യുഎഇയിലേക്കുള്ള ഇ വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? എന്തൊക്കെ രേഖകൾ ആവശ്യം..ആർക്കൊക്കെ അപേക്ഷിക്കാം
നിങ്ങൾ ഏതെങ്കിലും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ താമസക്കാരനാണെങ്കിൽ യുഎഇ സന്ദർശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനോ ഉള്ള യാത്രക്കോ ഇ- വിസ സൗകര്യം ഉപയോഗപ്പെടുത്താം. 30 ദിവസത്തെ ഇ- വിസയ്ക്കായി ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ഇ വിസകൾക്കുള്ള അപേക്ഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക ഓൺലൈൻ സേവന പ്ലാറ്റ്ഫോമായ smartservices.icp.gov.ae വഴി ജിസിസി നിവാസികൾക്കുള്ള ഇ വിസ ആപ്ലിക്കേഷൻ ലഭ്യം ആണ്.

ജിസിസി താമസക്കാർക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകൾ
ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ സാധുതയുള്ള താമസവിസ. കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും കാലാവധി ഉള്ള വിസയാകണം. സാധുവായ പാസ്പോർട്ടിന്റെ കോപ്പി. ആറ് മാസത്തേക്ക് എങ്കിലും സാധുവായ പാസ്പോർട്ട് ആയിരിക്കണം.കളർ പാസ്പോർട്ട് സൈസ് ഫോട്ടോ. പാസ്പോർട്ട് സൈസ് അപ് ലോഡ് ചെയ്യുമ്പോൽ ഇതിന് മുമ്പ് ഐസിപി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് എന്ന് ഉറപ്പ് വരുത്തണം.
ഭാര്യയോ മക്കളോ ഉൾപ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കിൽ അവരുമായി ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കണം. ചില രാജ്യക്കാർക ഇതിനു പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയക്കൊപ്പം നൽകിയ വിവരങ്ങൾ അനുസരിച്ച് അധിക രേഖകളും ആവശ്യമാണെങ്കിൽ സമർപ്പിക്കേണ്ടി വരും. ആകെ 350 ദിർഹമാണ് ഫീസിനത്തിൽ ചെലവ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഐസിപി സ്മാർട്ട് സർവീസ് വഴി ഇ വിസ ആപ്ലിക്കേഷനിൽ ഓൺലൈൻ ആയി പ്രവേശിക്കുന്നതിന് യുഎഇ പാസ്സ് അക്കൗണ്ട് നിർബന്ധമാണ്. പൗരന്മാർ, തമാസക്കാർ, സന്ദർശകർ എന്നിവർക്കുള്ള ഡിജിറ്റൽ ഐഡന്റിറ്റിയാണിത്. സന്ദർശകർക്ക് യുഎഇ പാസ് ആപ്പ് ഡൗൺലോഡ് ചെയ്ത് വിസിറ്റർ ഓപ്ഷൻ ക്ലിക്ക് ചെയ്ത് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
smartservices.icp.gov.ae വെബ്‌സൈറ്റ് സന്ദർശിച്ച് ഇ-മെയിൽ ഐഡി, പാസ് വേർഡ് എന്നിവയോ യുഎഇ പാസ് അക്കൗണ്ടോ നൽകി ലോഗിൻ ചെയ്യാവുന്നതാണ്. ഇതിന് പിന്നാലെ ഒരു പേഴ്സൺ ഡാഷ്ബോർഡ് തുറന്നുവരും.. ഏത് എമിറേറ്റിലേക്കാണോ യാത്ര ചെയ്യേണ്ടത് അവിടത്തെ ഐസിപി ഡിപ്പാർട്ട്മെന്റ് ക്ലിക്ക് ചെയ്യുക.
ഇഷ്യു എൻട്രി പെർമിറ്റി ഫോർ ജിസിസി റെസിഡന്റ് ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം ചെയ്യേണ്ടത് സ്റ്റാർട്ട് സർവീസ് ക്ലിക്ക് ചെയ്യുക എന്നതാണ്.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കുക. ഇങ്ങനെ ചെയ്ത് കഴിയുമ്പോൾ ഒരു ട്രാൻസാക്ഷൻ നമ്പറോ അല്ലെങ്കിൽ അപേക്ഷ നമ്പറോ ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വിസ ആപ്ലിക്കേഷൻ നടപടികൾ ട്രാക്ക് ചെയ്യാം.
അപേക്ഷ അംഗീകരിച്ചാൽ രണ്ട് മുതൽ അഞ്ച് ബിസിനസ് ദിവസങ്ങൾക്കുള്ളിൽ വിസിറ്റ് വിസ ലഭിക്കും. ആപ്ലിക്കേഷനിൽ നൽകിയ ഇ മെയിൽ വിലാസത്തിൽ ആണ് ഇ വിസ ലഭിക്കുക












Click it and Unblock the Notifications