സ്വർണം വാങ്ങുന്നതിൽ വൻ ട്വിസ്റ്റ്; 18 കാരറ്റ് നഷ്ടക്കച്ചവടം..ആളുകൾ ഇപ്പോൾ ഇതിന്റെ പുറകെ
ദുബായ്: സമാനതകളില്ലാത്ത കുതിപ്പാണ് ദുബായിലെ സ്വർണ വിലയിൽ രേഖപ്പെടുത്തുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ വ378.25 ദിർഹം കൊടുക്കണം. 24 കാരറ്റ് സ്വർണത്തിന് 408.50 ദിർഹവും 21 കാരറ്റിന് 362.50 ദിർഹവും 18 കാരറ്റിന് 310.75 ദിർഹവുമാണ് വില. വില ഉയരുന്ന സാഹചര്യത്തിൽ ഒരു തരി പൊന്ന് സ്വന്തമാക്കാൻ ഏതൊക്കെ ഓഫറുകൾ പ്രയോജനപ്പെടുത്തുമെന്ന ചിന്തയിലാണ് ആഭരണപ്രേമികൾ.
ഒരു സമയത്ത് 18 കാരറ്റ് ലൈറ്റ് വെയ്റ്റ് ഗോൾഡിന് പിന്നാലെയായിരുന്നു പലരും. നിക്ഷേപ സാധ്യതയല്ലിത്. മാത്രമല്ല സങ്കീർണമായ ഡിസൈനുകൾ ഉള്ള 18 കാരറ്റ് സ്വർണത്തിന് പണിക്കൂലിയിനത്തിൽ വൻ തുക നൽകേണ്ടിയും വരും. ഈ സാഹചര്യത്തിൽ ദുബായിൽ മറ്റൊരു ട്രെന്റാണ് ഇപ്പോൾ നടക്കുന്നത്. 22 കാരറ്റ് സ്വർണം തന്നെ, അതും പണിക്കൂലി കുറച്ച് കിട്ടും . എങ്ങനെയെന്നല്ലേ? നോക്കാം

മറ്റൊന്നുമല്ല ഒരു പവൻ ആഭരണത്തിന് പുറകെ പോകാതെ കുറഞ്ഞ ഗ്രാമിലുള്ള സ്വർണം വാങ്ങുകയാണ് ആളുകൾ. അഞ്ച്-ആറ് ഗ്രാം മാത്രമുള്ള മാലകൾ, രണ്ട്-മൂന്ന് ഗ്രാമിന്റെ വളകൾ, ഒന്ന്-ഒന്നര ഗ്രാമിന്റെ കമ്മലുകൾ, ലോക്കറ്റുകൾ എന്നിവയുടെ പ്രചാരം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഈ ട്രെൻഡ് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ജ്വല്ലറികളും.
ഓണത്തോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള ആഭരണങ്ങൾക്ക് കൂടുതൽ പ്രമോഷൻ നൽകുകയാണ് വ്യാപാരികൾ. 'നിക്ഷേപ ഉദ്ദേശത്തോടെ സ്വർണം വാങ്ങുന്നവർക്ക് 22 കാരറ്റ് സ്വർണം തന്നെയാണ് ഇപ്പോഴും ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പ്. 18 കാരറ്റ് സ്വർണത്തിന്റെ വിൽപ്പന വളരെ കുറവാണ്, നിർമ്മാണച്ചെലവ് കാരണം ഒരു നിക്ഷേപം എന്ന നിലയ്ക്ക് ആളുകൾ അവയോട് താത്പര്യം കാണിക്കുന്നില്ല.
ദിവസവും ശരാശരി 2,000-3,000 ദിർഹത്തിന്റെ കുറഞ്ഞ ഭാരമുള്ള സ്വർണം വാങ്ങുന്ന 30 ഉപഭോക്താക്കളെ കിട്ടിയാൽ അത് 10,000 ദിർഹം ഒറ്റടിക്കുന്ന ചെലവഴിക്കുന്ന ഒന്നോ രണ്ടോ ഉപഭോക്താക്കളെക്കാൾ നല്ലതാണ് ഉപഭോക്താക്കളുടെ വാങ്ങൽ രീതിയിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. കുറഞ്ഞ ഭാരമുള്ള 22 കാരറ്റ് ആഭരണങ്ങളിൽ നിക്ഷേപിക്കുന്ന രീതികളാണ് ഗോൾഡ് സൂക്കിലൊക്കെ കണ്ടുവരുന്നത്', സ്വർണ വ്യാപാരികൾ പറഞ്ഞു.
നിലവിൽ യുഎഇയിലെ സ്വർണ ഉപഭോക്താക്കൾ പലരും പരാതിപ്പെടുന്നത് പണിക്കൂലിയെ കുറിച്ചാണ്. കുറഞ്ഞ ഭാരമുള്ള 22 കാരറ്റ് സ്വർണാഭരണങ്ങൾക്ക് പക്ഷെ പണിക്കൂലി വളരെ കുറവാണ്. ഇത്തരത്തിൽ കുറഞ്ഞ ഭാരമുള്ള ആഭരണങ്ങൾ വിൽക്കുന്നതാണ് ഇപ്പോൾ പ്രധാനമായും ആളുകളെ ജ്വല്ലറികളിലേക്ക് എത്തിക്കുന്നത്', വ്യാപാരി പറഞ്ഞു. 'കസ്റ്റം ആഭരണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ, നിലവിലെ സ്വർണ വിലയുടെ കൂടി പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ വരവ് ഗണ്യമായി കുറയുകയേ ഉള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിമാസ വിൽപ്പനയിൽ തുടർച്ചയായ ഇടിവ് നേരിടുന്ന ഒരു ബിസിനസ്സ് എങ്ങനെ നിലനിർത്താം എന്നതാണ് ദുബായിലെ വ്യാപരികളെ ആശങ്കപ്പെടുത്തുന്നത്.
വലിയ റീട്ടെയിൽ ബ്രാൻഡുകളെ സംബന്ധിച്ച് ഒന്നിലധികം സ്റ്റോറുകളും ജീവനക്കാരുടെ എണ്ണവുമൊക്കെ കണക്കാക്കുമ്പോൾ വലിയ നഷ്ടമായിരിക്കുമെന്നും അവർ പറഞ്ഞു.
സ്വർണത്തെ സംബന്ധിച്ച് മികച്ച വർഷമാണ് 2025. വിലയിൽ 29 ശതമാനത്തിന്റെ വർധനവാണ് ഇതുവരെ ഉണ്ടായത്. ഇനിയും വില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3600 മുതൽ 3800 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ പ്രവചനം. ചിലരാകട്ടെ വില 4000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും പ്രവചിക്കുന്നുണ്ട്.












Click it and Unblock the Notifications