ഹജ്ജ് പെർമിറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രം, വാക്സിനേഷൻ എളുപ്പമാക്കാൻ ‘സീഹത്തി’ ആപ്പ്
ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഹജ്ജ് പെർമിറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സ്വീകരിക്കാവൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ആരോഗ്യ പരിരക്ഷ, താമസം, ഗതാഗതം തുടങ്ങിയ മന്ത്രാലയത്തിെൻറ മുഴുവൻ സേവനങ്ങളും ലഭ്യമാകുന്നതിന് ഔദ്യോഗിക പെർമിറ്റുകൾ നിർബന്ധമാണ്. അംഗീകാരമില്ലാത്ത ഏജൻസികളിലൂടെ സേവനങ്ങൾ തേടുന്നത് വഴി നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയത്തിെൻറ ഔദ്യോഗിക പിന്തുണ ലഭിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തെ അത്യാധുനിക ഗതാഗത സംവിധാനങ്ങളുമായും തിരക്ക് നിയന്ത്രണ പദ്ധതിയുമായും സംയോജിപ്പിച്ചാണ് ഔദ്യോഗിക ഹജ്ജ് വിസകൾ അനുവദിക്കുന്നത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്ന തീർത്ഥാടകർക്ക് ഹജ്ജ് കർമങ്ങൾ ലളിതമായും സമാധാനപരമായും പൂർത്തിയാക്കാൻ മന്ത്രാലയത്തിെൻറ വിപുലമായ സപ്പോർട്ട് നെറ്റ്വർക്കിെൻറ സഹായം പൂർണമായും ലഭ്യമാകുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നു. തീർത്ഥാടകർക്ക് സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് മന്ത്രാലയത്തിെൻറ പ്രഥമ ലക്ഷ്യം. ഔദ്യോഗിക രേഖകൾ ഉറപ്പാക്കുന്നതിലൂടെ ഓരോ തീർത്ഥാടകനും ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാൻ സാധിക്കും. മറ്റ് ആശങ്കകളില്ലാതെ തീർത്ഥാടകർക്ക് പൂർണമായും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഹജ്ജ് തീർഥാടകർക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾക്കായി അപ്പോയിൻറ്മെൻറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയത്തിെൻറ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'സീഹത്തി’ ആപ്പ് വഴി ലളിതമായ ഘട്ടങ്ങളിലൂടെ വാക്‌സിനേഷൻ ബുക്കിങ് പൂർത്തിയാക്കാം.
ഹജ്ജ് കർമങ്ങളുടെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ സുഗമമായും വേഗത്തിലും പൂർത്തിയാക്കാൻ തീർഥാടകരെ പ്രാപ്തരാക്കുന്നതിനാണ് സീഹത്തി ആപ്പിൽ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ആപ്പിലൂടെ അപ്പോയിൻറ്മെൻറ് എടുക്കുന്ന രീതി ഇപ്രകാരമാണ്- ആദ്യം സീഹത്തി ആപ്പിൽ ലോഗിൻ ചെയ്ത് ഗുണഭോക്താവിെൻറ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കണം. തുടർന്ന് 'ന്യൂ അപ്പോയിൻറ്മെൻറ്’ സെക്ഷനിലൂടെ ലഭ്യമായ സമയക്രമം നോക്കി അനുയോജ്യമായ തീയതി തെരഞ്ഞെടുക്കാം. ഇതിനുശേഷം തങ്ങൾക്ക് സൗകര്യപ്രദമായ വാക്‌സിനേഷൻ ക്ലിനിക്ക് കൂടി തെരഞ്ഞെടുത്ത് സ്ഥിരീകരിക്കുന്നതോടെ ബുക്കിങ് നടപടികൾ പൂർത്തിയാകും.
ഉചിതമായ ആരോഗ്യ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനും അപ്പോയിൻറ്മെൻറുകൾ കാര്യക്ഷമമായി മാനേജ് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. അംഗീകൃത വാക്‌സിനുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെയും ഹജ്ജ് നിർവഹണത്തിനായുള്ള നിർബന്ധിത ആരോഗ്യ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം.












Click it and Unblock the Notifications