ദുബായില്‍ സ്വര്‍ണത്തിന് ഇന്ന് വിലക്കുറവ്.. കുത്തനെ താഴേക്ക് വീഴില്ലെന്ന് വിദഗ്ധര്‍; വെള്ളിക്ക് മുന്നേറ്റം
കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മുന്നേറ്റത്തിന് ശേഷം യുഎഇയില്‍ വില സ്ഥിരത കൈവരിക്കുന്നു. തിങ്കളാഴ്ച 24 കാരറ്റ് സ്വര്‍ണം 525 ദിര്‍ഹത്തിനാണ് വ്യാപാരം തുടങ്ങിയത്. ഇത് മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയേക്കാള്‍ അല്പം കുറവാണ്. അതേസമയം, 22 കാരറ്റ് സ്വര്‍ണം 486 ദിര്‍ഹത്തിനാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 2 ദിര്‍ഹം കുറവ്.
ആഗോളതലത്തില്‍, ചെറിയൊരു പ്രതിവാര നേട്ടത്തിന് ശേഷം സ്വര്‍ണവില 0.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,360 ഡോളറിന് താഴെയായി. അമേരിക്കയില്‍ പണപ്പെരുപ്പം അഞ്ച് വര്‍ഷത്തിലേറെയായി ഫെഡറല്‍ റിസര്‍വിന്റെ 2% എന്ന ലക്ഷ്യത്തിന് താഴേക്ക് വന്നിട്ടില്ല. ഇത് നിയന്ത്രിക്കാനായി ഈ വര്‍ഷം വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള ഫെഡ് നയരൂപീകരണ സമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി വ്യാപാരികള്‍ ഉറ്റുനോക്കുകയാണ്.

അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞെങ്കിലും ബാരലിന് 100 ഡോളറിന് മുകളില്‍ തന്നെ തുടര്‍ന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ വ്യാപാരികള്‍ നിരീക്ഷിക്കുന്നുണ്ട്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയുടെ സമ്മേളനത്തിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ഒരുപക്ഷേ തയ്യാറായേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഒഴുക്ക് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അറിയിച്ചു. മധ്യേഷ്യയിലെ വിതരണ തടസങ്ങള്‍ കുറഞ്ഞതോടെ എണ്ണവില ഇടിയുന്നത് സ്വര്‍ണ്ണവിലയിലെ വര്‍ദ്ധനവിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു.
'വിലയിലെ സമീപകാല ഇടിവിനിടയിലും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകളിലേക്ക് തുടര്‍ച്ചയായി എട്ടുദിവസവും നിക്ഷേപം ഒഴുകിയെത്തി. ഇത് നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലുള്ള ശക്തമായ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്,' സെഞ്ച്വറി ഫിനാന്‍ഷ്യലിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിജയ് വാലേച്ച പറഞ്ഞു. എന്നിരുന്നാലും, സമീപഭാവിയില്‍ സ്വര്‍ണവില ഉയരുമെന്ന് എല്ലാവരും കരുതുന്നില്ല.
കറന്‍സിയുടെ മൂല്യത്തകര്‍ച്ചയെ നേരിടാനുള്ള പരമ്പരാഗത നിക്ഷേപ രീതികള്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് പെപ്പര്‍സ്റ്റോണിലെ ഗവേഷണ വിഭാഗം മേധാവി ക്രിസ് വെസ്റ്റണ്‍ പറയുന്നു. സ്വര്‍ണവിലയെ താങ്ങിനിര്‍ത്തിക്കൊണ്ട് സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപ പ്രവാഹം ശക്തമായിരുന്നെങ്കിലും ഈ ആഴ്ചയോടെ അത് കുറയാന്‍ സാധ്യതയുണ്ട് എന്നും വെസ്റ്റണ്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച പലിശനിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം പണപ്പെരുപ്പത്തെ നേരിടുന്നതില്‍ ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച കര്‍ശന നിലപാടാണ് ഇതിന്റെ പ്രധാന കാരണം. ഒക്ടോബര്‍ 28-ന് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയിലേക്ക് വിപണി ഇപ്പോള്‍ നേരിയ തോതില്‍ ചായുന്നുണ്ട്. ദുബായില്‍ രാവിലെ 9:30-ഓടെ സ്‌പോട്ട് ഗോള്‍ഡ് വില 0.5 ശതമാനം കുറഞ്ഞ് ഔണ്‍സിന് 4,355.83 ഡോളറിലെത്തി.
വെള്ളി വില 0.2 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 66.22 ഡോളറായി. പ്ലാറ്റിനം വിലയില്‍ മാറ്റമുണ്ടായില്ലെങ്കിലും പല്ലാഡിയം വില ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച 1.1 ശതമാനം ഉയര്‍ന്ന യുഎസ് കറന്‍സിയുടെ മൂല്യം സൂചിപ്പിക്കുന്ന ബ്ലൂംബെര്‍ഗ് ഡോളര്‍ സ്‌പോട്ട് സൂചികയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.


Click it and Unblock the Notifications
