സ്വർണവിലയെ പേടിച്ചിരുന്നാൽ മണ്ടത്തരമായിപ്പോകും?; വമ്പൻ ഓഫറുകൾ,50 ശതമാനം വരെ..ഇപ്പോഴല്ലെങ്കിൽ എപ്പോൾ
സ്വർണ വിലയിൽ ഞെട്ടിക്കുന്ന വർധനവ് രേഖപ്പെടുത്താതെയാണ് മെയ് മാസം കടന്നുപോയത്. ജനവരി മാസത്തിലായിരുന്നു റെക്കോഡ് വില വർധനവ് സ്വർണ വിലയിൽ ഉണ്ടായത്. പിന്നീട് വിലയിലെ റെക്കോഡ് ഭേദിക്കപ്പെട്ടത് ഏപ്രിലിലായിരുന്നു. യുഎസ് പ്രസിന്റ് ഡൊണാൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്ക് മേൽ ഉയർന്ന നിരക്കിൽ പകരച്ചുങ്കം ചുമത്തിയ നടപടിയായിരുന്നു ഏപ്രിലിൽ റെക്കോഡ് വർധനവിന് കാരണമായത്. തീരുവ നയത്തിൽ യുഎസ് തങ്ങളുടെ നിലപാട് മയപ്പെടുത്തിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇത് ദുബായിലെ സ്വർണ വിപണിയിലും പ്രതിഫലിച്ചു.
ജൂൺ മാസം തുടങ്ങുമ്പോൾ സ്വർണ വിലയിൽ വലിയ വർധനവോ കുറവോ ദുബായിൽ രേഖപ്പെടുത്തിയിട്ടില്ല. ഇന്നത്തെ വില നിലവാരം പരിശോധിച്ചാൽ 22കാരറ്റ് 1 ഗ്രാം സ്വർണത്തിന് വില 367 ദിർഹമാണ്. 24 കാരറ്റിന് 396.25 ദിർഹവും 21 കാരറ്റിന് 352 ദിർഹവും 18 കാരറ്റിന് 301.75 ദിർഹവുമാണ് വില.

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സ്വർണ വില കുറയുമോ?
ബലി പെരുന്നാളിന് വിലക്കുറവിൽ സ്വർണം വാങ്ങണമെന്ന പ്രതീക്ഷിയിലാണ് പലരും. എന്നാൽ പെരുന്നാളിന് മുൻപ് വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന് പറയുകയാണ് വ്യപാരികൾ. 'ഇതുവരെ സ്വർണവിലയിൽ കുത്തനെയൊരു ഇടിവ് പ്രതീക്ഷിക്കപ്പെടുന്നില്ല. 360 ദിർഹത്തിന് താഴേക്ക് വില കുറയാനുള്ള സാധ്യതയും കുറവാണ്. അതിനാൽ 350 ദിർഹത്തിലേക്ക് വില കുറയുമെന്നൊക്കെ കാത്തിരിക്കുന്നവർ അത്തരം മോഹങ്ങൾ ഉപേക്ഷിക്കുന്നതാവും നല്ലത്', വ്യാപാരികളിൽ ഒരാൾ ചൂണ്ടിക്കാട്ടി.
നിലവിൽ ഗ്രാമിന് 367 ദിർഹമാണ് വില. സമീപകാലത്തെ വില നിലവാരം പരിശോധിച്ചാൽ ഈ തുക ഭേദപ്പെട്ട വിലയാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. മെയ് മാസം അവസാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞത് 2.75 ദിർഹത്തിന്റെ കിഴിവിലാണ് ഇന്നത്തെ വ്യാപാരമെന്നും വ്യാപാരികൾ പറയുന്നു.
എന്നാൽ മെയ് 18 ലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ഒരുപക്ഷെ കടുത്ത നിരാശയായി പോകും. കാരണം അന്നത്തെ വിലയെക്കാൾ 9.5 ദിർഹത്തിന്റെ വർധനവ് ഇന്നുണ്ട്. ഇത്രയും ഉയർന്ന വിലയിൽ സ്വർണം വാങ്ങുന്നത് ലാഭകരമാകുമോയെന്ന് ആളുകൾ ചിന്തിച്ചാൽ അതിൽ കുറ്റപ്പെടുത്താനാകില്ലെന്നും പെരുന്നാൾ വിപണിയെ ഈ ചിന്ത കാര്യമായി സ്വാധീനിക്കുമെന്നും വ്യാപാരികൾ വ്യക്തമാക്കി.
ഹാഫ് ബാക്ക് ഓഫർ
വമ്പൻ ഓഫറുകളിലൂടെ മാത്രമേ സ്വർണപ്രേമികളെ ഈ പെരുന്നാൾ കാലത്ത് ആകർഷിക്കാനാകൂയെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ. ഇക്കുറിയും ഹാഫ് ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളുമാണ് കൂടുതലായി അവതരിപ്പിച്ചിരിക്കുന്നത്. ഹാഫ് ബാക്ക് ഓഫർ എന്നാൽ നിങ്ങൾ വാങ്ങുന്ന സ്വർണത്തിന്റെ പണിക്കൂലിയുടെ 50 ശതമാനം കാഷ് വൗച്ചർ ആയോ അല്ലെങ്കിൽ ഡിസ്കൗണ്ട് ആയോ ലഭിക്കും.
ഇനി എക്സ്ചേഞ്ച് ഓഫർ ആണെങ്കിൽ പഴയ സ്വർണം കൊടുത്ത് ഇന്നത്തെ വിപണി വിലയിൽ പുതിയ സ്വർണം വാങ്ങാം. ഈ സമയത്ത് പണിക്കൂലി മാത്രമാകും കൂടുതലായി നൽകേണ്ടി വരിക. പണിക്കൂലി പൂർണമായും ഒഴിവാക്കിയുള്ള ഓഫറുകളും ചില ജ്വല്ലറികൾ നൽകുന്നുണ്ട്. ആളുകൾ ഓഫറുകൾ പ്രയോജനപ്പെടുത്തുമോ അതോ ഇനിയും വിലക്കുറവിനായി കാത്തിരിക്കുമോയെന്ന് കണ്ടറിയേണ്ടി വരും.
വീണ്ടും വില ഉയർന്നേക്കും?
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഔൺസിന് 3314 ഡോളറാണ് ഇന്നത്തെ വില. വ്യാപാരയുദ്ധം വീണ്ടും കടുക്കുന്നുവെന്ന പ്രതീതിയാണ് വിലവർധനവിലേക്ക് നയിച്ചത്. യുഎസിലേക്കുള്ള അലൂമിനിയം , സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് വെല്ലുവിളിയായത്. തീരുവ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകും.












Click it and Unblock the Notifications