യുഎഇ ബിസിനസുകാര്‍ ഹാപ്പി; ഇനി രൂപ പറക്കും, ഇന്ത്യയുടെ ആ തീരുമാനം ഗെയിം ചെയ്ഞ്ചര്‍ ആകും
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടാന്‍ പോകുന്നു. ഇതിന് സഹായിക്കുന്ന സുപ്രധാന തീരുമാനം റിസര്‍വ് ബാങ്ക് എടുത്തു. വോസ്‌ട്രോ അക്കൗണ്ട് എടുക്കുന്നതിന് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി വേണം എന്ന നിബന്ധന ഒഴിവാക്കി. ഇതോടെ ഇരുരാജ്യങ്ങളുടെയും വ്യാപാരത്തിന്റെ വേഗത പതിന്മടങ്ങ് കൂടും.
ഇന്ത്യയും യുഎഇയും തമ്മില്‍ പതിറ്റാണ്ടുകളായി വ്യാപാര ബന്ധമുണ്ട്. 2022ല്‍ സമഗ്ര പങ്കാളിത്ത വ്യാപാര കരാര്‍ (സെപ) ഒപ്പുവച്ചതോടെ ഇരുരാജ്യങ്ങളും പരസ്പരം നികുതി ഇളവ് ചെയ്ത് വ്യാപാരം ശക്തമാക്കി. ഇപ്പോഴിതാ പണമിടപാട് വേഗത്തിലാക്കുന്ന തീരുമാനവും വന്നിരിക്കുന്നു. വൈകാതെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ക്രൂഡ് ഓയില്‍ ഇതര വ്യാപാരം 10000 കോടി ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.

വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്കുളില്‍ രൂപയില്‍ ഇടപാട് നടത്തുന്നതിന് തുറക്കുന്ന അക്കൗണ്ടാണ് വോസ്‌ട്രോ അക്കൗണ്ട്. ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍ വ്യാപാരം നടത്തുമ്പോള്‍ പണമിടപാട് ഈ ബാങ്കുകള്‍ വഴിയാക്കാം. സാധാരണ ഡോളര്‍, യൂറോ തുടങ്ങിയ കറന്‍സികളിലാണ് രാജ്യാന്തര ഇടപാടുകള്‍ നടക്കുക. എന്നാല്‍ വോസ്‌ട്രോ അക്കൗണ്ട് വഴി രൂപയില്‍ തന്നെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ഡോളറും യൂറോയും ലഭ്യമാകാന്‍ തടസം നേരിടുമ്പോള്‍ വ്യാപാര ഇടപാടുകള്‍ വൈകുന്ന സാഹചര്യമുണ്ട്. വോസ്‌ട്രോ അക്കൗണ്ട് വഴിയുള്ള ഇടപാട് സാധ്യമാകുന്നതോടെ ഈ തടസം നീങ്ങും. യുഎഇക്ക് ദിര്‍ഹവും ഇന്ത്യയ്ക്ക് രൂപയും വഴിയുള്ള ഇടപാടുകള്‍ സാധ്യമാണ്. പതിനായിരക്കണക്കിന് ഇന്ത്യന്‍ വ്യവസായികള്‍ ഉള്ള രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ ആര്‍ബിയുടെ പുതിയ തീരുമാനം ഇവര്‍ക്ക് നേട്ടമാകും.
സുപ്രധാന നേട്ടങ്ങള്‍
രൂപയില്‍ തന്നെ ഇടപാടുകള്‍ നടക്കുന്നതോടെ രൂപയ്ക്ക് വേണ്ടിയുള്ള ആവശ്യം കൂടിവരും. അത് ഇന്ത്യന്‍ രൂപയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും. ഡോളറിനെയും യൂറോയേയും ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യാം. എത്ര സംഖ്യയുടെ ഇടപാടാണോ നടത്തേണ്ടത്, അത്രയും മൂല്യമുള്ള രൂപ കൈമാറിയാല്‍ മതിയാകുമെന്നതാണ് വോസ്‌ട്രോ അക്കൗണ്ടിന്റെ ഗുണം.
വോസ്‌ട്രോ അക്കൗണ്ട് തുറക്കണം എങ്കില്‍ നേരത്തെ ആര്‍ബിഐയുടെ അനുമതി വേണായിരുന്നു. ഇനി മുതല്‍ ഈ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. നടപടികള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐയുടെ തീരുമാനം. മാത്രമല്ല, രൂപയുടെ മൂല്യം പരിധി വിട്ട് ഇടിയുന്ന സാഹചര്യം അടുത്തിടെയുണ്ടായിരുന്നു. ഡോളറിനെതരെ 88 രൂപ എന്ന നിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് രൂപയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ തീരുമാനം. യുഎഇയിലെ നിരവധി വ്യവസായ പ്രമുഖര്‍ ആര്‍ബിഐയുടെ തീരുമാനം സ്വാഗതം ചെയ്തു രംഗത്തുവന്നു. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 75000ത്തില്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ വന്‍തോതില്‍ പണം മുടക്കിയ രാജ്യം കൂടിയാണ് യുഎഇ.
ഇടപാടുകള്‍ എളുപ്പമാകുന്നതോടെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ യുഎഇയിലേക്ക് മാറിയേക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയും യുഎഇയും നടത്തിയ എണ്ണ ഇതര ഇടപാട് 6500 കോടി ഡോളറിന്റേതാണ്. ഇത് വൈകാതെ 10000 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുിന്നു. മാത്രമല്ല, യുഎഇ വഴി വിദേശത്തേക്ക് കയറ്റുതമി ചെയ്യുന്ന നിരവധി ഇന്ത്യന്‍ കമ്പനികളുണ്ട്. അവര്‍ക്കും പുതിയ തീരുമാനം നേട്ടമാകും.












Click it and Unblock the Notifications