സ്വർണ വില ദുബായിലും കുത്തനെ താഴേക്ക്; കേരളത്തിനേക്കാൾ ലാഭം തന്നെ..ഇന്നത്തെ നിരക്ക് അറിയാം
ദുബായ്: യുഎഇയിലും സ്വർണ വിലയിൽ വൻ ഇടിവ്. ആഗോള വിപണിയിലെ വില ഇടിവാണ് ദുബായിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്. ഗോൾഡ് ഇടിഫിൽ നിന്നുള്ള അമിതമായ ലാഭമെടുപ്പും യുക്രൈൻ-റഷ്യ പ്രതിസന്ധി അയയുന്നുവെന്ന സൂചനയുമെല്ലാമാണ് വില കുറയാൻ കാരണമായത്.
ഡിസംബറിൽ സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ ഉണ്ടായത്. ഡിസംബർ ഒന്നിന് 24 കാരറ്റ് സ്വർണത്തിന് 511.75 ദിർഹം ആയിരുന്നു വില. ആഗോള വിലയിൽ കയറ്റിറക്കിങ്ങൾ പ്രകടമായതോടെ ആദ്യ ആഴ്ച വില 503-507 ദിർഹം നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. എന്നാൽ മാസത്തിന്റെ മധ്യത്തോടെ വിലകൾ വീണ്ടും ഉയരാൻ തുടങ്ങി. ഡിസംബർ 18ഓടെ വില 522 ദിർഹം കടന്നും മുന്നേറി. അവസാന ആഴ്ചയിലേക്ക് കടന്നതോടെ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. .ഡിസംബർ 23 -539.75 ദിർഹം, ഡിസംബർ 26-545 ദിർഹം, ഡിസംബർ 28- 546.25 ദിർഹം എന്നിങ്ങനെയായിരുന്നു വില .

എന്നാൽ ഇന്ന് വില കുത്തനെ ഇടിഞ്ഞു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 525 ദിർഹാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡിസംബർ 27-ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കായ 546.25 ദിർഹമിൽ നിന്ന് 21.25 ദിർഹമിന്റെ കുറവാണ് ഇത്. 22 കാരറ്റിന് 486.75 ദിർഹമാണ് ഇന്നത്തെ വില, 21 കാരറ്റിന് 466.75 ഉം, 18 കാരറ്റിന് 400 ഉം, 14 കാരറ്റിന് 312 ഉം വില രേഖപ്പെടുത്തി.
കേരളത്തിൽ നിന്നാണോ ലാഭം അതോ ദുബായിൽ നിന്ന് വാങ്ങുന്നതോ?
കേരളത്തിലും ഇന്ന് സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാം വില 12,485 രൂപയായി, പവന് 2,240 രൂപ കൂപ്പുകുത്തി 99,880 രൂപയുമായി. ഇതോടെ 2 ദിവസത്തിനിടെ 4,560 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 230 രൂപ ഇടിഞ്ഞ് 10,365 രൂപയാണ്.
ദുബായിൽ 22 കാരറ്റിന് ഇന്ന് 486.75 ദിർഹമാണ് വില. അതായത് 11,919.67 (ഇന്നത്തെ വിനിമയ നിരക്ക്) രൂപ. ഒരു പവൻ സ്വർണത്തിന് അപ്പോൾ 95,357.36 വില വരും. ഇവിടെ ഇന്ന് വാങ്ങുമ്പോൾ ഒരു പവന് 99,880 രൂപയാണെങ്കിലും 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും നൽകേണ്ടതുണ്ട്. ഏകദേശം 1,07,870.40 രൂപ വരുമിത്. ദുബായിൽ പണിക്കൂലി ഉണ്ടാകുമെങ്കിലും 3% ജി എസ് ടി ഇല്ല. ഇനി നിങ്ങൾ സന്ദർശക വിസയിൽ എത്തുന്നവരാണെങ്കിൽ അവർ വാങ്ങുന്ന സ്വണത്തിന് നൽകിയ 5% വാറ്റ് തുക എയർപോർട്ടിൽ നിന്ന് തിരികെ ലഭിക്കുകയും ചെയ്യും . എന്നാൽ റെസിഡന്റ് വിസക്കാർക്ക് ഈ ആനുകൂല്യം ഒരിക്കലും ലഭിക്കില്ല കേട്ടോ.












Click it and Unblock the Notifications