ദുബായ് വിമാനത്താവളം വഴി ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഇന്ത്യക്കാർ: എത്ര കോടിയെന്ന് അറിയുമോ?
അന്താരാഷ്ട്ര യാത്രാ രംഗത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഈ ദുബായി വിമാനത്താവളത്തിലൂടെ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഇന്ത്യക്കാരാണ് എന്നതുമാണ് ശ്രദ്ധേയം. യാത്രക്കാരുടെ എണ്ണത്തില്‍ സ്വന്തം വാർഷിക പ്രവചനത്തേയും കോവിഡ് വ്യാപനത്തിന് മുമ്പുള്ള ട്രാഫിക്കിനേയും മറികടന്നതായും വിമാനത്താവളം അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
2023 ല്‍ ദുബായി വിമാനത്താവളം വഴി യാത്ര ചെയ്തത് 86.9 ദശലക്ഷം (86,994,365) യാത്രക്കാരാണ്. കഴിഞ്ഞ വർഷത്തേതില്‍ നിന്നും 31.7 ശതമാനത്തിന്റെ വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പ് 2019-ൽ രേഖപ്പെടുത്തിയ യാത്രക്കാരുടെ എണ്ണത്തേക്കാൾ (86.4 ദശലക്ഷം) ഒരു ശതമാനത്തിൽ താഴെയാണ് ഇത്. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ എയർപോർട്ട് വഴി മൊത്തം 45.4 ദശലക്ഷം യാത്രക്കാരാണ് കടന്ന് പോയത്.

7.8 ദശലക്ഷം യാത്രക്കാരുമായി നാലാം പാദത്തിലെ ഏറ്റവും തിരക്കേറിയ മാസമായി ഡിസംബർ മാറി. നാലാം പാദത്തില്‍ മൊത്തം 22.4 ദശലക്ഷം യാത്രക്കാരുണ്ടായി. അതായത് കഴിഞ്ഞ വർഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് 13.8 ശതമാനം വളർച്ച. 2023ലെ കണക്കുകൾ പ്രകാരം 104 രാജ്യങ്ങളിലെ 262 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 102 അന്താരാഷ്‌ട്ര കാരിയറുകള്‍ ദുബായ് വിമാനത്താവളം വഴി ബന്ധിപ്പിക്കപ്പെട്ടു.
മൊത്തം 11.9 ദശലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് ദുബായി വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം. 6.7 ദശലക്ഷം യാത്രക്കാരുമായി സൗദി അറേബ്യയും 5.9 ദശലക്ഷം യാത്രക്കാരുമായി യുകെയും തൊട്ടുപിന്നിലുണ്ട്. പാകിസ്ഥാൻ (4.2 ദശലക്ഷം), യുഎസ് (3.6 ദശലക്ഷം), റഷ്യ (2.5 ദശലക്ഷം), ജർമ്മനി (2.5 ദശലക്ഷം) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍.
2023-ൽ ദുബായ് വിമാനത്താവളം മൊത്തം 77.5 ദശലക്ഷം ലഗേജുകള്‍ പ്രോസസ്സ് ചെയ്തു. ഇത് എയർപോർട്ടിൽ ഒരു കലണ്ടർ വർഷത്തിൽ കൈകാര്യം ചെയ്യുന്ന ഏറ്റവും ഉയർന്ന ലഗേജുകളാണ്.. ലഗേജ് വോളിയത്തിൽ വർഷം തോറും 24.6 ശതമാനം വർദ്ധനവുണ്ടായിട്ടും, ദുബായ് വിമാനത്താവളം വിജയ നിരക്ക് 99.8 ശതമാനമായി നിലനിർത്തി. ചുരുക്കം യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് തെറ്റായി കൈകാര്യം ചെയ്തിട്ടുള്ളുവെന്നും ഇവർക്ക് അർഹിച്ച നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ദുബായ് വിമാനത്താവളം അധികൃതർ അറിയിച്ചു.












Click it and Unblock the Notifications