പ്രവാസികള്‍ക്ക് അമളി പറ്റി; ആ 'ലോട്ടറി' നഷ്ടമായി, ആശങ്ക വേണ്ട, രൂപ മൂല്യം കുറഞ്ഞ് ദിര്‍ഹം ഉയരും
ദുബായ്: ഇന്ത്യന്‍ രൂപ മൂല്യമിടിയുന്നതില്‍ നേട്ടമുണ്ടാക്കുന്നത് പ്രവാസി സമൂഹമാണ്. 2024ല്‍ വലിയ ഇടിവാണ് രൂപ നേരിട്ടത്. പ്രവാസികള്‍ക്ക് അവരുടെ കൈയ്യിലെത്തുന്ന കറന്‍സി ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഉയര്‍ന്ന തുക ലഭിക്കുമെന്നതാണ് നേട്ടം. ഇത് ഓരോ മാസത്തെയും അവരുടെ ബജറ്റ് ഏറെ സന്തോഷമുള്ളതാക്കുകയും ചെയ്യും. നാട്ടില്‍ ബാങ്ക് അടവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായിരുന്നു ഇത്.
എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ്. നേരത്തെ മൂല്യം ഇടിഞ്ഞിരുന്ന വേളയില്‍ ഇനിയും ഇടിയുമെന്ന് കരുതി പണം നാട്ടിലേക്ക് അയക്കാതെ വച്ച പ്രവാസികള്‍ നിരവധിയാണ്. അവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ മൂല്യം ഉയര്‍ന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നതല്ല, ഡോളര്‍ മൂല്യം കുറഞ്ഞു എന്നതാണ് മാറ്റം.

യുഎഇ ദിര്‍ഹത്തിന് 24 രൂപയ്ക്ക് അടുത്തു വരെ ലഭിച്ചിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. ഒരു ഡോളറിന് 87.98 രൂപ വരെ നല്‍കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ഇന്ത്യന്‍ രൂപ വന്‍തോതില്‍ ഇടിഞ്ഞ സമയമായിരുന്നു ഇത്. എന്നാല്‍ മാര്‍ച്ച് ആദ്യത്തോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം പതിയെ കയറാന്‍ തുടങ്ങി. ഏറ്റവും പുതിയ മൂല്യം 86.82 ആയി ഉയര്‍ന്നിട്ടുണ്ട്.
അതായത്, ഒരു രൂപയോളം ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിച്ചു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷം നല്‍കുന്നില്ല. ജനുവരി മുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളില്‍ രൂപയുടെ മൂല്യം 2.8 ശതമാനമാണ് ഇടിഞ്ഞിരുന്നത്. ഇപ്പോള്‍ രൂപ കയറി വരികയാണ്. ഇതിന് പ്രധാന കാരണം ഡോളര്‍ സൂചികയിലെ ഇടിവാണ്. ട്രംപിന്റെ പുതിയ നയങ്ങള്‍ കാരണം ഡോളര്‍ കരുത്ത് ചോരുന്നത് തുടരുകയാണ്.
ജനുവരി പകുതിയില്‍ ഡോളര്‍ സൂചിക 110 എന്ന നിരക്കിലായിരുന്നു. ഇന്നത്തെ കണക്ക് പ്രകാരം 103.7 ആണ്. ഡോളര്‍ വലിയ ഇടിവാണ് നേരിടുന്നത്. യൂറോ, യെന്‍, യുവാന്‍, സ്വിസ് ഫ്രാങ്ക്, പൗണ്ട് തുടങ്ങി ലോകത്തെ പ്രധാന കറന്‍സികളുമായുള്ള ഡോളറിന്റെ കരുത്ത് പരിശോധിച്ചാണ് ഡോളര്‍ സൂചിക മാറുന്നത്. സൂചിക ഇടിഞ്ഞതാണ് ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമായത്.
എന്നാല്‍ ഇന്ത്യന്‍ രൂപ നേരിടുന്ന പ്രതിസന്ധി തീര്‍ന്നിട്ടില്ല എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ രൂപ വീണ്ടും ഇടിയുമെന്നും ഡോളറിനെതിരെ 88 രൂപ എന്ന നിരക്കിലേക്ക് കൂപ്പുകുത്തുമെന്നുമാണ് എച്ച്എസ്ബിസി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും ഇന്ത്യയുടെ റിസര്‍വ് ബാങ്കും വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരവും വന്നു കഴിഞ്ഞു.
ഓഹരി വിപണിയിലെ പുതിയ മാറ്റങ്ങള്‍, ബാങ്കുകളുടെ പലിശ നിരക്ക്, ഇന്ത്യയുടെ വിദേശ കരുതല്‍ ധനത്തിന്റെ തോത് എന്നിവയെല്ലാം പരിശോധിച്ചാണ് എച്ച്എസ്ബിസി രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയുണ്ട് എന്ന് പറയുന്നത്. രൂപ മൂല്യം കുറഞ്ഞാല്‍ പ്രവാസികള്‍ക്ക് നേട്ടമാകുമെങ്കിലും അവശ്യ വസ്തുക്കളുടെ വില കൂടുമെന്നതാണ് തിരിച്ചടി. മാത്രമല്ല, സ്വര്‍ണവില ഉള്‍പ്പെടെ ഉയരുകയും ചെയ്യും.












Click it and Unblock the Notifications