ദുബായ് വിമാനത്താവളം വഴിയുള്ള യാത്ര കഴിയുമെങ്കില്‍ ഒഴിവാക്കുക: ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
അബുദാബി: യു എ ഇയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ച് എംബസി. മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ പൂർണമായി സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നത് വരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ വളരെ അത്യാവശ്യമല്ലെങ്കില്‍ മാറ്റിവെക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിർദേശം.
ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും നിർദേശമുണ്ട്. കനത്ത മഴ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയാകെ താളം തെറ്റിച്ചു. ഇതോടെ സർവ്വീസുകളുടെ എണ്ണമടക്കം വലിയ രീതിയില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാനം എത് ദിവസം, ഏത് സമയം പുറപ്പെടുമെന്ന് ബന്ധപ്പെട്ട വിമാന കമ്പനിയിൽ നിന്ന് അന്തിമ അറിയിപ്പ് കിട്ടുന്നത് വരെ വിമാനത്താവളത്തില്‍ എത്തരുതെന്ന് ദുബായ് വിമാനത്താവള അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്ര രംഗത്ത് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറിനുള്ളിൽ തന്നെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ നിയന്ത്രണങ്ങള്‍ തുടരും. ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി, ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏപ്രിൽ 17 മുതൽ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും എംമ്പസി പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, കോഴിക്കോട് നിന്നും ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യാവിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി മസ്കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലര്‍ച്ചെയോടെ കരിപ്പൂരിലേക്ക് എത്തിക്കുകയായിരുന്നു.
180 ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ എത്രയും പെട്ടെന്ന് തന്ന് റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാർ ആവശ്യപ്പെട്ടാല്‍ റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഉയർന്നേക്കുമെന്ന ആശങ്കയും ശക്തമാണ്. അടുത്ത ഏതാനും ദിവസങ്ങളിലായിട്ടായിരിക്കും നിരക്കുകള്‍ ഉയരുക. എന്നാല്‍ അടുത്തയാഴ്ച്ച മുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും ട്രാവല്‍ പോര്‍ട്ടുകളിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications