ആ ട്രെന്റിൽ വീണാൽ സ്വർണം കത്തും; യുഎഇക്കാർ ഇപ്പോൾ വാങ്ങണോ അതോ വിൽക്കണോ? അറിയാം
ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ ലോകമാകെ യുദ്ധഭീതി നിഴലിച്ചിരിക്കുകയാണ്. യുഎസ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു. യുദ്ധഭീതി പോലുള്ള സാഹചര്യങ്ങളിൽ സാധാരണ നിലയിൽ സ്വർണത്തിന്റെ പെരുമ ഉയരുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാന്റ് ഉയരുകയുമാണ് പതിവ്. എന്നാൽ ആഗോളവിപണിയിൽ ഇന്ന് മറിച്ചാണ് ട്രെന്റ്.
കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് യുഎഇ സ്വർണ വിപണിയിലും കാര്യമായ കുതിപ്പ് വിലയിൽ രേഖപ്പെടുത്തിയിട്ടില്ല. ആഗോള വിപണിയിൽ 3,361.87 ഡോളറിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ദുബായിയിൽ 22 കാരറ്റ് ഒരു ഗ്രാമിന് വില 375 ദിർഹമാണ്. ഞായറാഴ്ച വൈകീട്ട് 376 ദിർഹമായിരുന്നു വില. 24 കാരറ്റിന് 404.75 ദിർഹവും 21 കാരറ്റിന് 359.50 ദിർഹവും 18 കാരറ്റിന് 308.25 ദിർഹവും രേഖപ്പെടുത്തി.

പ്രതീക്ഷ വെയ്ക്കണോ?
റഷ്യ-യുക്രൈൻ സംഘർഷം ഉണ്ടായപ്പോൾ സ്വർണ വില കത്തിക്കയറിയിരുന്നു. സമാന സാഹചര്യമായിരുന്നു യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമായപ്പോഴും സംഭവിച്ചത്. ഇസ്രായേൽ-ഇറാൻ ആക്രമണം ആരംഭിച്ച ആദ്യ ദിവസങ്ങളിലും സ്വർണ വില ഉയർന്നു. എന്നാൽ ഇറാനെതിരെ യുഎസ് തിരിഞ്ഞിട്ടും ഇപ്പോൾ വില ഉയരാത്തതിന്റെ പ്രധാന കാരണം യുഎസ് ഡോളർ ഇൻഡക്സ് ഉയർന്നതാണ് നിലവിൽ 0.35 ശതമാനം ഉയർന്ന് 99.05 ആണ് ഡോളറിന്റെ മൂല്യം. ഡോളർ കരുത്താർജ്ജിച്ചതോടെ സ്വർണം വാങ്ങാനുള്ള സാമ്പത്തിക ചെലവ് ഉയരുകയും ഇത് ഡിമാന്റ് കുറയ്ക്കുകയും ചെയ്തു. എന്നാൽ ഈ സാഹചര്യം മാറിമറിയാമെന്നും ഇറാൻ-ഇസ്രായേൽ സംഘർഷം കൂടുതൽ രൂക്ഷമായാൽ വില കുതിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാങ്ങണോ വിൽക്കണോ?
നിലവിൽ യുഎഇയിൽ സമ്മർ സെയിൽ അടക്കമുള്ള നിരവധി പ്രമോഷനുകൾ സ്വർണവിപണയിവ്‍ നടക്കുന്നുണ്ട്. ദുബായ് സമ്മർ സർപ്രൈസ് നറുക്കെടുപ്പുകളും ഉടൻ ഉണ്ടാകും. പണിക്കൂലിയിൽ ഇളവുകൾ പോലുള്ള ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ യഥാർത്ഥ വിലയേക്കാൾ നേരിയ കുറവിൽ ഉപഭോക്താക്കൾക്ക് സ്വർണം സ്വന്തമാക്കാം. അതേസമയം സ്വർണം വിൽക്കാൻ പദ്ധതിയുള്ളവർ ഉണ്ടെങ്കിൽ അൽപം കൂടി കാത്തിരിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.
രാഷ്ട്രീയപരമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സ്വർണം ഔൺസിന് 3400 ഡോളർ മറികടന്നാൽ വില വീണ്ടും കുതിക്കാൻ സാധ്യത ഉണ്ടെന്നാണ് പെപ്പർസ്റ്റോണിലെ സീനിയർ റിസർച്ച് സ്ട്രാറ്റജിസ്റ്റ് മൈക്കിൾ ബ്രൗണ്‍സ് അഭിപ്രായപ്പെടുന്നത്. താഴേക്ക് പോകുകയാണെങ്കിൽ തന്നെ 3,300 ഡോളർ വരെ ഇടിഞ്ഞേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
കുത്തനെ കുറയുമെന്നും പ്രവചനം
അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്വർണ വില 10 ശതമാനം ഇടിഞ്ഞേക്കുമെന്നാണ് ചിലർ പ്രവചിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 30 ശതമാനത്തിന്റെ കിഴിവിന് സാധ്യതയുണ്ടെന്ന പ്രവചനങ്ങളും ഉണ്ട്. അതായത് ഔൺസിന് വില 2800 ഡോളർ വരെ എത്തിയേക്കുമെന്ന്. ഇപ്പോഴത്തെ ആഗോള സാഹചര്യങ്ങളിൽ സ്വർണവില ഇതിനോടകം തന്നെ പരമാവധി ഉയർച്ച കൈവരിച്ച് കഴിഞ്ഞു. അതിനാൽ ഇനിയും വലിയ വർധനവിന് സാധ്യത ഇല്ലെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. അതേസമയം 2800 ഡോളർ എന്നതിലേക്ക് സാധ്യത കുറവാണെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും ഇസ്രായേൽ-ഇറാൻ സംഘർഷ സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ വില നിലവാരം.
കേരളത്തിൽ നേരിയ കുറവ്
ആഗോള വിപണിയിലെ നേരിയ കുറവിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് 5 രൂപയൂടെ കുറവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. നിലവിൽ 9,230 രൂപയാണ് നിലവിൽ ഗ്രാമിന് വില. പവന് 40 രൂപ താഴ്ന്ന് 73,840 രൂപയും.












Click it and Unblock the Notifications