ആദ്യം 8 കോടി, പിന്നെ ബെന്‍സ്, വീണ്ടും 8 കോടി; 3 കൊല്ലത്തിനിടെ ഇന്ത്യന്‍ പ്രവാസിക്ക് ലഭിച്ചത് മൂന്ന് ബംപര്‍!
ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാന്‍ പലരും വലിയ പരിശ്രമമായിരിക്കും നടത്തുന്നത്. വര്‍ഷങ്ങളായി ലോട്ടറിയെടുത്തിട്ടും ഒരിക്കല്‍ പോലും ഭാഗ്യദേവത അനുഗ്രഹിക്കാത്ത പലരും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ ദുബായിയിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിച്ച ഇന്ത്യക്കാരനായ ഒരു പ്രവാസിയുടെ കാര്യം അങ്ങനെയല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ബംപര്‍ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്.
ബെംഗളൂരൂ സ്വദേശിയും ദുബായില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയും ചെയ്യുന്ന അമിത് സറഫ് എന്ന 50 കാരനാണ് ഈ ഭാഗ്യവാന്‍. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിക്കാന്‍ നിരവധി ആളുകള്‍ വര്‍ഷങ്ങളായി ശ്രമിക്കുമ്പോഴാണ് അമിത് സറഫിനെ തേടി നിരന്തരം ഭാഗ്യമെത്തുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ പ്രതിവാര മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ ആണ് കഴിഞ്ഞ ദിവസം അമിത് വിജയിച്ചത്.

ഇത് പ്രകാരം ഒരു മില്യണ്‍ ഡോളര്‍ ആണ് അമിതിന് സമ്മാനമായി ലഭിച്ചത്. അതായത് ഏകദേശം 8,40,81,872 രൂപ! അമിത് സറഫ് ഒക്ടോബര്‍ 8-ന് ഓണ്‍ലൈനില്‍ വാങ്ങിയ മില്ലേനിയം മില്യണയര്‍ സീരീസ് 477-ലെ ടിക്കറ്റ് നമ്പര്‍ 2813 നറുക്കെടുത്തപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. ഇതോടെ രണ്ട് തവണ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ നേടുന്ന ഒമ്പതാമത്തെ വ്യക്തിയായി മാറാനും അമിതിന് സാധിച്ചു.
അമിത് സറഫ് എട്ട് വര്‍ഷത്തിലേറെയായി സ്ഥിരമായി ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങുന്നയാളാണ്. 2021 ജനുവരിയില്‍ 0518 എന്ന ടിക്കറ്റ് നമ്പറുള്ള മില്ലേനിയം മില്യണയര്‍ സീരീസ് 348-ല്‍ അദ്ദേഹം ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി നേടിയിരുന്നു. 2023 ഫെബ്രുവരിയില്‍ ടിക്കറ്റ് നമ്പര്‍ 0115-ല്‍ ഫൈനെസ്റ്റ് സര്‍പ്രൈസ് സീരീസ് 1829-ല്‍ മെഴ്സിഡസ് ബെന്‍സ് എസ്500 കാറും അദ്ദേഹം നേടിയിരുന്നു.
കൂടാതെ 2023 ഡിസംബര്‍ 20-ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ 40-ാം വാര്‍ഷിക സര്‍പ്രൈസിനിടെ അദ്ദേഹം 40,000 ദിര്‍ഹത്തിന്റെ ദുബായ് ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് കാര്‍ഡും ലഭിച്ചിരുന്നു. ഇന്ത്യന്‍ പ്രവാസിയുടെ അപൂര്‍വഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍. അതേസമയം തനിക്കൊപ്പം എപ്പോഴും ഭാഗ്യം കൂടെ നില്‍ക്കുന്നത് അതിശയകരമാണ് എന്നാണ് അമിത് സറഫിന്റെ പ്രതികരണം.
അതിനിടെ ആഡംബര വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ജോര്‍ജ്ജ് മാത്യു മെഴ്സിഡസ് ബെന്‍സ് എസ്500 കാര്‍ സ്വന്തമാക്കി. സെപ്തംബര്‍ 27-ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം.












Click it and Unblock the Notifications