കേരളത്തില്‍ മാത്രമല്ല; യുഎഇയിലും സ്വര്‍ണവില കൂടി... പ്രവാസികള്‍ക്കും കൈപൊള്ളും, പുതിയ നിരക്ക്
ദുബായ്: വിവാഹ ആവശ്യങ്ങള്‍ക്കും അലങ്കാരത്തിനുമായി യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന പ്രവാസികള്‍ ഏറെയാണ്. നാട്ടിലേക്ക് വരുമ്പോള്‍ ആഭരണമായോ കോയിനായോ സ്വര്‍ണം വാങ്ങുന്ന പ്രവാസികളുണ്ട്. നാട്ടിലേക്കാള്‍ വില കുറവാണ് എന്നതാണ് യുഎഇയിലെ സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നത്. മാത്രമല്ല, സ്വര്‍ണത്തിന്റ മേന്മയും കൂടും.
കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയരുകയാണ്. മറിച്ചല്ല യുഎഇയിലെയും കാര്യം. തിങ്കളാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം യുഎഇയിലും സ്വര്‍ണവില വര്‍ധിച്ചു. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് യുഎഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 235.5 ദിര്‍ഹമാണ് തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വില.

കഴിഞ്ഞാഴ്ച വിപണി ക്ലോസ് ചെയ്യുന്ന വേളയില്‍ 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 235 ദിര്‍ഹമായിരുന്നു വില. സമാനമായ രീതിയില്‍ 22, 21, 18 ക്യാരറ്റ് സ്വര്‍ണത്തിലും വില മാറിയിട്ടുണ്ട്. അര ദിര്‍ഹമാണ് ഉയര്‍ന്നിരിക്കുന്നത്. 22 ക്യാരറ്റ് ഗ്രാമിന് 218.25, 21 ക്യാരറ്റിന് 211.25 ദിര്‍ഹം, 18 ക്യാരറ്റ് ഗ്രാമിന് 181 ദിര്‍ഹം എന്നിങ്ങനെയാണ് ഏറ്റവും പുതിയ വില.
കേരളത്തില്‍ വില കൂടുമ്പോള്‍ യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികള്‍ സ്വര്‍ണം വാങ്ങാറുണ്ട്. ചിലര്‍ നാട്ടിലെത്തിയ ശേഷം ജ്വല്ലറികളില്‍ വില്‍ക്കും. ഒരു പവന്‍മേല്‍ 4000 രൂപയോളം ലാഭം കിട്ടുമെന്നതാണ് ഇതിന്റെ നേട്ടം. മാത്രമല്ല, വ്യത്യസ്തമായ ഡിസൈനില്‍ യുഎഇയില്‍ ആഭരണം ലഭിക്കുമെന്നതും എടുത്തു പറയണം.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ വന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്ഥിര നിക്ഷേപത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കുമായിരുന്നു. പലിശ കൂട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് മഞ്ഞലോഹത്തിന് വില വര്‍ധിപ്പിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചു. 44240 രൂപയാണ് പുതിയ വില. സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സെപ്തംബര്‍ ഒന്നിന് 44040 രൂപയായിരുന്നു പവന് നല്‍കേണ്ടിയിരുന്നത്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവുണ്ടായേക്കാമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
104.10 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ഡോളറിനെതിരെ 82.69 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം. എണ്ണവിലയും തുടര്‍ച്ചയായി ഉയരുന്നത് ആശങ്കയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 88.70 ഡോളര്‍ ആണ് പുതിയ വില. എണ്ണവില ഉയര്‍ന്നാല്‍ അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കുകയും പണപ്പെരുപ്പത്തിന് കാരണമാകുകയും ചെയ്യും.












Click it and Unblock the Notifications