സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും; സൗദി അറേബ്യയില്‍ നിര്‍ണായക നീക്കം, വിജയിച്ചാല്‍ ലോകം മാറും
ദുബായ്: ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 800 രൂപയാണ് കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ശനിയാഴ്ചത്തേത്. എന്നാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും എന്നാണ് പുതിയ വിവരം. അതുകൊണ്ടുതന്നെ പണം കൈവശമുള്ളവര്‍ക്ക് സ്വര്‍ണം അഡ്വാന്‍സ് ബുക്ക് ചെയ്യാം. വാങ്ങുന്നത് മാറ്റിവയ്ക്കാം. വില കുറയുമ്പോള്‍ വാങ്ങുകയും ചെയ്യാം.
കഴിഞ്ഞ മാസം സ്വര്‍ണത്തിന് 11 ശതമാനമാണ് വില കൂടിയത്. ഈ മാസവും വില കൂടി വരുന്നതിനിടെയാണ് പൊടുന്നനെയുള്ള വന്‍ ഇടിവ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 64480 രൂപയും ഏറ്റവും കുറഞ്ഞത് 61640 രൂപയുമാണ്. ഇന്നത്തെ പവന്‍ വില 63120 രൂപയാണ്. 800 രൂപ കുറഞ്ഞാണ് ഈ വിലയിലേക്ക് എത്തിയത്. ഇനി സ്വര്‍ണവില കുറയാനുള്ള സാധ്യത പറയാം...

2022ന് ശേഷമാണ് സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വിലവര്‍ധനവ് രേഖപ്പെടുത്തിയത്. വിപണി നിരീക്ഷകര്‍ ഇതിന് കാരണമായി പ്രധാനമായും പറഞ്ഞത് റഷ്യ-യുക്രൈന്‍ തര്‍ക്കമായിരുന്നു. റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും രംഗത്തുവന്നതോടെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇല്ലാതായി. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും വില കൂടുകയുമായിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം യുക്രൈനും റഷ്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പോകുകയാണ്. റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്താന്‍ ധാരണയായി. ഒരാഴ്ച്ചയ്ക്കകം സൗദി അറേബ്യയിലാണ് ചര്‍ച്ചകള്‍ നടക്കുക. സമാധാനത്തിന് ധാരണയായാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യം വരികയും നിക്ഷേപം കൂടുകയും ചെയ്യും. ഇത് സ്വര്‍ണവില കുറയാന്‍ കാരണമാകും.
എന്നാല്‍ സൗദി അറേബ്യയില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയിലും ചില സംശയങ്ങള്‍ ബാക്കിയാണ്. യുക്രൈന്റെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. മാത്രമല്ല, യൂറോപ്പിന്റെ പ്രതിനിധികളും എത്തില്ല. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ ഭാഗമാകുക. അതിനിടെ, യുക്രൈന്‍ പ്രസിഡന്റ് സൗദി അറേബ്യ, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ വൈകാതെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയേക്കും.
രണ്ട് ഭാഗങ്ങളിലായിട്ടാണ് ചര്‍ച്ചകള്‍. സമവായം രൂപപ്പെടുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ആദ്യഘട്ടത്തില്‍ റഷ്യയും യുക്രൈനും നേരിട്ട് ചര്‍ച്ച നടത്തുന്നില്ല. അതേസമയം, ആദ്യഘട്ട ചര്‍ച്ചകളുടെ ഫലം അനുകൂലമാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ തര്‍ക്കത്തിലുള്ള കക്ഷികളെ കൂടി പങ്കെടുപ്പിച്ചാകും ചര്‍ച്ചകള്‍. യുദ്ധം സമാധാനത്തിന് വഴിമാറുകയാണെങ്കില്‍ വിപണി അന്തരീക്ഷം മെച്ചപ്പെടും.
കഴിഞ്ഞ ഡിസംബര്‍ വരെ സ്വര്‍ണം വില കൂടാന്‍ പ്രധാനമായി പറഞ്ഞിരുന്ന ഒരു കാരണം റഷ്യ-യുക്രൈന്‍ യുദ്ധമാണ്. ഇവിടെ സമാധാനം പുലര്‍ന്നാല്‍ ലോഹങ്ങളുടെ വിലയില്‍ ഗണ്യമായ കുറവ് വരും. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയെല്ലാം വില കുറയുന്നതിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ പുതിയ ചര്‍ച്ചകള്‍ സ്വര്‍ണ പ്രേമികള്‍ക്കും പ്രതീക്ഷയാണ്. റഷ്യയുമായി സഹകരിച്ച് മുന്നോട്ട് പോകണം എന്ന അഭിപ്രായമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഉള്ളത്.












Click it and Unblock the Notifications