സ്വർണ വില വീണു; അത് സംഭവിച്ചാൽ വില ഇനിയും കുത്തനെ കുറയും?..കാത്തിരിക്കുന്നത്
ബലിപെരുന്നാളിനോട് അനുബന്ധിച്ച് സ്വർണ വില ഉയരുന്നതിന്റെ ആശങ്കയിലായിരുന്നു ദുബായിലെ സ്വർണപ്രേമികൾ. പെരുന്നാളിന് തലേന്നാൾ ആയ വെള്ളിയാഴ്ച വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. ഇന്നിപ്പോൾ ഇതാ രാജ്യത്ത് സ്വർണ വില വീണ്ടും കുറഞ്ഞിരിക്കുകയാണ്.
വെള്ളിയാഴ്ച ദുബായിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 373.75 ദിർഹമായിരുന്നു. 378 ദിർഹം വരെ തൊട്ട വിലയാണ് കഴിഞ്ഞ ദിവസത്തോടെ കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് 406.50 ദിർഹവും 21 കാരറ്റിന് 361 ദിർഹവും 18 കാരറ്റിന് 309.50 ദിർഹവുമായിരുന്നു വില. എന്നാൽ ഇന്ന് 22 കാരറ്റിന് 369.75 ദിർഹത്തിലേക്ക് വില വീണു.

24 കാരറ്റിന് 399.25 ദിർഹവും 21 കാരറ്റിന് 354.50 ദിർഹവും 18 കാരറ്റിന് 303.75 ദിർഹവുമാണ് വില. ഇന്നലെ വൈകീട്ടോടെ തന്നെ സ്വർണ വില ഇനിയും കുറഞ്ഞേക്കുമെന്ന സൂചനകൾ നിലനിന്നിരുന്നു. എന്നാൽ വില 368 ദിർഹത്തിന് താഴേക്ക് പോകുമോയെന്നാണ് ഉറ്റുനോക്കപ്പെട്ടത്', ചെറുകിട വ്യാപാരികളിൽ ഒരാൾ പറഞ്ഞു. വില ആ നിലയിലേക്ക് കുറഞ്ഞില്ലെങ്കിലും ഇപ്പോഴത്തെ കുറവ് പല ഉപഭോക്താക്കൾക്കും ആശ്വാസമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ ദിവസം ഗോൾഡ് സൂക്കിലേത് അടക്കമുള്ള ദുബായിലെ സ്വർണ കടകളിൽ മികച്ച കച്ചവടം പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച സ്വർണ വില 378 ദിർഹത്തിന് മുകളിലായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾ സ്വർണം വാങ്ങാൻ മടിച്ചിരുന്നു. ഇതോടെ പെരുന്നാൾ ദിനത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വമ്പൻ ഓഫറുകൾ കച്ചവടക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ വിലക്കുറവും ഓഫറുകളും ചേരുമ്പോൾ കച്ചവടം പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
എന്തുകൊണ്ട് വിലയിടിഞ്ഞു? ഇനിയും വില കുറയുമോ?
യുഎസിലെ തൊഴിൽ കണക്കുകളാണ് ഇപ്പോൾ സ്വർണത്തിന്റെ പെരുമ കെടുത്തിയത്. ഏകദേശം 1.24 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്ന തരത്തിലുള്ള കണക്കുകളാണ് നിരീക്ഷകർ പ്രവചിച്ചിരുന്നത്. എന്നാൽ കഴിഞ്ഞമാസം പുതുതായി 1.39 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്നാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ തിരിച്ചുകയറുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്. അനുകൂല കണക്കുകൾ വന്നതോടെ യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും മങ്ങി. ഇത് വിപണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. അനുകൂല സ യുഎസ് ഡോളർ മൂല്യം ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി.
വരും ദിവസങ്ങളിലും സ്വർണ വില ഇടിയുമോയെന്നാണ് ഉപഭോക്താക്കൾക്ക് അറിയേണ്ടത്. ആഗോള വിപണിയിൽ 3350 ഡോളർ എന്ന നിലയിലേക്ക് ഔൺസ് വില ഉയർന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയാനുള്ള സാധ്യതയാണ് ചില നിരീക്ഷകർ പ്രവചിക്കുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാൽ സ്വാഭാവികമായും ദുബായിലും സ്വർണ വില കുറഞ്ഞേക്കും. എന്നിരുന്നാലും 22 കാരറ്റ് സ്വർണത്തിന് കുറഞ്ഞത് 350 ദിർഹമെങ്കിലും എത്താതെ ദുബായിൽ സ്വർണ വിപണിയിൽ വലിയ കച്ചവടം പ്രതീക്ഷിക്കേണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം സമ്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടാൻ യുഎസിന് മേൽ പലിശ നിരക്ക് കുറക്കാനുള്ള സമ്മർദ്ദം ട്രംപ് ഭരണകുടം ശക്തമാക്കുന്നുണ്ട്. പലിശ നിരക്ക് കുറക്കുന്നത് സ്വർണത്തിന് നേട്ടമാണ്.
കേരളത്തിലും ഇന്ന് വില കുത്തനെ ഇടിഞ്ഞു
ആഗോള വിപണിയിലെ വിലയിടിവിന്റെ ചുവട് പിടിച്ച് ഇന്ന് കേരളത്തിലെ സ്വർണ വിലയും കുറഞ്ഞു. ഗ്രാമിന് 150 രൂപയുടെ കുറവാണ് രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാമിന് വില 8,980 രൂപയായി. 1,200 രൂപയുടെ കുറവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. 71,840 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications