ഒന്നും രണ്ടുമല്ല... 232 കോടി രൂപ! എമിറേറ്റ്‌സ് നറുക്കെടുപ്പിന്റെ ജാക്ക്‌പോട്ട് സമ്മാനം ഇന്ത്യക്കാരന്!
എമിറേറ്റ്‌സ് നറുക്കെടുപ്പിന്റെ 100 മില്യണ്‍ ദിര്‍ഹം (27 മില്യണ്‍ ഡോളര്‍) സമ്മാനം ഇന്ത്യക്കാരന്. വ്യാഴാഴ്ച വൈകീട്ടാണ് എമിറേറ്റ്‌സ് നറുക്കെടുപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ചെന്നൈയില്‍ നിന്നുള്ള ശ്രീറാം രാജഗോപാലനാണ് വമ്പന്‍ സൗഭാഗ്യം തേടിയെത്തിയിരിക്കുന്നത്. മുന്‍ എഞ്ചിനീയറായ ശ്രീറാം രാജഗോപാലന്‍ നറുക്കെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്മാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.
മെഗാ 7 ഗെയിമിലെ ഏഴ് നമ്പറുകളും ശ്രീറാം രാജഗോപാലന്‍ യോജിപ്പിച്ചതായി എമിറേറ്റ്‌സ് നറുക്കെടുപ്പ് അധികൃതര്‍ വ്യക്തമാക്കി. ടൈച്ചെറോസിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് നറുക്കെടുപ്പ്, യുഎഇയുടെ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ റെഗുലേറ്ററി അപ്ഡേറ്റുകളെത്തുടര്‍ന്ന് 2023 അവസാനത്തോടെ യുഎഇ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇതിന് ശേഷമാണ് കമ്പനി അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ തിരിച്ചു. മാര്‍ച്ച് 16 നാണ് ശ്രീറാം രാജഗോപാലന്‍ സമ്മാനര്‍ഹമായ ടിക്കറ്റ് വാങ്ങുന്നത്. കണ്ണുകള്‍ അടച്ച് സ്‌റ്റൈലസ് ഉപയോഗിച്ച് ഫോണിലെ റാന്‍ഡം നമ്പറുകള്‍ ടാപ്പ് ചെയ്യുകയായിരുന്നു എന്ന് എമിറേറ്റ്‌സ് ഡ്രോ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 'ആദ്യം ഞാന്‍ അത് വിശ്വസിച്ചില്ല. ഞാന്‍ നറുക്കെടുപ്പ് വീഡിയോ വീണ്ടും പ്ലേ ചെയ്തു, വിജയിച്ച നമ്പറുകളുടെ സ്‌ക്രീന്‍ഷോട്ട് പോലും എടുത്തു,'ശ്രീറാം പറഞ്ഞു.
ഒരു മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന ശ്രീറാം രാജഗോപാലന്‍ 1998 ല്‍ ആണ് സൗദി അറേബ്യയിലേക്ക് താമസം മാറുന്നത്. ഭാര്യയോടൊപ്പം സൗദിയില്‍ ജീവിതം കെട്ടിപ്പടുത്ത ശ്രീറാമിനും ഭാര്യയ്ക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്. 2023-ല്‍ വിരമിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങി. ഗെയിമില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നെങ്കിലും ശ്രീറാം വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആ തീരുമാനമാണ് ഇപ്പോള്‍ ശ്രീറാമിന് ഒരു ജാക്ക്‌പോട്ട് വിജയം സമ്മാനിച്ചിരിക്കുന്നത്. 232 കോടി രൂപയാണ് ഇത് വഴി ശ്രീറാമിന് ലഭിക്കുന്നത്. വിജയ നിമിഷത്തെ ശ്രീറാം വിശേഷിപ്പിച്ചത് 70 ശതമാനം സന്തോഷവും 30 ശതമാനം ഭയവും എന്നാണ്. 'ഇത് ഒരു വലിയ തുകയാണ്. ഇതുപോലൊന്ന് എനിക്ക് മുമ്പ് ഒരിക്കലും സാധിച്ചിട്ടില്ല. ഈ വിജയം എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും, എന്റെ കുട്ടികള്‍ക്കും എല്ലാവര്‍ക്കും പ്രതീക്ഷയാണ്,' അദ്ദേഹം പറഞ്ഞു.
എല്ലാ അച്ഛന്‍മാരും തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് കഷ്ടപ്പെടുന്നതും സ്വപ്‌നം കാണുന്നതും എന്നും തലമുറകളായി സമ്പത്ത് കെട്ടിപ്പടുക്കാനുള്ള അവസരമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്ന പദ്ധതികള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏക ദേശീയ ലോട്ടറി ലൈസന്‍സ് നേടാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എമിറേറ്റ്‌സ് ഡ്രോ അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിച്ചത്. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതിന് മുമ്പ് എമിറേറ്റ്‌സ് ഡ്രോ രണ്ട് വര്‍ഷത്തിലേറെ യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒടുവില്‍ യുഎഇ ലോട്ടറിയുടെ ഓപ്പറേറ്ററായ ദി ഗെയിം, എല്‍എല്‍സിക്ക് ലഭിച്ചു.












Click it and Unblock the Notifications