‘മുസാഫിർ ബിലാ ഹഖീബ’ എല്ലാ തീർഥാടകർക്കും, ഹജ്ജിന് സർവസജ്ജമായി സൗദി
ഇത്തവണത്തെ ഹജ്ജിന്റെ ഏറ്റവും വലിയ പ്രത്യേകത 'മുസാഫിർ ബിലാ ഹഖീബ’ (ബാഗേജ് രഹിത യാത്രക്കാരൻ) എന്ന പദ്ധതി എല്ലാ അന്താരാഷ്ട്ര തീർഥാടകർക്കും ലഭ്യമാണ് എന്നതാണ്. ചരിത്രത്തിലാദ്യമായാണ് ഈ സേവനം മുഴുവൻ വിദേശ തീർഥാടകരിലേക്കും വ്യാപിപ്പിക്കുന്നത്. ഇതിലൂടെ തീർഥാടകരുടെ ലഗേജുകൾക്കൊപ്പം അവരുടെ സംസം വെള്ളവും സുരക്ഷിതമായി നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കും. ഗതാഗതം, സുരക്ഷ, ആരോഗ്യം, ആശയവിനിമയം തുടങ്ങി സർവ മേഖലകളിലും പഴുതടച്ച ക്രമീകരണങ്ങളൊരുക്കി ഈ വർഷത്തെ ഹജ്ജ് സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന 15 ലക്ഷത്തിലധികം തീർഥാടകരെ സ്വീകരിക്കുന്നതിന് സൗദി ഒരുങ്ങിക്കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി 6,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ശൃംഖലയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ വിശുദ്ധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 600 കിലോമീറ്ററോളം റോഡുകൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

ഏകദേശം 46 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക റോഡ് ശൃംഖലകൾ, പാലങ്ങൾ, തുരങ്കങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ തീർഥാടകർക്കായി സജ്ജമാണ്. വിശുദ്ധ സ്ഥലങ്ങളിൽ മാത്രം 20 പാലങ്ങളും 18 തുരങ്കങ്ങളുമാണ് പരിപാലിക്കുന്നത്. കൊടുംചൂടിൽ തീർഥാടകർക്ക് ആശ്വാസമേകാൻ റോഡുകൾ തണുപ്പിക്കുന്ന നൂതനമായ 'കൂളിങ് ടെക്നോളജി’ ഇത്തവണ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
തീർഥാടക സേവനത്തിനായി 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളുമാണ് നിരത്തിലിറങ്ങുന്നത്. ഇതിൽ 3,000 ബസുകൾ തീർഥാടകരെ അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്ക് എത്തിക്കാനും 5,000 ബസുകൾ ഷട്ടിൽ സർവീസുകൾക്കുമായി നീക്കിവെച്ചിട്ടുണ്ട്. 46,000ത്തിലധികം പ്രഫഷണൽ ജീവനക്കാരാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ലോകത്തെ 300-ലധികം വിമാനത്താവളങ്ങളിൽ നിന്ന് 104 വിമാനക്കമ്പനികൾ വഴി തീർഥാടകരെ എത്തിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ആറ് പ്രധാന വിമാനത്താവളങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് സ്റ്റേഷനുകളിലൂടെ ഹജ്ജ് നാളുകളിൽ 2,000-ത്തിലധികം സർവീസുകൾ മാഷാഇർ മെട്രോ ട്രെയിൻ നടത്തും. ഓരോ മണിക്കൂറിലും 72,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ മെട്രോ ശൃംഖല, തീർഥാടകരുടെ തിരക്ക് കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മദീനയിൽ എത്തുന്ന തീർഥാടകർക്ക് വഴികാട്ടാൻ 950-ലേറെ ദിശാസൂചക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി 88,000-ലധികം ക്ലീനിങ് യൂണിറ്റുകൾ 24 മണിക്കൂറും കർമ്മനിരതമാണ്. പരിശോധനകൾക്കായി 66 ഫീൽഡ് സേവന കേന്ദ്രങ്ങളും 5 അത്യാധുനിക ലബോറട്ടറികളും പ്രവർത്തിക്കുന്നു. 22,000-ൽ അധികം ഫീൽഡ് ജീവനക്കാരുടെ സേവനം ഇത്തവണ ലഭ്യമാണ്. ഡിജിറ്റൽ സംവിധാനത്തിലൂടെ 29,000 പരാതികൾ വരെ ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയും.
