യുഎഇ 'ഫോര്‍വേഡ്' കളിക്കുന്നു; ഇന്ത്യയുടെ കമ്മി 350 കോടി ഡോളര്‍... എഫ്ടിഎ നേട്ടമാക്കി ഗള്‍ഫ് രാജ്യം
അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവച്ചത് 2022ലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലീകരിക്കാന്‍ സഹായകമാകുന്നതായിരുന്നു കരാര്‍. ഇറക്കുമതി കയറ്റുമതി ചെയ്യുന്നതില്‍ പരസ്പരം ഇളവുകള്‍ അനുവദിക്കുന്ന കരാറില്‍ നിന്ന് കൂടുതല്‍ നേട്ടം കൊയ്യുന്നത് യുഎഇ ആണെന്നാണ് പുതിയ കണക്കുകള്‍.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി വര്‍ധിക്കുന്നു എന്ന പുതിയ വിവരം ആശങ്കപ്പെടുത്തുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ ഒക്ടോബറിലെ കണക്ക് പ്രകാരം യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 70 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വന്‍തോതില്‍ കൂടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിക്ക് ഒച്ചിന്റെ വേഗതയേ ഉള്ളൂ.

ഒരു രാജ്യത്തിന്റെ വ്യാപാര കമ്മി കണക്കാക്കുന്നത് കയറ്റുമതിയും ഇറക്കുമതിയും ഒത്തുനോക്കിയാണ്. കയറ്റുമതി ഉയര്‍ന്നു നില്‍ക്കുന്നതാണ് വികസിത രാജ്യത്തിന്റെ ഒരു സൂചിക. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറക്കുമതിയാണ് ഉയര്‍ന്നുനില്‍ക്കുന്നത്. അതായത്, ഇന്ത്യയുടെ പണം കൂടുതല്‍ വിദേശത്തേക്ക് ഒഴുകുന്നു എന്ന് ചുരുക്കം.
വ്യാപാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. നികുതികളില്‍ ഇളവ് നല്‍കിയും കടലാസ് ജോലികള്‍ കുറച്ചും വ്യാപാരം കൂടുതല്‍ മികവുറ്റതാക്കുകയാണ് സ്വതന്ത്ര്യ വ്യാപാര കരാര്‍. യുഎഇയുമായി ഇന്ത്യ എഫ്ടിഎ ഒപ്പുവച്ചത് വലിയ നേട്ടമായി വ്യവസായ ലോകം വിലയിരുത്തിയിരുന്നു എങ്കിലും വന്‍മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് ഒക്ടോബറിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ കണക്കുകളുമായി അടിസ്ഥാനമാക്കിയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 350 കോടി ഡോളറായി വര്‍ധിച്ചുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്തംബറിലെ വ്യാപാര കമ്മി 247 കോടി ഡോളറായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഇന്ത്യയുടെ ഇറക്കുമതി 38.64 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24.91 ബില്യണ്‍ ഡോളറായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20.93 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18 ബില്യണായിരുന്നു. ഇറക്കുമതിയില്‍ വലിയ വര്‍ധനവുണ്ടായപ്പോള്‍ കയറ്റുമതിയില്‍ നേരിയ മുന്നേറ്റം മാത്രമാണെന്ന് കണക്കുകളില്‍ വ്യക്തം.
വെള്ളി ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍, ഈത്തപ്പഴം ഉള്‍പ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, ക്രൂഡ് ഓയില്‍, കെമിക്കല്‍സ്, സുഗന്ധ ദ്രവ്യം, ഇരുമ്പ്-ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമുണ്ട്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള മൂന്നാംകക്ഷികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ യുഎഇ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്ക പരിശോധിക്കുമെന്ന് യുഎഇ ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications