കുവൈത്ത് മൊത്തം ഇന്ത്യമയം; തദ്ദേശീയരേക്കാള്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യക്കാര്‍; പിന്നെ ഈജിപ്ത്
കുവൈത്തില്‍ തൊഴില്‍ മേഖലയില്‍ കൂടുതലുള്ളത് ഇന്ത്യക്കാര്‍. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയിട്ടും തൊഴില്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്നത് ഇന്ത്യക്കാര്‍ തന്നെ. ഇന്ത്യക്കാരുടെ എണ്ണത്തിന്റെ പകുതിയേ കുവൈത്തികള്‍ വരികയുള്ളൂ. എന്നാല്‍ ജോലി സ്റ്റാറ്റസിലും ശമ്പളത്തിലും വലിയ വ്യത്യാസമുണ്ടാകും. കുവൈത്തികള്‍ പ്രധാനമായും സര്‍ക്കാര്‍ ജോലിയിലാണുള്ളത്. എന്നാല്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ സാധാരണ ജോലി ചെയ്യുന്നവരാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം കുവൈത്തിലെ തൊഴില്‍ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2024ലെ രണ്ടാം പാദം അവസാനിച്ചപ്പോള്‍ കുവൈത്തിലെ ജോലിക്കാരുടെ എണ്ണം 2.93 ദശലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേകാലയളവില്‍ എണ്ണം 2.99 ദശലക്ഷമായി ഉയര്‍ന്നു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെയാണിത് എന്നത് എടുത്തു പറയണം.

കുവൈത്തിലെ ജോലിക്കാരില്‍ കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 829540 പേരാണ് ഇന്ത്യക്കാര്‍. അതായത്, മൊത്തം ജോലിക്കാരുടെ 29.9 ശതമാനം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തില്‍ നിന്നുള്ളവരാണ്. 470280 പേരാണ് ഈജിപ്തില്‍ നിന്നെത്തി കുവൈത്തില്‍ ജോലി ചെയ്യുന്നത്. അതായത്, 15.7 ശതമാനം. എന്നാല്‍ 448920 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. 15 ശതമാനം മാത്രം.
സ്വകാര്യ മേഖലയിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്നത്. കൂടുതല്‍ ജോലി അവസരമുള്ളതും സ്വകാര്യ മേഖലയിലാണ്. 58 ശതമാനം ജോലിയും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈത്തികള്‍ 4.2 ശതമാനം മാത്രമേയുള്ളൂ. സ്വകാര്യമേഖളയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് ഈ സാഹചര്യത്തിലാണ്.
നടപടികള്‍ പ്രതീക്ഷിക്കാം
സ്വകാര്യ മേഖല കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് വീടുകളിലാണ്. 25 ശതമാനമാണ് കുവൈത്തിലെ വീടുകളില്‍ ജോലി ചെയ്യുന്നവര്‍. ഇത് വിദേശികളാണ്. മൂന്നാം സ്ഥാനത്താണ് സര്‍ക്കാര്‍ മേഖലയിലെ ജോലി. വീടുകളില്‍ 757090 പേര്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത് 477640 പേരാണ്. അതായത്, 16 ശതമാനം മാത്രം. ഇതില്‍ 78 ശതമാനവും കുവൈത്ത് പൗരന്മാരാണ്.
കുവൈത്തിലെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് അല്‍ സിയാസ പത്രമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. കുവൈത്തിലെ തൊഴില്‍ രംഗത്ത് 15 ശതമാനം മാത്രമാണ് കുവൈത്തി പൗരന്മാര്‍. അതായത്, 4.48 ലക്ഷം. 25.4 ലക്ഷം പേരും വിദേശികളാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ഇനിയും പ്രതീക്ഷിക്കാം.
എങ്കിലും വീടുജോലികളില്‍ വിദേശികള്‍ തുടരുമെന്നാണ് കരുതുന്നത്. ഏത് രംഗത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കുമ്പോഴും പ്രധാനമായും ബാധിക്കുന്ന സമൂഹം ഇന്ത്യക്കാരാകും. കാരണം, കുവൈത്തിലെ ജോലിക്കാരില്‍ കൂടുതലും ഇന്ത്യക്കാരാണ് എന്നതുതന്നെ. ആരോഗ്യ രംഗം, ബിസിനസ്, ഡ്രൈവര്‍, വീട്ടുജോലി തുടങ്ങിയ മേഖലകളിലാണ് ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്നത്.












Click it and Unblock the Notifications