കനത്ത മഴ യുഎഇ സാമ്പത്തിക മേഖലയ്ക്കും പണികൊടുത്തു: കച്ചവടം കുറയുന്നു, പുതിയ റിപ്പോർട്ട്
എണ്ണ ഇതര സ്വകാര്യമേഖലയില്‍ മികച്ച മുന്നേറ്റമാണ് ഏപ്രില്‍ യുഎഇ നടത്തിയതെങ്കിലും പ്രതിസന്ധി സൃഷ്ടിച്ച് കാലാവസ്ഥയിലെ മാറ്റം. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ ബിസിനസ്സ് പ്രവർത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 1949 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് യു എ ഇയില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം ബിസിനസ് പ്രവർത്തനങ്ങളേയും ബാധിക്കുകയായിരുന്നു.
രാജ്യത്തിന്റെ പർച്ചേസിംഗ് സൂചിക മാർച്ചിലെ 56.9ൽ നിന്ന് ഏപ്രിലിൽ 55.3 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ ഇത് ഏകദേശം അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 57.1 ൽ എത്തിയിരുന്നു. കനത്ത മഴ ബിസിനസ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും വിൽപ്പനയെ ബാധിക്കുകയും ചെയ്‌തുവെന്ന റിപ്പോർട്ടുകൾക്കിടയിൽ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗതയിൽ കഴിഞ്ഞ മാസം പുതിയ ഓർഡറുകൾ വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്.

"ഏപ്രിലിലെ ഡാറ്റ യുഎഇ എണ്ണ ഇതര സ്വകാര്യ മേഖലയിലുടനീളം ശക്തമായ മൊത്തത്തിലുള്ള വളർച്ച എടുത്തുകാണിച്ചു. കാരണം ശക്തമായ ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ ദീർഘകാല ബിസിനസ്സ് വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കാൻ സഹായിച്ചു," എസ് ആന്‍ഡ് പി എക്കണോമിക്സ് ഡയറക്ടർ ടിം മൂർ വ്യക്തമാക്കുന്നു.
"എന്നിരുന്നാലും, കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിൻ്റെയും പശ്ചാത്തലത്തിൽ പുതിയ ബിസിനസ് നേട്ടങ്ങളിൽ കുത്തനെയുള്ള മാന്ദ്യത്തെയാണ് ഏറ്റവും പുതിയ സർവേ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥാ തടസ്സങ്ങൾ ബിസിനസിനെയും ഉപഭോക്തൃ ചെലവിനെയും ബാധിച്ചതിനാൽ ദുബായിൽ പ്രവർത്തിക്കുന്ന കമ്പനികൾ വിൽപ്പനയുടെ വേഗതയിൽ പ്രത്യേകിച്ച് നഷ്ടം രേഖപ്പെടുത്തി." ടിം മൂർ അഭിപ്രായപ്പെടുന്നു.
ഏപ്രിൽ 16 ന് പെയ്ത ശക്തമായ മഴയില്‍ റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ പല റോഡുകളിലേയും ഗതാഗത സേവനങ്ങൾ സ്തംഭിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുകുയം ചെയ്തു.
അതേസമയം യുഎഇയില്‍ വീണ്ടും മഴ കനത്തിരിക്കുകയാണ്. നിരവധി വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ മൊത്തം 13 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇന്‍ബൗണ്ട് ചെയ്യുന്ന അഞ്ച് വിമാനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് വഴി തിരിച്ചുവിടുകയും ചെയ്തു. ദുബായിലെ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ റോഡിലെ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ നേരത്തെ യാത്ര തിരിക്കണം എന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications