യൂറോപ്പില്‍ നിന്നും ദുബായില്‍ എത്തി സ്വർണം മോഷ്ടിച്ചു: പക്ഷെ പിടിയിലായി; 10000 ദിർഹത്തിന് 15000 ദിർഹം പിഴ
ദുബായ്: വില കുത്തനെ വർധിച്ചതോടെ സ്വർണ മോഷണങ്ങളും പെരുകിയിരിക്കുകയാണ്. അതിന് നാടെന്നോ വിദേശമെന്നോയുള്ള വ്യത്യാസമില്ല. യുറോപ്പില്‍ നിന്നും ദുബായിലെത്തി സ്വർണം മോഷ്ടിക്കുന്നതിനിടെ പിടിയിലായ യുവതിയുടെ വാർത്തയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ജ്വല്ലറിയില്‍ നിന്നും സ്വർണം മോഷ്ടിച്ച ഇവർക്ക് കനത്ത പിഴയും ശിക്ഷയായി വിധിച്ചു.
ഏകദേശം 10000 ദിർഹം വില വരുന്ന ആഭരണമാണ് യൂറോപ്യന്‍ വനിത മോഷ്ടിച്ചത്. എന്നാല്‍ 5000 ദിർഹം പിഴയും മോഷ്ടിച്ച മാലയുടെ നഷ്ടപരിഹാരമായി ജ്വല്ലറിക്ക് 10000 ദിർഹവും നൽകാൻ കോടതി ഉത്തരവിട്ടു. അതായത് മൊത്തം 15000 ദിർഹം (ഏകദേശം 3.4 ലക്ഷം ഇന്ത്യൻ രൂപ) വനിതയ്ക്ക് പിഴ അടക്കേണ്ടി വന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാർച്ചിലാണ് മോഷണം നടന്നത്. ദുബായിലെ ഒരു പ്രശസ്ത സ്വർണാഭരണക്കടയിൽ യൂറോപ്യൻ വനിത വരുന്നത് സെയിൽസ്മാൻ ശ്രദ്ധിച്ചിരുന്നു. കടയിലെത്തിയ സ്ത്രീ ആഭരണങ്ങൾ നോക്കിയ ശേഷം പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി. തൊട്ടുപിന്നാലെയാണ് 10000 ദിർഹം വിലയുള്ള ഒരു സ്വർണമാല കാണാതായതായി സെയിൽസ്മാൻ മനസ്സിലാക്കുന്നത്. കടയിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വനിത മാലയെടുത്ത് തന്റെ ഹാൻഡ്ബാഗിലിട്ട ശേഷം വേഗത്തിൽ കടയിൽ നിന്ന് പുറത്തുകടക്കുന്നത് വ്യക്തമായി കാണുകയും ചെയ്തു.
ജ്വല്ലറി ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ദുബായ് പൊലീസ് വാഹന നമ്പർ ഉപയോഗിച്ച് യുവതിയെ പിടികൂടി. തുടർന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ, വനിത മോഷണം സമ്മതിച്ചു. എന്നാൽ, മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ സഹോദരിയുടെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലും വൈകാരിക നിമിഷത്തിലും പറ്റിയ ഒരു അബദ്ധമായിരുന്നു അതെന്നായിരുന്നു അവകാശവാദം.
"ഞാൻ മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, അതൊരു അബദ്ധമായിരുന്നു. സഹോദരിയുടെ മരണം അറിഞ്ഞപ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു," എന്ന് അവർ പൊലീസിന് മൊഴി നല്‍കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽ വനിതയുടെ അഭിഭാഷകനും ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടു. വൈകാരിക അവസ്ഥയും സഹോദരിയുടെ മരണവാർത്തയും കണക്കിലെടുത്ത് ദയ കാണിക്കണമെന്നായിരുന്നു വാദം. എന്നാൽ, കോടതി ഈ വാദങ്ങൾ തള്ളി.
തെളിവുകൾ കൃത്യമായി തന്നെ മോഷണ ഉദ്ദേശ്യം തെളിയിക്കുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. "പ്രതിയുടെ പെരുമാറ്റവും ചുറ്റുപാടുകളും അവരുടെ പ്രവൃത്തികളെക്കുറിച്ചുള്ള പൂർണ അവബോധം സൂചിപ്പിക്കുന്നു," ജഡ്ജി നിരീക്ഷിച്ചു. ക്യാമറ ദൃശ്യങ്ങൾ, വാഹനം തിരിച്ചറിഞ്ഞത്, മോഷണ സമ്മതിച്ചത് എന്നിവയെല്ലാം തെളിവുകളായി കോടതി പരിഗണിച്ചു.
ദുബായിലെ നിയമങ്ങൾ പ്രകാരം, മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകളാണ് ഏർപ്പെടുത്താറുള്ളത്. പ്രത്യേകിച്ച് സ്വർണാഭരണക്കടകളിലെ മോഷണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരം കേസുകളിൽ കോടതികൾ കർശന നിലപാട് സ്വീകരിക്കാറുണ്ട്. ഈ വിധി മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി മാറുമെന്നും നിയമ വിദഗ്ധർ പറയുന്നു. ദുബായ് പോലുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകളും പ്രവാസികളും കൂടുതലായി എത്തുന്നതിനാൽ, അത്തരം സ്ഥലങ്ങളിൽ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications