ബിഗ് ടിക്കറ്റിലെ ഗ്രാന്റ് പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്; അഞ്ചും പത്തും കോടിയല്ല... സമ്മാനത്തുക ഇത്ര!
അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തുക സമ്മാനം നല്‍കുന്ന നറുക്കെടുപ്പുകളിലൊന്നാണ്. പലപ്പോഴും പ്രവാസികള്‍ക്കാണ് ഇതില്‍ വിജയിക്കാനാകാറുള്ളത്. അതില്‍ തന്നെ ഇന്ത്യന്‍ പ്രവാസികളും വിശിഷ്യ മലയാളികളുമാണ് ഭൂരിഭാഗവും സമ്മാനം കൈക്കലാക്കിയിട്ടുള്ളത്. യുഎഇയില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങളുടെ ഭാഗമായി ബിഗ് ടിക്കറ്റ് പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ അതിന് തൊട്ടുമുന്‍പ് നടന്ന നറുക്കെടുപ്പിലും ഒന്നാം സമ്മാനം ഇന്ത്യയിലേക്കാണ് എത്തിയിരിക്കുന്നത് എന്നതാണ് വിചിത്രം. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ സീരീസ് 262 ല്‍ രമേഷ് കണ്ണന്‍ എന്ന ഇന്ത്യക്കാരനാണ് 10 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 22 കോടി രൂപയാണ് രമേഷ് കണ്ണന് സമ്മാനമായി ലഭിക്കുക. മാര്‍ച്ച് 29 ന് വാങ്ങിയ ടിക്കറ്റ് നമ്പര്‍ 056845 ആണ് രമേഷ് കണ്ണന് ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസത്തെ 15 ദശലക്ഷം ദിര്‍ഹം നറുക്കെടുപ്പിലെ വിജയിയായ മുഹമ്മദ് ഷെരീഫാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നറുക്കെടുത്തത്. അതേസമയം രമേഷ് കണ്ണന്‍ ടിക്കറ്റില്‍ നല്‍കിയിട്ടുള്ള ഇന്ത്യന്‍, യുഎഇ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ബിഗ് ടിക്കറ്റ് ഷോ അവതാരകര്‍ പറയുന്നത്. 'രണ്ട് നമ്പറുകളിലും ബന്ധപ്പെടാനായില്ല, പക്ഷേ ഞങ്ങള്‍ ശ്രമിക്കുന്നത് തുടരും,'' ഷോ അവതാരകനായ റിച്ചാര്‍ഡ് പറഞ്ഞു.
അതേസമയം ഡ്രീം കാര്‍ പ്രൊമോഷനില്‍ 013009 എന്ന ടിക്കറ്റ് നമ്പരറിലൂടെ ഗലീലിയോ ബാലിത്താന്‍ മാസെറാതി ഗിബ്ലി സീരീസ് 11 കാര്‍ സ്വന്തമാക്കി. യു എ ഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായാണ് ഗള്‍ഫ് മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റാഫിള്‍ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത്.
എന്നാല്‍ ഇത് ഒരു ചെറിയ സമയത്തേക്കായിരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും ഉടന്‍ തന്നെ നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ 1 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ എയര്‍പോര്‍ട്ടിലെയും സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
അതുപോലെ ഔദ്യോഗിക വെബ്സൈറ്റിലെ ടിക്കറ്റ് വാങ്ങല്‍, അക്കൗണ്ട് ലോഗിന്‍, അക്കൗണ്ട് രജിസ്ട്രേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications