഇ സ്വര്‍ണ വ്യാപാര ബന്ധം
ഉഗാണ്ടയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന ചരക്കുകളില്‍ പ്രധാനപ്പെട്ടതാണ് സ്വര്‍ണം. 2012ല്‍ 243 ടണ്‍ സ്വര്‍ണമാണ് ആഫ്രിക്കയില്‍ നിന്ന് യുഎഇ ഇറക്കുമതി ചെയ്തത്. 2022 ആയപ്പോള്‍ ഇരട്ടിയില്‍ അധികം വര്‍ധിച്ച് 609 ടണ്ണിലെത്തി. ഇതില്‍ കൂടുതലും ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. 2023ല്‍ ഉഗാണ്ടയില്‍ നിന്ന് 107 കോടി ഡോളറിന്റെ സ്വര്‍ണമാണ് യുഎഇ ഇറക്കുമതി ചെയ്തത്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഉഗാണ്ട കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. 2023ല്‍ രാജ്യത്തിന്റെ 97 ശതമാനം കയറ്റുമതി യുഎഇയിലേക്ക് ആയിരുന്നു എന്നതും എടുത്തു പറയണം. ഇതില്‍ പ്രധാനപ്പെട്ട വസ്തു സ്വര്‍ണമായിരുന്നു. അതുകൊണ്ടുതന്നെ ചൈനീസ് കമ്പനിയുടെ സഹായത്തോടെ തുടങ്ങിയ പുതിയ സ്വര്‍ണഖനിയില്‍ നിന്നുള്ള സ്വര്‍ണവും വരിക യുഎഇയിലേക്ക് തന്നെയാകും. കൂടുതലായി സ്വര്‍ണം എത്താന്‍ തുടങ്ങിയാല്‍ വില കുറയാനുള്ള സാധ്യതയുണ്ട്. എങ്കിലും ആവശ്യക്കാര്‍ ഏറുന്നതോടെ വില ഉയര്‍ന്നുതന്നെ നില്‍ക്കും.












Click it and Unblock the Notifications