മദീനയിൽ മാത്രം 5,700 ജീവനക്കാരെയും 1,200 അത്യാധുനിക യന്ത്രസാമഗ്രികളെയുമാണ് സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. തീർഥാടകർ ഒത്തുചേരുന്ന മിന, അറഫ, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിൽ നൂറു ശതമാനം 5G നെറ്റ്‌വർക്ക് കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ 2,400 സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘം ഇരുപത്തിനാല് മണിക്കൂറും സേവനമനുഷ്ഠിക്കും. സൗദി ഭരണാധികാരിയുടെ സമ്മാനമായി രണ്ട് ദശലക്ഷം ഖുർആൻ പ്രതികൾ തീർഥാടകർക്ക് വിതരണം ചെയ്യും. കൂടാതെ, തീർഥാടകരെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലുമായി ഇരുപതിനായിരത്തിലധികം പള്ളികൾ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മങ്ങളെക്കുറിച്ചുള്ള അവബോധം നൽകുന്നതിനായി 120 ദശലക്ഷം സന്ദേശങ്ങൾ തീർഥാടകരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു.
താമസത്തിനായി മക്കയിൽ 20 ലക്ഷത്തിലധികം ബെഡുകളും മദീനയിൽ 3,32,000 ബെഡുകളുമാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ഹോട്ടലുകളിലും താമസസ്ഥലങ്ങളിലുമായി 19,000 നിരീക്ഷണ പരിശോധനകളും ഇതിനകം പൂർത്തിയായി. എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന 'മക്ക റൂട്ട്' പദ്ധതി വഴി ഇതുവരെ 12 ലക്ഷത്തിലധികം തീർഥാടകർക്ക് പ്രയോജനം ലഭിച്ചതായി അധികൃതർ അറിയിച്ചു. പത്ത് രാജ്യങ്ങളിലായി പതിനേഴ് കേന്ദ്രങ്ങളിലാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്.
തീർഥാടകരുടെ ചികിത്സക്കായി മക്കയിലും മദീനയിലുമായി 20,000-ലധികം കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 3,800 കിടക്കകൾ മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രമായി ഒരുക്കിയിട്ടുണ്ട്. അടിയന്തര ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വർധിപ്പിച്ച് 25 ആക്കി. കൂടാതെ, സുരക്ഷാ-സൈനിക വിഭാഗങ്ങളുമായി സഹകരിച്ച് 1,200 കിടക്കകളുള്ള മൂന്ന് ഫീൽഡ് ആശുപത്രികളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. മിനയിൽ പുതുതായി നിർമ്മിച്ച 200 കിടക്കകളുള്ള എമർജൻസി ആശുപത്രിക്ക് പുറമെ, നിലവിലുള്ള ആശുപത്രികളുടെ ശേഷി ഇരട്ടിയാക്കുകയും പുണ്യസ്ഥലങ്ങളിലുടനീളം 71 മെഡിക്കൽ പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
900ലധികം ആംബുലൻസുകളും 11 എയർ ഇവാക്യുവേഷൻ വിമാനങ്ങളും അടങ്ങുന്ന വിപുലമായ സന്നാഹമാണ് ആരോഗ്യ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. 25,000-ലധികം ആരോഗ്യ പ്രവർത്തകർ ഈ സീസണിൽ സേവനമനുഷ്ഠിക്കും. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ, 'സെഹ വെർച്വൽ ഹോസ്പിറ്റലുമായി’ ബന്ധിപ്പിച്ച സ്മാർട്ട് സെൻസറുകൾ വഴി ഗുരുതരാവസ്ഥയിലുള്ള രോഗികളെ നിരീക്ഷിക്കാനും മെഡിക്കൽ സാമ്പിളുകളും മറ്റും എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications