'സ്വർണ വില കൂടില്ല, സംഭവിക്കാൻ സാധ്യത ഇത്'...വന്‍ ഓഫറും വരും
ദുബായ്: സ്വർണാഭരണ പ്രേമികള്‍ക്ക് യാതൊരു ആശ്വാസവും നല്‍കാതെ ദുബായിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ തുടരുകയാണ്. ഗള്‍ഫ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 373.75 ദിർഹമാണ് വില. അതായത് 8659 രൂപ. പവന്‍ നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ 69272. ദുബായിലെ ഉയർന്ന നിരക്കിലൊന്നാണെങ്കിലും നാട്ടിലെ വിലയായ 71600 രൂപയേക്കാള്‍ 2328 രൂപ കുറവാണ് ഗള്‍ഫ് നാടുകളില്‍.
ഉയർന്ന വില വ്യാപാരികളേയും വാങ്ങുന്നവരേയും ഒരു പോലെ ആശങ്കയിലാക്കുന്നുണ്ടെന്നാണ് ദുബായി വിപണിയിലെ സാഹചര്യം, പ്രത്യേകിച്ചും ബലി പെരുന്നാള്‍ ആഘോഷ ദിനങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍. പെരുന്നാള്‍ ദിനത്തോട് അടുക്കുമ്പോള്‍ വില ഇടിയാനുള്ള സാഹചര്യം ഉണ്ടെന്നാണ് പലരുടേയും പ്രതീക്ഷ. അതുകൊണ്ട് സ്വർണം വാങ്ങാന്‍ ഉദ്ധേശിക്കുന്നവരില്‍ വലിയൊരു വിഭാഗവും അവധി ദിങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ദുബായിലെ സ്വർണവില വീണ്ടും 380 ദിർഹം നിലവാരത്തിലേക്ക് ഉയരാൻ സാധ്യത കുറവാണെന്നാണ് സ്വർണ വ്യാപാര മേഖലയിലെ വിദഗ്ധർ പറയുന്നത്. മാത്രവുമല്ല വില നിലവിലേതില്‍ നിന്നും ചെറിയ ഇടിവ് പ്രതീക്ഷിക്കാമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. "സ്വർണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് ഗ്രാമിന് 365-370 ദിർഹമെന്ന നിലവാരം പ്രതീക്ഷിക്കാം," ഒരു വ്യാപാര വിദഗ്ധനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വില കുറയുമെന്നാണ് പ്രതീക്ഷയെങ്കിലും എല്ലാം ട്രംപിന്റെ തീരുമാനം അനുസരിച്ച് മാറി മറിയാമെന്നും അവർ സൂചിപ്പിക്കുന്നുണ്ട്. ' സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകളെയും യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെയും ആശ്രയിച്ചിരിക്കും." വ്യാപാര വിദഗ്ധർ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി ദുബായ് ഗോൾഡ് സൂക്കിൽ നിന്നും സ്വർണം വാങ്ങുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലം വലിയ കുറവുണ്ടായിട്ടുണ്ട്. " ഗ്രാമിന് 375 ദിർഹത്തിനടുത്തുള്ള വില ആളുകളുടെ സ്വർണം വാങ്ങാനുള്ള പദ്ധതികളെ ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞങ്ങൾ സ്വർണാഭരണ എക്സ്ചേഞ്ച് ഓഫറുകൾ നടത്തിയിരുന്നു, പക്ഷേ അതിനോടുള്ള പ്രതികരണവും ദുർബലമായിരുന്നു." ദുബായ് ഗോള്‍ഡ് സൂക്കിലെ ഒരു സ്വർണ വ്യാപാരി അഭിപ്രായപ്പെടുന്നു.
സ്വർണ വ്യാപാരം ശക്തിപ്പെടണമെങ്കില്‍ വരാനിരിക്കുന്ന ഈദ് പ്രമോഷനുകളുടെ ഭാഗമായി ഷോപ്പർമാരെ ആകർഷിക്കാനായി മേക്കിംഗ് ചാർജുകളിൽ ഉള്‍പ്പെടെ കാര്യമായ ഇളവുകൾ നല്‍കേണ്ടതുണ്ട്. ഇത് നിലവിലെ വിലകൾ 'അമിതമാണ്' എന്ന ആളുകളുടെ ആശങ്കകൾ ലഘൂകരിക്കാനുള്ള ഒരു മാർഗമാണെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
"ജൂൺ ആദ്യ ആഴ്ചയിലെ ഈദ് ഓഫറുകളിൽ നിന്ന് ജ്വല്ലറി ബിസിനസ്സിൽ ആരും വലിയ വിൽപ്പന വർദ്ധനവ് പ്രതീക്ഷിക്കുന്നില്ല. വില തന്നെയായിരിക്കും വലിയ തടസ്സം. ജ്വല്ലറിക്കാർക്ക് നൽകാൻ കഴിയുന്ന ഒരു യഥാർത്ഥ 'ഓഫർ' മേക്കിംഗ് ചാർജുകളിൽ ഇളവ് നൽകലാണ്. അത് പലപ്പോഴും ഷോപ്പർമാരെ ആകർഷിക്കാറുണ്ട്. അതോടൊപ്പം ഈദ് പ്രമാണിച്ച് മറ്റ് ഓഫറുകളും നല്‍കുന്നത് നല്ലതാണ്" - അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
അതേസമയം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വില യഥാക്രമം 71,600 രൂപയും ഒരു ഗ്രാം സ്വർണത്തിന്റെ വില 8,950 രൂപയുമായി. ഈ മാസം 15-ന് സ്വർണവില 68,880 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1,560 രൂപയുടെ ഇടിവോടെ, ഒരിടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി 70,000 രൂപയ്ക്ക് താഴെ എത്തി. എന്നാൽ, പിന്നീട് വില ഉയരുന്ന പ്രവണതയാണ് കണ്ടത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏകദേശം 3000 രൂപയുടെ വർധനവ് വിലയിലുണ്ടായി.












Click it and Unblock the Notifications