സ്വർണ വില ചതിക്കുമോ? അടുത്ത 6 മാസത്തിനുള്ളിൽ എന്ത് സംഭവിക്കും? ദുബായിലെ സ്വർണപ്രേമികൾ അറിയേണ്ടത്
2025 ൽ സ്വർണ വില കുതിക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രത്തോളമൊരു വില വർധനവ് ദുബായിലെ സ്വർണപ്രേമികളും നിക്ഷേപകരുമൊന്നും പ്രതീക്ഷിച്ച് കാണുകയേ ഇല്ല. വർധനവ് എന്ന് പറഞ്ഞാൽ കഴിഞ്ഞ ആറ് മാസം കൊണ്ട് സ്വർണ വിലയിൽ 26 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 26 തവണയാണ് വില പുതിയ റെക്കോഡുകൾ തൊട്ടത്. ഇനി എല്ലാവർക്കും അറിയേണ്ടത് അടുത്ത ആറ് മാസത്തിനുള്ളിൽ വില കുതിക്കുമോ അതോ കുറയുമോ എന്നതാണ്.
നിലവിൽ ദുബായിലെ സ്വർണ വില 22 കാരറ്റ് ഒരു ഗ്രാമിന് 374 ദിർഹമാണ്. 21 കാരറ്റിന് 358 ദിർഹവും 24 കാരറ്റ് ഒരു ഗ്രാമിന് 403. 50 ദിർഹവും 18 കാരറ്റിന് 307 ദിർഹവുമാണ് വില.

ഇനി വില കുറയുമോ?
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. യുക്രൈൻ-റഷ്യ യുദ്ധം, ഇറാൻ-ഇറാഖ് സംഘർഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്നുവിട്ട വ്യാപാരയുദ്ധം, പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് എന്നിവയെല്ലാം ലോകത്ത് സ്വർണ വിലയിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെ സമീപിക്കുന്നതാണ് ഡിമാന്റ് ഉയർത്തുന്നതും വിലക്കയറ്റത്തിന് വഴിവെക്കുന്നത്.
ഇനിയുള്ള ആറ് മാസത്തിൽ സ്വർണത്തിന് വില കുറയുമോയെന്നതാണ് പ്രധാന ചോദ്യം. വേൾഡ് ഗോൾഡ് കൗൺസിൽ മൂന്ന് സാധ്യതകളാണ് മുന്നോട്ട് വെയ്ക്കുന്നത്. സ്വർണ വില സമീപ ഭാവിയിൽ 5 ശതമാനം വരെ ഉയരാൻ സാധ്യത ഉണ്ടെന്നതാണ് ഒന്ന്. അതായത് വലിയ വിലവർധനവ് അല്ല മറിച്ച് സ്വർണം വാങ്ങുന്നവർക്കും നിക്ഷേപകർക്കും ഒരുപോലെ ആശ്വാസം നൽകുന്ന രീതിയിലുള്ള വർധനവ് മാത്രമായിരിക്കും ഇതെന്നാണ് പ്രവചനം.
അതേസമയം പണപ്പെരുപ്പം ഉയരുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും അല്ലെങ്കിൽ ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾ വർധിക്കുകയും ചെയ്താൽ സ്വർണവില വീണ്ടും 10 മുതൽ 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് കൗൺസിൽ പറയുന്നത്.
നേരെ മറിച്ച് ആഗോള സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ മെച്ചപ്പെടുകയും വ്യാപാര ബന്ധങ്ങളിലെ തർക്കങ്ങൾ ഇല്ലാതാവുകയും സ്വർണവില താരതമ്യേന കുറയും. അങ്ങനെയെങ്കിൽ വില 12 ശതമാനം മുതൽ 17 ശതമാനം വരെ താഴ്ന്നേക്കും
ചുരുക്കത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം, രാഷ്ട്രീയപരമായ സംഘർഷങ്ങൾ എന്നിവയെ ആശ്രയിച്ച് സ്വർണ വില ഉയരാനോ അല്ലെങ്കിൽ കുറയാനോ സാധ്യതയുണ്ടെന്ന് സാരം.
യുഎഇയിലെ സ്വൿണപ്രേമികൾ ഇപ്പോൾ സ്വർണം വാങ്ങണോ?
ജൂണിന് ശേഷം സ്വർണ വില കുത്തനെ കുതിച്ചിട്ടില്ലെങ്കിലും രാജ്യത്ത് സ്വർണ വില ഇപ്പോഴും ഉയർന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ വിവാഹം പോലുള്ള അത്യാവശ്യ സാഹചര്യങ്ങൾ ഇല്ലെങ്കിൽ ഇപ്പോൾ വലിയ വാങ്ങൽ നടത്താതിരിക്കുന്നതാകും ഉത്തമം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കുന്നതിൽ തെറ്റില്ലെന്ന് പറയുമ്പോഴും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കടുത്താൽ സ്വർണ വില കൂടുമെന്ന കാര്യം വിദഗ്ധരും ഓർമ്മിപ്പിക്കുന്നു. എന്തായാലും 22 കാരറ്റ് ഒരു ഗ്രാമിന് 365 ദിർഹത്തിലേക്ക് വില കുറഞ്ഞാൽ അതാകും വാങ്ങാനുള്ള മികച്ച സമയമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യുഎഇയിലെ സ്വർണ നിക്ഷേപകരോട്
ഫിസിക്കൽ ഗോൾഡിലായാലും ഇടിഎഫുകളിലോ സ്വർണവുമായി ബന്ധപ്പെട്ട ഫണ്ടുകളിലോ നിങ്ങൾ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. ഒന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് ഈ വർഷം അവസാനത്തോടെ ബേസിസ് പോയിന്റ് 50 വരെ കുറച്ചേക്കാൻ സാധ്യതയുണ്ട്. അതായാത് പലിശ നിരക്ക് 0.50 ശതമാനം വരെ കുറച്ചേക്കാം. ഇത് സ്വർണവില കൂട്ടിയേക്കും.
ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ സ്വർണത്തിന്റെ പെരുമ ഉയർന്ന് നിൽക്കുകയാണ്. നിക്ഷേപകർ കൂടുതലായി സ്വർണത്തെ ആശ്രയിക്കും. സെൻട്രൽ ബാങ്കുകൾ ഇപ്പോളും സ്വർണം വാങ്ങുന്നുണ്ട്, സ്വാഭാവികമായും സ്വർണ വില കുട്ടും. അതേസമയം സ്വർണവില ഉയരുന്നത് ഒരുപരിധി വരെ ഡിമാന്റ് കുറയ്ക്കും കൂടുതൽ സ്വർണം പുനരുപയോഗിക്കാനും കാരണമായേക്കാം. ഇത് സ്വർണത്തിന്റെ വില കുറച്ചേക്കാം
നിക്ഷേപകർ ശ്രദ്ധിക്കേണ്ടത് സ്വർണം എപ്പോഴും സുരക്ഷിത നിക്ഷേപമാണ്. എന്നിരുന്നാലം പണപ്പെരുപ്പവും ആഗോള രാഷ്ട്രീയവും ശ്രദ്ധിക്കുക. സ്വർണനിക്ഷേപത്തിന് മികച്ച സമയമാണെങ്കിലും ശ്രദ്ധയോടും കരുതലോടും നിക്ഷേപം നടത്താം.












Click it and Unblock the Notifications