കേരളത്തില്‍ റെക്കോർഡ്, പക്ഷെ യുഎഇയില്‍ സ്വർണ വില 3 മാസത്തെ ഉയർന്ന നിരക്കില്‍ നിന്നും വീണു: 2136 രൂപയുടെ ലാഭം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ വില്‍പ്പന പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വർണത്തിന്റെ വില 60200 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയർന്നിരുന്നു. ഈ നിരക്കിലാണ് വ്യാഴാഴ്ചയും കേരള വിപണിയിലെ വില്‍പ്പന. 2024 ഒക്ടോബർ 31 രേഖപ്പെടുത്തിയ 59640 എന്നതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും ബാധിച്ചുകൊണ്ടിരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വർണ്ണം വാങ്ങുന്നുവെന്ന് കരുതപ്പെടുന്ന യു എ ഇയിലും ഇക്കാലയളവില്‍ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായി ആശ്വാസകരമെന്നോണം യു എ ഇയിലെ സ്വർണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ന്.

മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നാണ് യു എ ഇയിലെ സ്വർണ വില വ്യാഴാഴ്ച താഴേക്ക് വന്നിരിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1.25 ദിർഹം കുറഞ്ഞ് 333.25 ദിർഹത്തിലേക്കും 22 കാരറ്റ് സ്വർണത്തിന് 1 ദിർഹം കുറഞ്ഞ് 308.5 ദിർഹത്തിലേക്കുമാണ് എത്തിയിരിക്കുന്നത്. 21 കാരറ്റിനും 18 കാരറ്റിനും 1 ദിർഹം വീതം കുറഞ്ഞ് വില യഥാക്രമം 298.75, 256 ദിർഹത്തിലേക്കുമെത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് മാർക്കറ്റിലെ വില 0.21 ശതമാനം ഇടിഞ്ഞ് ഔൺസിന് 2752.98 ഡോളറിലെത്തി. കഴിഞ്ഞ ദിവസം വില 2763.43 ഡോളർ വരെയായി ഉയർന്നിരുന്നു. ഒക്ടോബർ 31 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡോളർ ശക്തിപ്രാപിച്ചതാണ് സ്വർണവിലയിലെ നേരിയ ഇടിവിന് കാരണമായിരിക്കുന്നത്. ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞെങ്കിലും ട്രംപിന്റെ നയങ്ങള്‍ സ്വർണ്ണത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തന്നെ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.
കേരളത്തിലേയും യു എ ഇയിലേയും വിലകള്‍ താരതമ്യപ്പെടുത്തുകയാണെങ്കില്‍ കാര്യമായ വ്യത്യാസം തന്നെ കാണാന്‍ സാധിക്കും. 22 കാരറ്റ് സ്വർണത്തിന്റെ വില പരിഗണിക്കുകയാണെങ്കില്‍ യു എ ഇയില്‍ ഇന്ന് ഒരു ഗ്രാമിന്റെ വില 308.5 ദിർഹമാണ്. പവന്‍ അടിസ്ഥാനത്തില്‍ കണക്കാകുകയാണെങ്കില്‍ 2468 ദിർഹവും. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ യു എ ഇയിലെ ഇന്നത്തെ വിപണി നിരക്ക് ഗ്രാമിന് 7258 രൂപയും പവന് 58064 രൂപയും.
കേരളത്തില്‍ ഇന്നത്തെ ഗ്രാം വില യഥാക്രമം 7525 ഉം 60200 ഉം രൂപയാണ്. യു എ ഇയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഗ്രാമിന് 267 രൂപയും പവന് 2136 രൂപയും കൂടതലാണ്. പണിക്കൂലി ഉള്‍പ്പെടേയുള്ള മറ്റ് ചാർച്ചുകളിലും കേരളത്തേക്കാള്‍ കുറഞ്ഞ നിരക്കാണ് പല പ്രമുഖ യു എ ഇ ജ്വല്ലറി ബ്രാന്‍ഡുകളും ഈടാക്കാറുള്ളത്.












Click it and Unblock the Notifications