യുഎഇ ആവശ്യപ്പെട്ടു; ഇന്ത്യ ഓകെ പറഞ്ഞു... ചെറിയ പെരുന്നാളിന് 10000 ടണ്‍ സവാള കൂടി
ലോകത്ത് വലിയ ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൡ പ്രധാനിയാണ് ഇന്ത്യ. ഇന്ത്യയില്‍ വലിയ ഉള്ളിയും അതിന്റെ ലഭ്യതയും വിലയുമെല്ലാം പ്രധാന രാഷ്ട്രീയ വിഷയമാണ്. അതേസമയം, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള സവാളയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കയറ്റുമതി ചെയ്യുന്നതാണ് ലാഭമെങ്കിലും ആഭ്യന്തര ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഇടപെടല്‍ നടത്താറുണ്ട്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ വിപണി കൂടുതല്‍ സജീവമാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സവാള യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുഎഇയുടെ ആവശ്യം ഇന്ത്യ പരിഗണിച്ചു. 10000 ടണ്‍ കൂടി സവാള യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. യുഎഇയില്‍ വില കുറയാന്‍ ഇതിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാഷണല്‍ കോഓപറേറ്റീവ് എക്‌പോര്‍ട്ട് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴിയാണ് ഇന്ത്യ യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യുക. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. കര്‍ഷകരില്‍ നിന്ന് സവാള ശേഖരിക്കുന്നത് എന്‍സിഇഎല്‍ ആയിരിക്കും. അടുത്തിടെ യുഎഇയിലേക്ക് 14400 ടണ്‍ സവാള കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് പുതിയ 10000 ടണ്‍.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി തകിടം മറിച്ചത്. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തു. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെട്ട് സവാള കയറ്റുമതി നിരോധിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെയാണ് പ്രഖ്യാപന പരിധി. ഇതോടെ യുഎഇയില്‍ സവാള വിലയില്‍ നേരിയ തോതിലുള്ള വര്‍ധനവ് പ്രകടമായിരുന്നു. പ്രവാസികള്‍ ഏറെയുള്ള യുഎഇയില്‍ ഇന്ത്യയില്‍ നിന്നുള്ള സവാളയ്ക്ക് വലിയ ഡിമാന്റാണ്. യുഎഇയില്‍ നിന്ന് ആവശ്യം ശക്തമായതോടെ ഇന്ത്യ പഴയ തീരുമാനത്തില്‍ ഇളവ് പ്രഖ്യാപിച്ച് കയറ്റുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള സവാളയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നിവയാണവ. ഈ മൂന്ന് രാജ്യങ്ങളിലേക്കും നേരിയ തോതില്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ സവാള വിലയില്‍ കുറവ് വന്ന പശ്ചാത്തലത്തിലാണ് കയറ്റുമതി നിരോധനത്തില്‍ ഇളവ് നല്‍കിയത്.












Click it and Unblock the Notifications