ഇങ്ങനെ പോയാല്‍ 2030 ആകേണ്ട, അതിന് മുമ്പ് തന്നെ ഇന്ത്യയും യുഎഇയും ആ ലക്ഷ്യത്തിലെത്തും
ഇന്ത്യയും യു എ ഇയും തമ്മലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതല്‍ ശക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030-ന് മുമ്പ് 100 ബില്യൺ ഡോളർ എന്ന ലക്ഷ്യം മറികടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് വർഷാവർഷം 12.7 ശതമാനം വർധനവോടെയായിരിക്കും ഈ നേട്ടത്തിലേക്ക് എത്തുക.
2022-23 സാമ്പത്തികള വർഷത്തിലെ വ്യാപാര കണക്കുകള്‍ പ്രാകരം യു എ ഇ നിലവില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ്. പ്രൈമസ് പാർട്‌ണേഴ്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 85 ബില്യൺ ഡോളറിലെത്തി. ഇതോടെ 2030 ന് മുമ്പ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യണ്‍ ഡോളർ എന്ന പരിധി കടക്കും.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സമീപകാല ഇന്ത്യാ സന്ദർശനത്തോടെ ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധം കൂടുതല്‍ ദൃഢമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടർന്ന് ഇരു രാജ്യങ്ങളും അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവക്കുകയും ചെയ്തു.
2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) പോലെയുള്ള ഘടനാപരമായ പരിഷ്കാരങ്ങളാണ് ഇന്ത്യ-യുഎഇ വ്യാപാര ബന്ധങ്ങൾ ഒരു പുതിയ തലത്തിലേക്ക് മാറ്റിയത്. "ഈ വ്യാപാര വളർച്ച രത്‌നങ്ങൾ, ആഭരണങ്ങൾ, ഐടി തുടങ്ങിയ നിലവിലുള്ള മേഖലകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഹരിത ഊർജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വളർന്നുവരുന്ന വ്യവസായങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു" പ്രൈമസ് പാർട്‌ണേഴ്‌സിൻ്റെ സി ഇ ഒയും സഹസ്ഥാപകനുമായ നിലയ വർമ്മ പറഞ്ഞു.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ എം ഇ ഇസി), ഇന്ത്യ-ഇസ്രായേൽ-യുഎഇ-യുഎസ് (ഐ2യു2) സഖ്യം ഉൾപ്പെടെയുള്ള പ്രധാന സഹകരണ സംരംഭങ്ങളും ഈ ബന്ധങ്ങളില്‍ നിർണ്ണായകമാണ്. നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു മാസ്റ്റർ ഡാഷ്‌ബോർഡ് നടപ്പിലാക്കുന്നത് പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാന്‍ ഒരുങ്ങുകയുമാണ്.
പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ നിരീക്ഷിക്കുന്നതിനുള്ള ഒരു മാസ്റ്റർ ഡാഷ്ബോർഡ്,ചരക്കുകൾക്കും സേവനങ്ങൾക്കുമായി ഇന്ത്യയുടെ ഒഎൻഡിസി മോഡൽ ഉപയോഗിച്ച് ഒരു ഉഭയകക്ഷി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങി ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾക്ക് ഇരുരാജ്യങ്ങളും തുടക്കം കുറിച്ചിട്ടുണ്ട് .
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രാദേശികവും ആഗോളവുമായ വ്യാപാരത്തിൻ്റെ ഭാവിയെ പുനർനിർമ്മിക്കുന്ന ഒരു ബഹുമുഖ പങ്കാളിത്തമായി മാറിയതായി പ്രൈമസ് പാർട്‌ണേഴ്‌സ് യുഎഇ ഡയറക്ടർ നാദർ ഹാഫറും വ്യക്തമാക്കി.
"ലോകത്തിലെ അതിവേഗം വളരുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു, വളർന്നുവരുന്ന വിപണി പങ്കാളിത്തത്തിന് ആഗോള മാതൃകയായും ദീർഘകാല അഭിവൃദ്ധിക്കായി ഒരു മികച്ച അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുന്നു," ഹാഫർ കൂട്ടിച്ചേർത്തു.
പരമ്പരാഗതമായി ഇരുരാജ്യങ്ങളുടേയും വ്യാപാരത്തിൻ്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന രത്നങ്ങളും ആഭരണങ്ങളും വ്യാപാര പങ്കാളിത്ത കരാറിന്റെ പ്രധാന കേന്ദ്രമായി നിലകൊള്ളുന്നു. ലോഹങ്ങൾ, കല്ലുകൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ യുഎഇയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉത്പനങ്ങളില്‍ ഒന്നായി ഇപ്പോഴും തുടരുന്നു. കൂടാതെ, ധാന്യങ്ങൾ, പഞ്ചസാര, പഴങ്ങൾ, പച്ചക്കറികൾ, തേയില എന്നിവയുൾപ്പെടെ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കാർഷിക കയറ്റുമതിയിലും അടുത്ത കാലത്ത് വർധനവ് കണ്ടു.












Click it and Unblock the Notifications