2030 ലക്ഷ്യമാക്കി സൗദി അറേബ്യ കുതിക്കുന്നു: ഒപ്പം കുതിച്ച് ഇന്ത്യയും, വന്‍ നേട്ടങ്ങള്‍
2030നകം സാമ്പത്തികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കിരീടവകാശിയായ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ നടപ്പിലാക്കുന്ന പദ്ധതിയാണ് വിഷന്‍ 2030. പദ്ധതിക്ക് കീഴില്‍ നിയോം ഉള്‍പ്പെടെ നിരവധിവമ്പന്‍ പ്രോജക്ടുകളാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സൗദിയുടെ ഈ അഭിമാന പദ്ധതികള്‍ ഇന്ത്യന്‍ ഇൻഫ്രാസ്ട്രക്ചർ കമ്പനികള്‍ക്കും വലിയ മുന്നേറ്റം നല്‍കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
എഞ്ചിനീയറിംഗ് ഭീമനായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാർസൻ ആന്‍ഡ് ടൂബ്രോയ്ക്ക് ഉള്‍പ്പെടെ സൗദി അറേബ്യയിൽ നിന്നും നിരവധി ഓർഡറുകളാണ് ഇതിനോടകം ലഭിച്ചത്. നിലവില്‍ കമ്പനിയുടെ വിദേശ ഓർഡറുകളുടെ 80-90 ശതമാനവും വഹിക്കുന്നത് സൗദി അറേബ്യയാണ് എന്നതാണ് ശ്രദ്ധേയം . എഞ്ചിനീയറിംഗ്, സംഭരണം, അടിസ്ഥാന സൗകര്യങ്ങൾ, ഉള്‍പ്പെടെ നിരവധി നിർമ്മാണ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിർണ്ണായക പങ്കാളിത്തമുണ്ട്.

കഴിഞ്ഞയാഴ്ച, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി 2 ബില്യൺ ഡോളറിലധികം നിക്ഷേപമുള്ള 500-ലധികം ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്ന സൗദി അറേബ്യയിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ഒരു പ്രതിനിധി സംഘത്തെ കൊണ്ടുപോയിരുന്നു. വിവിധ സാമ്പത്തിക വാണിജ്യ മേഖലകളിൽ സൗദി അറേബ്യയുടെ ഇന്ത്യയിലെ നിക്ഷേപം 3.3 ബില്യൺ ഡോളർ കവിഞ്ഞതായും കണക്കുകള്‍ കാണിക്കുന്നു.
സൗദി അറേബ്യയുടെ വിഷൻ 2030 ൻ്റെ വികസനത്തിൽ ഇന്ത്യൻ കമ്പനികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സൗദി സന്ദർശന വേളയിൽ FICCI സെക്രട്ടറി ജനറൽ എസ്‌കെ പഥക് പ്രത്യേകം എടുത്ത് പറഞ്ഞു. നിയോം പദ്ധതിയിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിർണ്ണായക പങ്കാളിത്തമുള്ളത്. "നിയോം നഗരം മുഴുവനും ഒരു ട്രില്യൺ ഡോളറിന് മുകളില്‍ വരുന്ന പദ്ധതിയാണ്. ഇന്ത്യൻ കമ്പനികൾക്ക് അതിൽ വലിയൊരു പങ്ക് ലഭിക്കും." എസ്‌കെ പഥക് പറഞ്ഞു.
ഇന്ത്യയിലെ സൗദി അറേബ്യൻ അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈൻ പറയുന്നതനുസരിച്ച്, സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ്. അതേസമയം ഇന്ത്യ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2023 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 43 ബില്യൺ ഡോളറിനടുത്തായിരുന്നു. ഇക്കാലയളവില്‍ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ഏകദേശം 30 ബില്യൺ ഡോളറാണ്.
സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ തോതില്‍ മെച്ചപ്പെട്ടിരുന്നു. "പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികൾക്കുള്ള വലിയ അനുഭവസമ്പത്ത്, ഇന്ത്യൻ കമ്പനികളിലുള്ള വിദേശ സർക്കാരുകളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ഇന്ത്യൻ സ്ഥാപനങ്ങൾക്ക് പ്രോജക്ട് നൽകുന്നതിന് സഹായിക്കുകയും ചെയ്തു," ബ്യൂറോ ഓഫ് റിസർച്ച് ഓൺ ഇൻഡസ്ട്രിയുടെ ഡയറക്ടറും സ്ഥാപക അംഗവുമായ അഫാഖ് ഹുസൈൻ പറഞ്ഞു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പുതിയ ടെൻഡറുകളുടെ സാങ്കേതിക നിലവാരം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹുസൈൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ പതിറ്റാണ്ടുകളായി ഇന്ത്യയുടെ വികസനവും അതേ സമയം ഇന്ത്യയിൽ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ വർദ്ധിച്ചുവരുന്ന സാങ്കേതിക സങ്കീർണ്ണതയും ആഗോള ടെൻഡറുകളുടെ കാര്യത്തിൽ ഇന്ത്യൻ കമ്പനികളുടെ കഴിവ് തെളിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി പിനാക് ആർ ചക്രവർത്തിയും വ്യക്തമാക്കുന്നു.
ബാന്ദ്ര-വർളി സീ ലിങ്ക്, ഡൽഹി മെട്രോ തുടങ്ങിയ പദ്ധതികൾ ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനികളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയെന്നും ചക്രവർത്തി പറഞ്ഞു. 2010 കളുടെ തുടക്കത്തെ അപേക്ഷിച്ച് കൂടുതൽ ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ ആഗോള ടെൻഡറുകൾക്ക് യോഗ്യത നേടുന്നു എന്നതും ശ്രദ്ധേയമാണ്, സൗദി അറേബ്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച പേരാണ് ഉള്ളതെന്നും ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications