സ്വർണം യുഎഇയില്‍ നിന്ന് വാങ്ങുന്ന ഈ രാജ്യക്കാർക്ക് പവന് 11862 രൂപയുടെ ലാഭം: നമുക്കും ഉണ്ട് 3000 രൂപ
സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിക്കുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ നിന്നും സ്വർണം വാങ്ങുന്നതിന് വലിയ പ്രധാന്യമാണ് ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികള്‍ നല്‍കുന്നത്. തങ്ങളുടെ രാജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലുണ്ടുന്ന വ്യത്യാസം പരമ്പരാഗതമായി തന്നെ പ്രവാസികള്‍ക്കിടയില്‍ യു എ ഇയെ ഇഷ്ടപ്പെട്ട സ്വർണ ഇടപാട് കേന്ദ്രമായി മാറ്റിയിട്ടുണ്ട്.
വാങ്ങാന്‍ കയ്യില്‍ പണം ഉണ്ടെങ്കില്‍ യു എ ഇയില്‍ നിന്നും സ്വർണം സ്വന്തമാക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് പ്രധാനമായും യു എ ഇയില്‍ നിന്നും സ്വർണം വാങ്ങുന്നത്. ഇതില്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിലയെ യു എ ഇയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുള്ളതായി നമുക്ക് കാണാന്‍ സാധിക്കും.

ഇന്നത്തെ വിലനിലവാരം പ്രാകരം യു എ ഇയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാന്‍ നല്‍കേണ്ടത് 371.25 ദിർഹമാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 8,633.36 രൂപ. ഈ നിരക്കില്‍ ഒരു പവന്‍ സ്വർണം യു എ ഇയില്‍ നിന്നും വാങ്ങുമ്പോള്‍ പണിക്കൂലിയും മറ്റ് ചാർജ്ജുകളൊന്നും ഇല്ലാതെ 69066 രൂപയാണ് നല്‍കേണ്ടത്.
കേരളത്തിലെ ഇന്നത്തെ സ്വർണ വിലയിലേക്ക് വരുമ്പോള്‍ ഒരു പവന്‍ സ്വർണം വാങ്ങിക്കാന്‍ നല്‍കേണ്ടത് 72120 രൂപയാണ്. 560 രൂപയുടെ ഒറ്റയടിക്കുള്ള വർധനാണ് ഒരു പവന്റെ വില സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 72000 ത്തിന് മുകളിലേക്ക് ഉയർത്തിയത്. ഗ്രാമിന് 70 രൂപ കൂടി 9015 എന്ന നിരക്കിലേക്കുമെത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി വില നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും റെക്കോർഡിലേക്ക് കുതിക്കുകയായിരുന്നു. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. വ്യാഴാഴ്ച 71000 എന്ന റെക്കോർഡും ഭേദിച്ചു.
കേരളത്തിലേയും യു എ ഇയിയേലും സ്വർണ വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ഗ്രാമിന് 382 രൂപയുടെ വ്യത്യാസമാണുള്ളത്. കേരളത്തില്‍ നിന്നും ഒരു പവന്‍ സ്വർണം വാങ്ങുമ്പോള്‍ 72120 കൊടുക്കേണ്ടി വരുമ്പോള്‍ യു എ ഇയില്‍ അത് 69066 രൂപ മാത്രമാണ്. അതായത് യു എ ഇയില്‍ നിന്നും ഒരു പവന്‍ സ്വർണ്ണം വാങ്ങിയെത്തുന്ന വ്യക്തിക്ക് ഇന്നത്തെ നിരക്കില്‍ 3056 രൂപയുടെ ആനുകൂല്യം ഉണ്ടാകും.
ഇനി ബംഗ്ലാദേശിലെ നിരക്കിലേക്ക് വരികയാണെങ്കില്‍ വിവിധ റിപ്പോർട്ടുകള്‍ പ്രകാരം ഇന്ന് ബംഗ്ലാദേശില്‍ നിന്നും ഒരു ഗ്രാം സ്വർണം വാങ്ങുകയാണെങ്കില്‍ നല്‍കേണ്ടത് 14388 ബംഗ്ലാദേശ് ടാക്കയാണ്. ഇത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ ഇന്നത്തെ വിനിമയ നിരക്കില്‍ 10116 രൂപയോളം വരും ഇത്. കേരളത്തിലെ സ്വർണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 1101 രൂപയുടെ വ്യത്യാസം. പവന്‍ നിരക്കിലേക്ക് വരികയാണെങ്കില്‍ 8808 രൂപ അധികമാണ് ബംഗ്ലാദേശില്‍ ഏകദേശം ഒരു ഗ്രാം സ്വർണത്തിന്റെ വില.
യു എ ഇയിലേയും ബംഗ്ലാദേശിലേയും വില താരതമ്യം ചെയ്യുമ്പോള്‍ ഈ അന്തരം വീണ്ടും വർധിച്ച് വരും. നേരത്തെ പറഞ്ഞത് പോലെ യു എ ഇയില്‍ നിന്നും ഒരു പവന്‍ സ്വർണം വാങ്ങാന്‍ 69066 രൂപയാണ് നല്‍കേണ്ടതെങ്കില്‍ ബംഗ്ലാദേശ് വിപണിയില്‍ നിന്നും ഒരു പവന്‍ സ്വർണം വാങ്ങാന്‍ 80928 രൂപ നല്‍കേണ്ടി വരും. അതായത് യു എ ഇയിലേയും ബംഗ്ലാദേശിലേയും വിലയിലെ വ്യത്യാസം 11862 രൂപയുടേതാണ്.












Click it and Unblock the Notifications