സൗദി അറേബ്യ, യുഎഇ, ഒമാന്‍... ഇന്ത്യ വിജയം കണ്ട രാജ്യങ്ങള്‍, പിടികൊടുക്കാതെ ഖത്തര്‍
സംഭവ ബഹുലമായിരുന്നു 2023. ഗള്‍ഫ് രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കാന്‍ ഇന്ത്യ നടത്തിയ നീക്കം വിജയം കണ്ട വര്‍ഷം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ഇന്ത്യ സന്ദര്‍ശിച്ചതും നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചതും ബന്ധത്തിന്റെ ദൃഢത വര്‍ധിപ്പിച്ചു. ഈ വര്‍ഷം ആശങ്ക സമ്മാനിച്ചത് ഖത്തറിലെ കോടതി വിധിയാണ്.
ജിസിസി രാജ്യങ്ങളെ സംബന്ധിച്ച് നയംമാറ്റത്തിന്റെ മാസങ്ങളാണ് കടന്നുപോയത്. അമേരിക്കയോടും യൂറോപ്പിനോടും കൂടുതല്‍ മമത കാണിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ അല്‍പ്പം മാറ്റിപ്പിടിച്ചത് ഈ വര്‍ഷം പ്രകടമായി. ചൈനയും റഷ്യയും ജിസിസി രാജ്യങ്ങളില്‍ സ്വാധീനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായിരുന്നു സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. 2023ല്‍ ജിസിസിയില്‍ നടന്ന പ്രധാന സംഭവങ്ങള്‍ ചുരുക്കി പറയാം...

സൗദി അറേബ്യയും അയല്‍ രാജ്യമായ യമനും തമ്മിലുള്ള പോരാണ് 2022ന് പറയാനുണ്ടായിരുന്നത് എങ്കില്‍ ചര്‍ച്ചയിലൂടെ യുദ്ധ വിരാമമുണ്ടായത് ഈ വര്‍ഷമാണ്. അതേസമയം, സൗദി അറേബ്യ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തിന് ശ്രമിക്കുന്നതും കണ്ടു. ഇറാനുമായി സൗദിയെ ഇണക്കിയത് ചൈനയായിരുന്നു എങ്കില്‍ ഇസ്രായേലുമായി സൗദിയെ അടുപ്പിക്കാന്‍ ശ്രമിച്ചത് അമേരിക്കയായിരുന്നു.
ഇസ്രായേലുമായുള്ള സൗദിയുടെ ഐക്യനീക്കം പാതിവഴിയില്‍ നിലച്ചു. ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതും ഇസ്രായേല്‍ ഗാസയില്‍ കൂട്ടക്കൊല നടത്തുന്നതും അറബ്-ഇസ്രായേല്‍ സഖ്യനീക്കത്തിന് തടയിട്ടു. ഇസ്രായേലുമായും ഇറാനുമായും സൗദി സഖ്യനീക്കം നടത്തി എന്നതാണ് വിചിത്രമായത്. ഇറാനുമായുള്ള ബന്ധം നേതാക്കളുടെ സന്ദര്‍ശനത്തിലേക്കും ഉംറ തീര്‍ഥാടന അനുമതിയിലേക്കും വിസാ ഇളവിലേക്കും വിമാന സര്‍വീസിലേക്കും വരെ എത്തി നില്‍ക്കുന്നു.
ചൈനയുമായി മാത്രമല്ല, റഷ്യയുമായും ഗള്‍ഫ് രാജ്യങ്ങള്‍ അടുപ്പം കാണിക്കാന്‍ തുടങ്ങി എന്നതാണ് ഈ വര്‍ഷം എടുത്തു പറയേണ്ട നയംമാറ്റം. ലോക രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മധ്യസ്ഥന്റെ റോളില്‍ ഖത്തര്‍ തിളങ്ങി എന്നതും ശ്രദ്ധേയം. സുഡാനിലെ ആഭ്യന്തര യുദ്ധം, റഷ്യ-യുക്രൈന്‍ തടവുകാരുടെ കൈമാറ്റം, ഇറാന്‍-യുഎസ് തടവുകാരുടെ കൈമാറ്റം, ഇസ്രായേല്‍-ഹമാസ് തടവുകാരുടെ കൈമാറ്റം എന്നിവയിലെല്ലാം ഖത്തര്‍ സുപ്രധാന പങ്ക് വഹിച്ചു.

ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും ഇന്ത്യയുമായി സുപ്രധാന കരാറില്‍ ഒപ്പുവച്ചത് ഈ വര്‍ഷം സെപ്തംബറിലാണ്. ഇന്ത്യയില്‍ നിന്ന് തുടങ്ങി, യുഎഇ, സൗദി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് യൂറോപ്പിലേക്കുള്ള ചരക്കുപാതയാണ് ധാരണയായത്. കപ്പല്‍, ട്രെയിന്‍ പാതകളെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പാത.
ഇന്ത്യയുമായി യുഎഇ പ്രാദേശിക കറന്‍സിയില്‍ ഇടപാട് നടത്താന്‍ ധാരണയായതും ഈ വര്‍ഷമാണ്. രൂപയും ദിര്‍ഹവും അടിസ്ഥാനമാക്കി വ്യാപാരം നടക്കുമ്പോള്‍ നഷ്ടം ഡോളറിനാണ്. അമേരിക്കക്ക് കൂടുതല്‍ തിരിച്ചടിയാണ് ഗള്‍ഫിലെ നയംമാറ്റമെന്ന വിലയിരുത്തലുണ്ട്. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ ധാരണയായത് പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി. ജിസിസി ഏകീകൃത വിസ വരുന്നതും നേട്ടമാണ്.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയും സൗദിയും തമ്മിലുള്ള എണ്ണ ഇടപാടില്‍ അല്‍പ്പം കുറവ് വന്നു എന്നതും ഈ വര്‍ഷത്തെ പ്രധാന മാറ്റമാണ്. ഇപ്പോള്‍ റഷ്യയ്ക്കും ഇറാഖിനും ശേഷമാണ് ഇന്ത്യയുമായുള്ള ഇടപാടില്‍ സൗദിയുടെ സ്ഥാനം. ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയിലെത്തി ഗുജറാത്ത്-മസ്‌ക്കത്ത് കപ്പല്‍ സര്‍വീസും സ്വതന്ത്ര്യ വ്യാപാര കരാറുമെല്ലാം ചര്‍ച്ചയായി എന്നതും എടുത്തുപറയണം.

ഖത്തറില്‍ നിന്ന് അല്‍പ്പം വിഷമമുള്ള വാര്‍ത്തയും വന്നു. എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചു. ചാരവൃത്തിയാണ് ആരോപണം. ഇവരുടെ മോചനത്തിനുള്ള ശ്രമം ഇന്ത്യ തുടരുന്നുണ്ട്. യുഎഇയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ കണ്ടപ്പോള്‍ മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി.
യുഎഇയിലാണ് ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടി നടന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണം എന്ന ധാരണയിലാണ് ഉച്ചകോടി അവസാനിച്ചത്. കുവൈത്ത് അമീര്‍ ശൈഖ് നവാഫിന്റെ മരണത്തിലൂടെ ഗള്‍ഫ് മേഖലയ്ക്ക് ദുഃഖം സമ്മാനിച്ചാണ് 2023 കടന്നുപോകുന്നത്. ഒപ്പം ഗാസയിലെ ഇസ്രായേല്‍ ആക്രമണം നിലയ്ക്കാത്തതും ജിസിസി രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നു.












Click it and Unblock the Notifications