യുഎഇ-ഇന്ത്യ യാത്രയ്ക്ക് വെറും 6000 രൂപ! കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഓഫര്‍..!
ദുബായ്: മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മുന്‍നിര ബഡ്ജറ്റ് ഫ്രണ്ട്‌ലി വിമാനക്കമ്പനിയായ എയര്‍ അറേബ്യ, ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കും മറ്റ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉള്ള നോണ്‍ - സ്റ്റോപ്പ് വിമാനങ്ങളില്‍ ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ചു. സൂപ്പര്‍ സീറ്റ് സെയിലിന്റെ ഭാഗമായിട്ടാണ് നിരക്കുകളില്‍ ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 6038 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കില്‍ 1 ദശലക്ഷം സീറ്റുകള്‍ ആണ് 'സൂപ്പര്‍ സീറ്റ് സെയിലില്‍' പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേതിന് പുറമെ ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും മ്യൂണിക്ക്, പ്രാഗ്, മിലാന്‍, വിയന്ന, വാര്‍സോ, ഏഥന്‍സ്, മോസ്‌കോ, ബാക്കു, ടിബിലിസി, നെയ്റോബി, കെയ്റോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും ഈ പ്രമോഷനില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടായിരിക്കുക.

കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ് ഉള്ളത്. ഇതിന് പുറമെ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പൂര്‍, നാഗ്പൂര്‍, ഗോവ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെ ബുക്കിംഗ് ലഭ്യമാണ്. 2026 ഫെബ്രുവരി 17 നും ഒക്ടോബര്‍ 24 നും ഇടയിലും ഉള്ള യാത്രകള്‍ക്കാണ് സൂപ്പര്‍ സീറ്റ് സെയില്‍ ബാധകമാകുക.
യു എ ഇയില്‍ നിന്ന്, ജി സി സി, ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന യാത്രകള്‍ക്കായി 139 ദിര്‍ഹത്തില്‍ നിന്നാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. സീറ്റുകള്‍ പരിമിതമാണ് എന്നതിനാല്‍ തന്നെ ഈ പ്രമോഷന്‍ പ്രയോജനപ്പെടുത്താന്‍ നേരത്തെയുള്ള ബുക്കിംഗ് നടത്തേണ്ടതുണ്ട്. യു എ ഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് ഹബ്ബുകളില്‍ നിന്ന് 200-ലധികം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് എയര്‍ അറേബ്യ.
സൂപ്പര്‍ സെയില്‍ പ്രകാരം മുംബൈ - ഷാര്‍ജ നിരക്ക് 6050 രൂപ മാത്രമായിരിക്കും. കൊച്ചി - ഷാര്‍ജ/അബുദാബി നിരക്ക് 7,265 ആയിരിക്കും. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം / കൊച്ചി / ചെന്നൈ / കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 299 ദിര്‍ഹമാണ് നിരക്ക്, അതായത് 7219 രൂപ. ഷാര്‍ജ - കൊളംബോ / കാഠ്മണ്ഡു / ധാക്ക എന്നിവിടങ്ങളിലേക്ക് 349 ദിര്‍ഹമാണ് വിമാന നിരക്ക്.












Click it and Unblock the Notifications