സ്വര്‍ണം മൂല്യം മാറ്റി തൂക്കമാക്കി; കേന്ദ്രത്തിന്റെ നിര്‍ണായക തിരുത്ത്, ഇനി പ്രവാസിയെ പിഴിയാന്‍ പറ്റില്ല
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് വരുമ്പോള്‍ എത്ര അളവില്‍ സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കും? ഇതുവരെ സ്ത്രീയ്ക്കും പുരുഷനുമുള്ള പരിധി വളരെ ചെറിയതായിരുന്നു. സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും പുരുഷന് 50000 രൂപയുടെ സ്വര്‍ണവും. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തി.
പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന മാറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. ഇനി മുതല്‍ പുരുഷന് രണ്ടര പവന്‍ സ്വര്‍ണം, അതായത്, 20 ഗ്രാം സ്വര്‍ണവും സ്ത്രീക്ക് അഞ്ച് പവന്‍ അതായത് 40 ഗ്രാം സ്വര്‍ണവും കൊണ്ടുവരാം എന്നതാണ് പുതിയ ചട്ടം. കേന്ദ്ര സര്‍ക്കാരിന്റെ ഈ തിരുത്തിന് കാരണം ഒരു മലയാളിക്കുണ്ടായ ദുരനുഭവവും പോരാട്ടവുമാണ്.

ഇതുവരെ നിലവിലുണ്ടായിരുന്ന നിയമം സ്വര്‍ണം പവന് 20000 രൂപയുണ്ടായിരുന്ന കാലത്ത് നിലവില്‍ വന്നതാണ്. അന്ന് പുരുഷനായ പ്രവാസി നാട്ടിലേക്ക് രണ്ടര പവന്‍ കൊണ്ടുവരുന്നതിന് 50000 രൂപയേ ചെലവുണ്ടായിരുന്നുള്ളൂ. സ്ത്രീക്ക് അഞ്ച് പവന്‍ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപയേ ചെലവുണ്ടായിരുന്നുള്ളൂ. മൂല്യം അടിസ്ഥാനമാക്കിയതോടെ പുരുഷന് 50000 രൂപയും സ്ത്രീക്ക് ഒരു ലക്ഷം രൂപയും എന്ന കണക്ക് വന്നു.
സ്വര്‍ണത്തിന് വില കുതിച്ചതോടെ 50000 രൂപയ്ക്ക് അര പവന്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു. സ്്ത്രീക്ക് ഒരു പവന്‍ കൊണ്ടുവരാന്‍ സാധിക്കാതെ വന്നു. നിരവധി പ്രവാസികളെ നിയമത്തിലെ കുരുക്ക് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിഴിയുന്ന സംഭവവും ഉണ്ടായി എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ പറയുന്നു.
പ്രദീപ് നെന്മാറയ്ക്കുണ്ടായ അനുഭവം
പ്രദീപ് നെന്മാറ കഴിഞ്ഞ സെപ്തംബറില്‍ കൊച്ചി വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവമാണ് എല്ലാ മാറ്റത്തിനും കാരണം. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ അദ്ദേഹത്തിന്റെ കൈവശം ജേഷ്ഠന്റെ മകള്‍ക്ക് സമ്മാനമായി കൊടുക്കാന്‍ മൂന്ന് പവന്റെ മാലയുണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞ ഉദ്യോഗസ്ഥര്‍ തടയുകയും പിഴ ചുമത്തുകയും ചെയ്തു. 1.07 ലക്ഷം രൂപയായിരുന്നു പിഴ.
വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണത്തിന് വലിയ പിഴയാണ് ചുമത്തിയത്. പണമടച്ച പ്രദീപ് ഇതിനെതിരെ നിയമപരമായ വഴികള്‍ തേടി. നിര്‍മല സീതാരാമന് ഷാര്‍ജ അസോസിയേഷന്‍ കത്തയച്ചു. കേരളത്തിലെ എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. ഇവര്‍ നിരന്തരം നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുത്ത്.
ഇനി സ്വര്‍ണത്തിന്റെ മൂല്യമല്ല കണക്കാക്കുക. പകരം തൂക്കമായിരിക്കും. മൂല്യം കാലത്തിന് അനുസരിച്ച് കുറയുകയോ ഉയരുകയോ ചെയ്യാം. പക്ഷേ, തൂക്കം എത്ര എന്ന് നോക്കിയാണ് കസ്റ്റംസിന് നടപടി എടുക്കാന്‍ സാധിക്കുക. പുരുഷന്മാര്‍ക്ക് രണ്ടര പവന്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. സ്ത്രീകള്‍ക്ക് അഞ്ച് പവനും. എങ്കിലും സ്വര്‍ണം വാങ്ങിയതിന്റെ ബില്ല് കൈവശം സൂക്ഷിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications