ജനുവരി ഒന്നിന് അവധി; 3 ദിവസം തുടര്‍ച്ചയായ ഒഴിവ് ദിനങ്ങള്‍, കുവൈത്ത്, ഒമാന്‍ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: പുതുവര്‍ഷ ദിനം പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്. ജനുവരി ഒന്നിന് അവധിയായിരിക്കും. പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ വാരാന്ത്യമായതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഫലത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായ അവധി കിട്ടും. ജനുവരി നാലിന് ആയിരിക്കും പിന്നീടുള്ള പ്രവൃത്തി ദിനം. അതേസമയം, അടിയന്തര സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ഉണ്ടാകില്ല.
അടിയന്തര സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി മറ്റു ദിവസങ്ങളില്‍ അനുവദിക്കും. മൂന്ന് ദിവസം അവധി ലഭിക്കുമെന്നതിനാല്‍ പുതുവര്‍ഷാഘോഷം ഗംഭീരമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാധിക്കും. അതേസമയം, ഒമാനില്‍ അടുത്ത വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവധികള്‍ക്ക് മന്ത്രിസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി.

സുല്‍ത്താന്‍ അധികാരമേറ്റ ജനുവരി 15, ഇസ്‌റാഅ്-മിഅ്‌റാജ് ജനുവരി 18, ഹിജ്രി പുതുവര്‍ഷം ജൂണ്‍ 18, നബിദിനത്തിന്റെ ഭാഗമായി ആഗസ്റ്റ് 27, ദേശീയ ദിനത്തിന്റെ ഭാഗമായി നവംബര്‍ 25, 26 എന്നീ ദിവസങ്ങളിലാണ അടുത്ത വര്‍ഷം പൊതുഅവധി. അതേസമയം, ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ ദിനങ്ങള്‍ ചാന്ദ്രമാസപ്പിറവി അടിസ്ഥാനമാക്കി അവധി സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും.
ഇ-സേവനങ്ങള്‍ കുവൈത്ത് പ്രവാസികള്‍ക്ക് നേട്ടമാകും
പ്രവാസികള്‍ക്ക് വിസ, താമസാനുമതി നടപടികള്‍ എളുപ്പമാക്കുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ അവതരിപ്പിച്ചു. പുതുക്കിയ സംവിധാനം വഴി, ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള താമസാനുമതികള്‍ ഇപ്പോള്‍ ഓണ്‍ലൈനായി നല്‍കാനും പുതുക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. ഇത് സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇ-സേവനങ്ങള്‍ നേരിട്ട് ലഭ്യമാണ്.
രേഖകള്‍ കുറയ്ക്കാനും സമയം ലാഭിക്കാനും കുവൈത്തിന്റെ ഇ-ഗവണ്‍മെന്റ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനുമാണ് ഈ മാറ്റം. പുതിയ ഓണ്‍ലൈന്‍ സംവിധാനം പ്രവാസികള്‍ക്ക് തൊഴിലധിഷ്ഠിത താമസാനുമതികള്‍ പുതുക്കാനും ജോലിമാറുമ്പോള്‍ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സഹായിക്കും. ജോലി മാറുമ്പോള്‍ താമസാനുമതി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണമായ പ്രക്രിയയായിരുന്നു മുന്‍പ് പല പ്രവാസികളും നേരിട്ട പ്രധാന വെല്ലുവിളി. പുതിയ ഇ-സേവനങ്ങള്‍ ഈ ട്രാന്‍സ്ഫറുകള്‍ വേഗത്തില്‍ ഡിജിറ്റലായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
കൂടാതെ, വര്‍ക്കര്‍ പെര്‍മിറ്റില്‍ നിന്ന് താല്‍ക്കാലിക താമസാനുമതിയിലേക്ക് വേഗത്തില്‍ മാറാന്‍ സാധിക്കും. ഇതിന് നിരവധി മാനുവല്‍ അംഗീകാരങ്ങളുടെയും രേഖകളുടെയും ആവശ്യമില്ല. കുവൈത്തിലെ സിവില്‍, സ്വകാര്യ മേഖലകളിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ ഡിജിറ്റല്‍ മാറ്റം പ്രയോജനം ചെയ്യും.
കുവൈത്തിന്റെ പുതുക്കിയ വിദേശ താമസാനുമതി നിയമത്തിന്റെ ഭാഗമായ എക്‌സിക്യൂട്ടീവ് റെസിഡന്‍സി നിയമങ്ങള്‍ പ്രവേശന, സന്ദര്‍ശക വിസാ ഫീസുകള്‍ ഏകീകരിച്ചു. നിലവില്‍, പ്രവേശന, സന്ദര്‍ശക വിസകള്‍ക്ക് പ്രതിമാസം 10 കുവൈറ്റ് ദിനാര്‍ ആണ് ഫീസ്. നിക്ഷേപകര്‍ക്കും സ്വത്ത് ഉടമകള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും 15 വര്‍ഷം വരെ താമസാനുമതിയും ലഭിക്കും. കുവൈറ്റിലെ എല്ലാ വിദേശ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ വിസ/താമസാനുമതിക്ക് അനുസൃതമായ സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications