യുഎഇയിലും പൊന്നിന് രക്ഷയില്ല... ഇന്ന് വില കൂടി; ഒരു ഗ്രാം വാങ്ങാന്‍ ചെലവ് ഇത്ര!
ദുബായ്: യുഎഇയില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളിലും യുഎസിലെ പണപ്പെരുപ്പ വിവരങ്ങളിലും നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.28 ശതമാനം ഉയര്‍ന്ന് 2760.97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം തന്നെയാണ് മിഡില്‍ ഈസ്റ്റിലും പ്രതിഫലിക്കുന്നത്.
ഇന്ന് ഗ്രാമിന് 0.25 ദിര്‍ഹം വര്‍ധിച്ച് 334.25 ദിര്‍ഹം എന്ന നിരക്കിലാണ് യുഎഇ സ്വര്‍ണ വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 309.5 ദിര്‍ഹമാണ് ഇന്നത്തെ വില. 21 കാരറ്റ് സ്വര്‍ണത്തിന് 299.5 ദിര്‍ഹം, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 256.75 ദിര്‍ഹം എന്നീ വിലകളോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഡിസംബര്‍ മാസത്തെ യുഎസ് വ്യക്തിഗത ഉപഭോഗ ചെലവ് ഡാറ്റ നാളെ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.

പണപ്പെരുത്തിന്റെ ദിശ എങ്ങനെയാണ് എന്ന് ഇതുവഴി അറിയാന്‍ സാധിക്കും. ഇതും അന്താരാഷ്ട്ര വിപണിയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വും യുഎഇ സെന്‍ട്രല്‍ ബാങ്കും ബുധനാഴ്ച പലിശ നിരക്ക് കുറച്ചിരുന്നു. ഫെഡറല്‍ അതിന്റെ ലക്ഷ്യ പരിധി 4.25 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടിയിരിക്കുകയാണ്.
120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ 60880 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിലും യുഎഇയിലും സ്വര്‍ണവിലയില്‍ വ്യത്യാസമുണ്ട്. യു എ ഇയില്‍ ഇന്നത്തെ വില പ്രകാരം കേരളത്തിലേതിനേക്കാള്‍ ഏകദേശം 2000 രൂപയോളം കുറച്ച് കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കാം. രണ്ട് രാജ്യങ്ങളിലേയും നികുതി ഘടനയാണ് ഈ വില വ്യത്യാസത്തിന്റെ കാരണം.
ആഗോള സ്വര്‍ണ വ്യാപാര കേന്ദ്രമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് പലതരത്തിലുള്ള ഇളവുകള്‍ യു എ ഇയില്‍ ലഭിക്കും. യു എ ഇയില്‍ സ്വര്‍ണത്തിന് 5% മൂല്യവര്‍ധിത നികുതി ഉണ്ടെങ്കിലും വിനോദസഞ്ചാരികള്‍ക്ക് റീഫണ്ടബിള്‍ ആണ്. ഇതിലൂടെ അന്താരാഷ്ട്ര കസ്റ്റമേഴ്‌സിന് സ്വര്‍ണ്ണം നികുതി ഇല്ലാതെ വാങ്ങാം. എന്നാല്‍ ഇന്ത്യയില്‍ ഇറക്കുമതി തീരുവയ്ക്ക് പുറമേ സ്വര്‍ണ്ണം വാങ്ങുന്നതിന് 3% ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് നിരക്കുകളും ഈടാക്കും.
ആഭരണമായി സ്വര്‍ണം വാങ്ങുകയാണെങ്കില്‍ വ്യത്യസ്ത പണിക്കൂലികളും ആവശ്യമായി വരും. ഇത് കണക്കിലെടുക്കുമ്പോള്‍ പവന്‍വിലയേക്കാള്‍ 3000- 5000 രൂപ വരെ അധികം കൊടുക്കേണ്ടി വരും.












Click it and Unblock the Notifications