ഇന്ത്യന്‍ റെയില്‍വേക്ക് ഇത് അഭിമാന നേട്ടം: ഇനി കളി അങ്ങ് യുഎഇയില്‍, എത്തിഹാദ് റെയിലുമായി കരാർ
പരമ്പരാഗതമായി തന്നെ വളരെ അടുത്ത വ്യാപാര-സാസ്കാരിക ബന്ധങ്ങള്‍ കാത്തുസുക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു എ ഇയും. അടുത്തിടെയായി വിവിധ ഉടമ്പടികളിലൂടെ ബന്ധം കൂടുതല്‍ ശക്തമാക്കി വരികയും ചെയ്യുന്നു. നിക്ഷേപ അന്തരീക്ഷം കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഇരു രാജ്യങ്ങളും മുന്‍തൂക്കം നല്‍കുന്നത്.
സഹകരണം കൂടുതല്‍ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് യു എ ഇയും നാഷണൽ റെയിൽ നെറ്റ്‌വർക്കിൻ്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ എത്തിഹാദ് റെയിൽ, ഇന്ത്യൻ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടൻസിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡുമായി ( RITES) ധാരണപത്രം വെച്ചിരിക്കുന്നത്.

യു എ ഇയിലെയും സമീപ പ്രദേശങ്ങളിലെയും റെയിൽവേ വികസനത്തിലും അനുബന്ധ സേവനങ്ങളിലുമാണ് ഇരു കമ്പനികളും സഹകരിച്ച് പ്രവർത്തിക്കുക. ഇന്ത്യന്‍ കമ്പനിയെ സംബന്ധിച്ച് നിർണ്ണായക നേട്ടമായിട്ടാണ് ഈ കരാറിനെ വിലയിരുത്തപ്പെടുന്നത്. ഇത്തിഹാദ് റെയിൽ സി ഇ ഒ ഷാദി മലക്കും റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തലും തമ്മില്‍ കഴിഞ്ഞ ദിവസമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചതെന്നാണ് ഔദ്യോഗിക പത്രക്കുറിച്ച് അറിയിക്കുന്നത്.
റോളിംഗ് സ്റ്റോക്ക് സപ്ലൈ, ലീസിംഗ്, റിപ്പയർ, കൺസൾട്ടിംഗ്, പ്രോജക്ട് മാനേജ്‌മെൻ്റ് തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായിരിക്കും രണ്ട് സ്ഥാപനങ്ങളും മുന്‍തൂക്കം നല്‍കുക. ആഗോള തലത്തില്‍ കമ്പനിയുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന തങ്ങളെ സംബന്ധിച്ച് ഇത് സുപ്രധാന ചുവടുവെയ്പ്പാണെന്നാണ് രാഹുല്‍ മിത്തല്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ കമ്പനിയുമായുള്ള കരാർ ഒരു പ്രധാന നാഴികകല്ലാണെന്ന് ഇത്തിഹാദ് റെയിൽ സി ഇ ഒ ഷാദി മാലക്കും വ്യക്തമാക്കി. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡ് ഈ തന്ത്രപരമായ പങ്കാളിത്തം യുഎഇയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും ഗതാഗതം മേഖല ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന നാഴികക്കല്ലായി മാറും" ഷാദി മലക്ക് പറഞ്ഞു.
രണ്ട് കമ്പനികളുടേയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, ചരക്ക് ഗതാഗതത്തിനും ഭാവിയിലെ യാത്രാ സേവനങ്ങൾക്കും പ്രയോജനം ചെയ്യുന്നതരത്തില്‍ റെയില്‍വേ മേഖലയെ വികസിപ്പിക്കാന്‍ സാധിക്കും. മേഖലയുടെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പ്രവർത്തന മികവിനും സംഭാവന നൽകുന്ന പുരോഗമനപരമായ നൂതനമായ പരിഹാരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുമെന്നും ഇത്തിഹാദ് കമ്പനി സി ഇ ഒ അറിയിച്ചു.












Click it and Unblock the Notifications