സ്വർണ വില കുത്തനെ ഇടിയും? പെരുന്നാളിന് മുൻപ് അത് നടന്നാൽ കച്ചവടം പൊടിക്കും
പെരുന്നാളിന് സ്വർണം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പലരും. എന്നാൽ സ്വർണത്തിന്റെ അടിക്കടിയുള്ള ചാഞ്ചാട്ടത്തിൽ എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. ഇപ്പോൾ സ്വർണം വാങ്ങണോ അതോ ഇനിയും വില കുറയാനായി കാത്തിരിക്കണോയെന്നാണ് ചോദ്യം.
നിലവിൽ ദുബായിൽ 22 കാരറ്റ് സ്വർണത്തിന് വില 365.25 ദിർഹമാണ്. ഇന്നലെ വില 368.5 ദിർഹമായിരുന്നു. ഈ വിലക്കിഴിവ് ചിലർക്കെങ്കിലും പ്രതീക്ഷ നൽകുന്നുണ്ട്. ഈദിനോട് അടുത്ത ദിവസങ്ങളിൽ ഇനിയും വില കുറയാനുള്ള സാധ്യതയുണ്ടെന്നാണ് ഇവർ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ സ്വർണ വിലയിൽ എന്ത് സംഭവിക്കുമെന്നാണ് സ്വർണപ്രേമികൾ ഉറ്റുനോക്കുന്നത്. പകരച്ചുങ്കം ചുമത്തിയ ഡൊണാൾഡ് ട്രംപ് നടപടിക്ക് കോടതിയിൽ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. മറ്റ് രാജ്യങ്ങൾക്ക് ഇത്തരത്തിൽ ഏകപക്ഷീയമായി ചുങ്കം ചുമത്താൻ സാധിക്കില്ലെന്നായിരുന്നു യുഎസ് കോർട്ട് ഓഫ് ഇന്റർനാഷ്ണൽ ട്രേഡ് ഉത്തരവിട്ടത്.അതേസമയം ഈ നടപടി വിപണിയിൽ വലിയ ഉണർവിനാണ് കാരണമായത്. ഇതോടെ കുത്തനെ ഉയർന്ന സ്വർണ വില വീണു.
ട്രംപിന്റെ പകരച്ചുങ്ക നടപടിക്ക് പിന്നാലെയാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില ആദ്യമായി ഔൺസിന് 3500 ഡോളർ എന്ന റെക്കോഡ് തൊട്ടത്. കാനഡ,മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ 25 ശതമാനം നികുതി ഈടാക്കിയായിരുന്നു ട്രംപ് പ്രതികാര നടപടികൾ തുടങ്ങിയത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങൾക്ക് മേലും കനത്ത നികുതി ചുമത്തി. ഇതിനിടയിൽ ചൈനയുമായി ട്രംപ് കൊമ്പ് കോർത്തത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതമാണ് വരുത്തിയത്. മറ്റ് രാജ്യങ്ങൾക്ക് മേലുള്ള നികുതി 90 ദിവസത്തോളം മരവിപ്പിച്ച് ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ നികുതി ദിനം പ്രതി വർധിപ്പിച്ചു. ചൈനയ്ക്കെതിരെ 140 ശതമാനത്തോളം ചുങ്കം വരെ ട്രംപ് ഏർപ്പെടുത്തിയിരുന്നു. ചൈനയും ട്രംപിന്റെ നടപടിയിൽ വെറുതെ ഇരുന്നില്ല. അതേനാണയത്തിൽ അവർ തിരിച്ചടിച്ചതോടെ വിപണിയിൽ വലിയ തിരിച്ചടി നേരിട്ടു.
എന്തായാലും പുതിയ കോടതി ഉത്തരവിനെതിരെ ട്രംപ് ഭരണകുടം യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ് ഫെഡറൽ സർക്യൂട്ടിനെ സമീപിച്ചിട്ടുണ്ട്. അപ്പീലിൽ വീണ്ടും തിരിച്ചടി നേരിട്ടാൽ സ്വർണ വില അത് വിപണിയിൽ വലിയ ആഹ്ലാദത്തിന് വഴിവെക്കും. സ്വാഭാവികമായും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ സ്വീകാര്യത ഇടിയും, വില കുറയുകയും ചെയ്യും.
സ്വർണ വില ഔൺസിന് 3000ത്തിലും താഴുമോ?
ഏപ്രിൽ മാസത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2967 ഡോളറായിരുന്നു. അതായത് ദുബായിൽ ഒരു ഗ്രാം സ്വർണത്തിന് വില 350 ദിർഹം. സ്വർണ വിലയിൽ എത്രയൊക്കെ നേരിയ ഇടിവ് രേഖപ്പെടുത്തിയാലും 350 ദിർഹം എന്ന തോതിലെത്താതെ സ്വർണം വാങ്ങുന്നത് ക്ഷീണമാണെന്ന് കരുതുന്നവരാണ് സ്വർണപ്രേമികളിൽ പലരും. എന്തായാലും വിലക്കുറവും പെരുന്നാൾ ഓഫറുകളും വന്നാൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രേതീക്ഷയിലാണ് ദുബായിലെ സ്വർണ വ്യാപാരികൾ.
കേരളത്തിൽ എന്താണ് അവസ്ഥ?
ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 8895 രൂപയായി. പവന് 320 രൂപ കുറഞ്ഞ് വില 71,160 രൂപയിലെത്തി. അതേസമയം വരും ദിവസം വില കുറഞ്ഞാൽ പെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിലും സ്വർണ വില കുറഞ്ഞേക്കും. സ്വർണപ്രേമികൾക്ക് ആശ്വാസം നൽകുന്ന ദിവസമായിരിക്കുമോ വരാനിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications