ദുബായിൽ നിന്നും ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ? അതിന് മുൻപ് ഇക്കാര്യം അറിയണം, ലാഭം എവിടെ?
യുഎസ് - ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് കടന്നതോടെ ആഗോള തലത്തിൽ സ്വർണവില കുത്തനെ ഉയർന്നു. സ്വർണം ഔൺസിന് ഇന്ന് 3342.26 ഡോളർ ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചൈനയ്ക്കെതിരായ പകരച്ചുങ്കം യുഎസ് 254 ശതമാനമാക്കി ഉയർത്തിയിരുന്നു. കടുത്ത വെല്ലുവിളികൾക്കിടെയാണ് സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ടുള്ള യുഎസ് നീക്കം. ഇത് വിപണിയിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ സ്വീകാര്യത ഉയരുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതും വില ഉയരാൻ കാരണമായി.
ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവട് പിടിച്ച് ദുബായിലും ഇന്ന് സ്വർണവിലയിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യമായി 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 400 ദിർഹം കടന്നു. ഇന്ന് 407.75 ദിർഹമാണ് വില . 22 കാരറ്റ് ഒരു ഗ്രാമിന് വില 372.75 ദിർഹമാണ്. അതായത് 8,687.23 രൂപ. 21 കാരറ്റിന് 357.5 ദിർഹവും 18 കാരറ്റിന് 306.5 ദിർഹവുമാണ് വില.

ഒരുപക്ഷെ ഈ വർഷം അവസാനം ഇത്രയും വലിയൊരു വിലവർധനവ് ഉണ്ടായേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും 2025 തുടങ്ങി നാല് മാസം പിന്നിടുമ്പോൾ തന്നെ വില കുതിക്കുന്നതിൽ സാമ്പത്തിക വിദഗ്ധരും അത്ഭുതം പങ്കുവെയ്ക്കുകയാണ്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിന് ശേഷം ദുബായിൽ സ്വർണ്ണ വില ഗ്രാമിന് ഏകദേശം 150 ദിർഹമാണ് വർധിച്ചത്. ഈ വർഷം ഫെബ്രുവരി 23 നായിരുന്നു ദുബായിൽ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. സൗദി അറേബ്യയിൽ നിലവിൽ 22 കാരറ്റ് സ്വർണത്തിന് വില 378 റിയാൽ ആണ്, 24 കാരറ്റിന് വില 409 റിയാലും.
ലാഭം കേരളത്തിലോ അതോ ദുബായിലോ?
കേരളത്തിലും സ്വർണത്തിന് വില പൊള്ളുകയാണ്. ആഭരണപ്രേമികളുടെ നെഞ്ചിടിപ്പേറ്റി ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന് 840 രൂപയും. ഇതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണവില 71,000 രൂപ കടന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വില 71,360 രൂപയാണ്. ഗ്രാമിന് 8920 രൂപയും. 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ഹാൾമാർക്ക് ചാർജും കൂടി ചേർത്താൽ 75,000 എങ്കിലും വേണം ഒരു പവൻ സ്വർണം വാങ്ങാൻ. അതുകൊണ്ട് തന്നെ നേരിയ ലാഭം ദുബായിൽ നിന്ന് പ്രതീക്ഷിക്കാം. പരിശുദ്ധിയുള്ള സ്വർണം ആണെന്നതും നികുതി ഇല്ലെന്നതും ദുബായിൽ നിന്നും സ്വർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുമെങ്കിലും വിദേശത്ത് നിന്നും കൊണ്ടുവരാന്‍ കഴിയുന്ന സ്വർണത്തിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം മറക്കേണ്ട കേട്ടോ.
ഇനിയും വില ഉയരുമോ?
അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വർണം വാങ്ങിക്കൂട്ടുകയാണ്. പകരച്ചുങ്കത്തിിൽ ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും പ്രസിഡന്റ് ട്രംപ് വാഗ്ദാനം ചെയ്ത 90 ദിവസത്തെ കാലാവധിക്ക് ശേഷം എന്ത് നടപടിയായിരിക്കും കൈക്കൊള്ളുകയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയെന്താകുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വെറും മണിക്കൂറുകൾക്കുള്ളിലാണ് വിലയിൽ വലിയ വർധനവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ തങ്ങൾക്ക് വാങ്ങാനാകുന്ന നിരക്ക് എത്തുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്ത് വെക്കുന്നതായിരിക്കും ഉചിതം എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ പറഞ്ഞ സമയം എന്ന് എന്നാണ് സ്വർണപ്രേമികളുടെ ചോദ്യം.












Click it and Unblock the Notifications