ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി
ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണം ലോക സാമ്പത്തിക ക്രമം തെറ്റിക്കുകയാണ്. പ്രതിക്രിയയുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി ഏഷ്യന്‍ രാജ്യങ്ങളെ വെട്ടിലാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയുടെയും വാതകത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധി നേരിട്ടേക്കുമെന്ന വാര്‍ത്തകളും വന്നുകഴിഞ്ഞു.
സൗദി അറേബ്യ പ്രധാന റിഫൈനറി അടച്ചു, എല്‍എന്‍ജി കയറ്റുമതി ഖത്തര്‍ നിര്‍ത്തിവച്ചു, ചില എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചതായി കുവൈത്ത് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് അല്‍ കഅബിയുടെ പ്രതികരണം. വൈകാതെ ക്രൂഡ് ഓയില്‍ വില ബാരലിന് 150 ഡോളര്‍ ആകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളര്‍ വിലയുള്ളപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് ഏകദേശം 100 രൂപയാണ് ലിറ്റര്‍ വില. ഇനി ക്രൂഡ് ഓയില്‍ വില 150 ഡോളര്‍ ആകുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില ഇരട്ടിയായേക്കും. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരല്‍ വില 92 ഡോളര്‍ ആയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ഉയര്‍ന്ന വിലയിലേക്ക് ക്രൂഡ് എത്തുന്നത്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് വില 103 ഡോളര്‍ ആയി ഉയര്‍ന്നു.
ഖത്തറില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും പ്രകൃതി വാതകം വരുന്നത്. ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെ ഖത്തര്‍ താല്‍ക്കാലികമായി കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ പാചക വാതക വില വര്‍ധിപ്പിച്ചിരിക്കുന്നത്. സിലിണ്ടറിന് 60 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടര്‍ വിലയും കൂടുകയാണ്. ഇതോടെ ഹോട്ടല്‍ ഭക്ഷണ വില ഉയരും.
ഉല്‍പ്പാദിപ്പിച്ച എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കുവൈത്ത് ചില എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലും വാതകവുമെല്ലാം ഹോര്‍മുസ് വഴിയാണ് ഇന്ത്യയിലേക്കും ചൈനയിലേക്കും എത്തുന്നത്. ഇറാന്‍ തടസം സൃഷ്ടിച്ചതു കാരണം ഇവിടെ ടാങ്കറുകള്‍ കെട്ടിക്കിടക്കുന്നത് ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇനി അടവ് മാറ്റുകയാണോ ഇറാന്‍
ഇതിനിടെ ഇറാനില്‍ നിന്ന് ആശ്വാസമുള്ള വാര്‍ത്ത വന്നിട്ടുണ്ട്. അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ല എന്നതാണ് ഇറാന്റെ ഒരു പ്രഖ്യാപനം. നേരത്തെ നടത്തിയ ആക്രമണത്തിന് ഇറാന്‍ പ്രസിഡന്റ് മാപ്പ് ചോദിക്കുകയും ചെയ്തു. ഹോര്‍മുസ് വഴി ഇസ്രായേല്‍, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുകള്‍ മാത്രമാണ് തടയുക എന്നും ഇറാന്‍ വ്യക്തമാക്കി. ഇത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു.
അതേസമയം, ഹോര്‍മുസില്‍ സുരക്ഷിത പാത ഒരുക്കാന്‍ സൈന്യത്തെ അയച്ചേക്കുമെന്ന് അമേരിക്ക സൂചിപ്പിച്ചു. ഇതോടെ മേഖല കൂടുതല്‍ ഭീഷണിയിലാകുമോ എന്നും ആശങ്കയുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും മാത്രം ആക്രമിക്കാനാണ് ഇറാന്റെ പദ്ധതി. ഇതിനിടയില്‍ ഖത്തര്‍ മന്ത്രി പറഞ്ഞ പോലെ ക്രൂഡ് ഓയില്‍ വില 150 ഡോളര്‍ എത്തിയാല്‍ ഇന്ത്യ വെട്ടിലാകും. കാരണം, ആവശ്യമുള്ളതിന്റെ 80 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.












Click it and Unblock the Notifications