ദുബായില്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ പ്ലാനുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകും
പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങുന്ന രീതിയ്ക്ക് ഇപ്പോള്‍ പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതിനകം ഹിറ്റായ ട്രെന്‍ഡിന് യുഎഇയിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും വേണ്ടത്ര ജാഗ്രതയില്ലാതെയാണ് ഉപഭോക്താക്കള്‍ എക്‌സ്‌ചേഞ്ച് സ്‌കീമിലൂടെ സ്വര്‍ണം വാങ്ങിക്കുന്നത് എന്നണ് സെല്‍ യുവര്‍ ഗോള്‍ഡ് സഹസ്ഥാപകനായ റിഷി വായ പറയുന്നത്.
പല വില്‍പനക്കാരും മതിയായ തയ്യാറെടുപ്പുകളില്ലാതെ ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനാല്‍, തങ്ങളുടെ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കുറഞ്ഞ തുകയായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യത. ദീപാവലി-ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പുതിയവ വാങ്ങാന്‍ പദ്ധതിയിടുകയാണ് യുഎഇ നിവാസികള്‍.

എന്നാല്‍ ശ്രദ്ധിക്കാതിരുന്നാല്‍ 1000 ദിര്‍ഹം വരെ നഷ്ടം വരുന്ന ഇടപാടാണിത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നവംബര്‍ 6 വെള്ളിയാഴ്ച ധന്‍തേരസും, നവംബര്‍ 8 ഞായറാഴ്ച ദീപാവലിയുമാണ്. ഈ അവസരങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ ദിവസങ്ങളില്‍ യുഎഇയിലുടനീളമുള്ള ജ്വല്ലറികളില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവരുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.
ഇത് പലപ്പോഴും എക്‌സ്‌ചേഞ്ച് സ്‌കീം വഴി സ്വര്‍ണം വാങ്ങിക്കാന്‍ വരുന്നവരാണ്. ഇത്തരത്തില്‍ പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്വര്‍ണത്തിന്റെ മൂല്യം പ്രധാനമായും നിര്‍ണയിക്കുന്നത് അതിന്റെ ശുദ്ധതയും ഭാരവും അടിസ്ഥാനമാക്കിയാണ്. തങ്ങളുടെ ആഭരണങ്ങള്‍ 18 കാരറ്റ്, 21 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിവയില്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്നോ, അവയുടെ ഭാരം എത്രയാണെന്നോ അറിഞ്ഞിരിക്കണം.
ആഭരണങ്ങള്‍ വില്‍ക്കാന്‍ പോകുന്നതിന് മുന്‍പ്, അതിലെ ഹാള്‍മാര്‍ക്ക് പരിശോധിക്കാനും, ഭാരം ഏകദേശമായി കണക്കാക്കാനും, നിലവിലെ വിപണി നിരക്ക് മനസിലാക്കാനും മറന്ന് പോകരുത്. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍, അതിലെ സ്വര്‍ണത്തിന്റെ അളവിന് മാത്രമേ പണം ലഭിക്കുകയുള്ളൂ. ഡിസൈനിനോ അതില്‍ പതിച്ചിരിക്കുന്ന രത്‌നങ്ങള്‍ക്കോ പണം ലഭിക്കില്ല.
രത്‌നങ്ങളുടെ മൂല്യം പ്രത്യേകം കണക്കാക്കുകയാണ് പതിവ്. കൂടാതെ, ആഭരണം വാങ്ങുമ്പോള്‍ നല്‍കിയ പണിക്കൂലി തിരികെ ലഭിക്കില്ല. അതായത് അലങ്കാരപ്പണികളുള്ളതോ രത്‌നങ്ങള്‍ പതിച്ചതോ ആയ ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. സ്വര്‍ണം എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ഒരു ആസ്തിയാണ്. അതിനാല്‍, വില്‍ക്കുന്നവര്‍ തിടുക്കപ്പെട്ട് ഇടപാട് നടത്തേണ്ടതില്ല.
വിവിധ ഓഫറുകള്‍ താരതമ്യം ചെയ്യാനും വിശ്വസ്തനായ ഒരു വാങ്ങുന്നയാളെ കണ്ടെത്താനും കുറഞ്ഞത് 24 മണിക്കൂര്‍ എങ്കിലും സമയം എടുക്കുന്നത്, നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ വലിയ വ്യത്യാസം വരുത്താന്‍ സഹായിക്കും. വലിയ അളവില്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍, കിഴിവുകളില്‍ വരുന്ന ചെറിയ വ്യത്യാസം പോലും നൂറുകണക്കിനോ ആയിരക്കണക്കിനോ ദിര്‍ഹത്തിന്റെ വ്യത്യാസമുണ്ടാക്കാം.
രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ നിന്ന് വില ചോദിച്ചറിയുന്നത് വിവിധ മൂല്യനിര്‍ണ്ണയങ്ങള്‍ താരതമ്യം ചെയ്യാനും കൂടുതല്‍ മികച്ച വില ഉറപ്പാക്കാനും സഹായിക്കും. സ്വര്‍ണാഭരണശാലകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരക്ക് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിനുള്ള വിലയാണ്. പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്ന വില അതല്ല. അതിനാല്‍, സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ചില തുകകള്‍ കുറയ്ക്കാറുണ്ട്.
ഈ കിഴിവുകളെക്കുറിച്ച് മനസിലാക്കുന്നതും, കണക്കുകൂട്ടലുകള്‍ വ്യക്തമായി വിശദീകരിച്ചുതരുന്ന ഒരു വാങ്ങുന്നയാളെ തിരഞ്ഞെടുക്കുന്നതും സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുമെന്ന് റിഷി വായ പറഞ്ഞു. യുഎഇയില്‍ വിവാഹങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് കുടുംബപരമായ വിശേഷാവസരങ്ങള്‍ എന്നിവയ്ക്കായി ധാരാളം സ്വര്‍ണം വാങ്ങാറുണ്ട്.
പല വീടുകളിലും വര്‍ഷങ്ങളായി സ്വര്‍ണാഭരണങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടാകാം. പലതും വില വളരെ കുറവായിരുന്ന കാലത്ത് വാങ്ങിയവയാകാം. എന്നാല്‍, ഇവയുടെ മൂല്യം എത്രയാണെന്ന് പലരും പിന്നീട് പരിശോധിച്ചിട്ടുണ്ടാകില്ല. സ്വര്‍ണം വില്‍ക്കുന്നതിന് മുമ്പ്, നിലവിലെ സ്വര്‍ണ നിരക്കും സമീപകാല വില വ്യതിയാനങ്ങളും പരിശോധിക്കണം. ചെറിയൊരു വില വ്യത്യാസം പോലും വലിയ അളവിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ലഭിക്കുന്ന തുകയില്‍ വലിയ മാറ്റമുണ്ടാക്കാം.
കൂടാതെ, കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ ശുദ്ധതയും ഏകദേശ ഭാരവും എത്രയാണെന്ന് ഉറപ്പുവരുത്തുകയും വേണം. സ്വര്‍ണ ബാറുകള്‍ക്ക് സാധാരണയായി ആഭരണങ്ങളേക്കാള്‍ കുറഞ്ഞ പ്രീമിയങ്ങളാണുള്ളത്, കാരണം അവയ്ക്ക് ഒരേ നിര്‍മ്മാണ നിരക്കുകള്‍ ഈടാക്കുന്നില്ല. അതിനാല്‍, ഒരു നിക്ഷേപമായി മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ ബാറുകള്‍ ലാഭകരമായിരിക്കും.


Click it and Unblock the Notifications
