ഖത്തര്‍ ഗോള്‍ഡന്‍ വിസ റെഡി; ഇന്ത്യക്കാര്‍ക്കും കിട്ടും, യോഗ്യത ഇതാണ്, അപേക്ഷിക്കേണ്ട വിധം
ദോഹ: സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികളുള്ള ജിസിസി രാജ്യമാണ് ഖത്തര്‍. കൊച്ചു രാജ്യമാണെങ്കിലും സമ്പന്നം. ഇവിടെ സ്ഥിരതാമസമാക്കിയാലോ എന്ന് പ്രവാസികളില്‍ പലരും പറഞ്ഞിട്ടുണ്ട്. ശാന്ത സുന്ദരമാണ് ഖത്തര്‍. സുരക്ഷാ പ്രശ്‌നങ്ങളുമില്ല. ദുബായ് അപോലെ അല്ലെങ്കിലും വികസന പാതയിലാണ് തലസ്ഥാനമായ ദോഹ.
മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന് സൗദി അറേബ്യയുമായി മാത്രമാണ് കര അതിര്‍ത്തിയുള്ളത്. ഫുട്‌ബോള്‍ ലോകകപ്പിലൂടെ, നിരവധി കായിക മല്‍സരങ്ങള്‍ക്ക് വേദിയായി ഖത്തര്‍ പ്രവാസികളെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. അവിടെ സ്ഥിര താസമാക്കണം എന്ന് തോന്നുന്നവര്‍ക്ക് ഖത്തര്‍ അവസരം നല്‍കുന്നു. ഖത്തറില്‍ താമസിക്കാം. ദീര്‍ഘകാല വിസയിലോ അല്ലെങ്കില്‍ ഇനിയുള്ള കാലം മുഴുവനായോ....

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ അടുത്തിടെ ഖത്തറില്‍ വീട് വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പല രാജ്യങ്ങളിലും വീടുകള്‍ സ്വന്തമാക്കുന്ന അദ്ദേഹം ഖത്തറില്‍ വീടുവാങ്ങിയത് ഒഴിവുകാലം ചെലവഴിക്കാനാണ്. സമാനമായ ആഗ്രഹമുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. ചില മാനദണ്ഡങ്ങള്‍ പാലിക്കണം എന്നു മാത്രം.
വിസ ലഭിക്കാനുള്ള യോഗ്യത ഇതാണ്
സമ്പന്നനായിരിക്കണം, സംരംഭകനായിരിക്കണം, ഖത്തറില്‍ നിക്ഷേപിക്കണം, ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ ഖത്തര്‍ മുന്നോട്ട് വെക്കുന്നു. ഏകദേശം ഒന്നര കോടി രൂപ ഖത്തറില്‍ നിക്ഷേപിക്കാന്‍ തയ്യറാകുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസയാണ് ഖത്തര്‍ അനുവദിക്കുന്നത്. ഏഴര കോടി നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും. അഞ്ച് വര്‍ഷത്തെ വിസ കാലാവധി കഴിയുമ്പോള്‍ പുതുക്കാം.
സ്ഥിരതാമസ അനുമതി ലഭിച്ചവര്‍ക്ക് ഖത്തറിലെ ആരോഗ്യ മേഖലയുടെയും വിദ്യാഭ്യാസ രംഗത്തെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. സ്ഥിരതാമസ കാര്‍ഡ് അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ഇവര്‍ക്ക് സ്വന്തമായി വീട് വാങ്ങാനുള്ള അനുമതിയുണ്ടാകും. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്താകും അനുമതി. ദി പേള്‍, ലുസൈല്‍ സിറ്റി, മശ്രിബ് തുടങ്ങിയ മേഖലകള്‍ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം
ദീര്‍ഘകാല വിസ ലഭിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഖത്തറില്‍ ബിസിനസ് ചെയ്യാനും അനുമതി ലഭിക്കും. ഖത്തറിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. വിദേശ നിക്ഷേപം വരുന്നതോടെ വിപണി സജീവമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ യോഗ്യനാണ് എന്ന് കാണിക്കുന്നതിന് നിക്ഷേപത്തിന്റെ രേഖ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടി വരും. അനുബന്ധ രേഖകളും കൈമാറണം. മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട കമ്മിറ്റി രേഖകള്‍ പരിശോധിച്ച ശേഷം ദീര്‍ഘകാല വിസ നല്‍കാന്‍ ശുപാര്‍ശ ചെയ്യും. അംഗീകരിക്കപ്പെട്ടാല്‍ റസിഡന്‍സി കാര്‍ഡ് ലഭിക്കും. ഇവര്‍ക്ക് ഖത്തറിലെ സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications