Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണയില്‍ യുഎഇക്ക് താഴെ, വാതകത്തില്‍ ഖത്തറിനും സൗദിക്കും മുകളില്‍; ഇറാന്‍ പെട്ടാല്‍ ലോകം ഇളകും

ദുബായ്: ഇസ്രായേല്‍ ഇറാന്‍ യുദ്ധം ലോകത്തെ മൊത്തം ബാധിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. ലോകത്തെ പ്രധാന ഊര്‍ജ ശക്തിയാണ് ഇറാന്‍. സ്വാഭാവികമായും ഇറാന് നേരെ നടക്കുന്ന ഓരോ ആക്രമണവും എണ്ണ-വാതക മേഖലകളെയും ബാധിക്കും. അവിടെ നിന്നുള്ള കയറ്റുമതിയും മറ്റും തകിടം മറിയാന്‍ ഇടയാക്കും. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഇറാന്റെ വാതക കേന്ദ്രങ്ങള്‍ ആക്രമിച്ചതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ച.

ഊര്‍ജ രംഗത്ത് വലിയ ശക്തിയാണെങ്കിലും ഇറാന്റെ എണ്ണയും വാതകവും വിപണിയില്‍ ഔദ്യോഗികമായി എത്തുന്നത് കുറവാണ്. അമേരിക്ക 1979 മുതല്‍ തുടരുന്ന ഉപരോധമാണ് കാരണം. എങ്കിലും സൗഹൃദ രാജ്യങ്ങളായ ചൈന, റഷ്യ എന്നിവര്‍ ഇറാന്റെ എണ്ണ യഥേഷ്ടം വാങ്ങിക്കൂട്ടുന്നുണ്ടത്രെ. അതിനിടെയാണ് ഇറാന്റെ വാതക കേന്ദ്രത്തില്‍ ഇസ്രായേലിന്റെ മിസൈല്‍ പതിച്ചത്. ഇതാകട്ടെ, ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന വാതക മേഖലയുമാണ്.

uae saudi iran oil gas power-

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകമുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍. എണ്ണ സംഭരണത്തില്‍ മൂന്നാംസ്ഥാനവും. 157 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ഇറാനിലുണ്ട്. പശ്ചിമേഷ്യയിലെ മൊത്തം എണ്ണയുടെ 24 ശതമാനവും ലോകത്തെ മൊത്തം എണ്ണയുടെ 12 ശതമാനവും വരുമിത്. എന്നാല്‍ എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനത്തില്‍ ഇറാന്‍ അല്‍പ്പം പിന്നിലാണ്.

ഇറാന്റെ എണ്ണ ഉല്‍പ്പാദനം

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇറാന്‍ ഒമ്പതാം സ്ഥാനത്താണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അംഗങ്ങളില്‍ നാലാം സ്ഥാനത്തും. ഓരോ ദിവസവും 33 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ കയറ്റുതി ചെയ്യുന്നു. സൗദി അറേബ്യ, യുഎഇ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് പിന്നിലാണ് എണ്ണ ഉല്‍പ്പാദനത്തില്‍ ഇറാന്റെ സ്ഥാനം.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. സൗദി അറേബ്യ, റഷ്യ, കാനഡ, ചൈന, ഇറാഖ്, ബ്രസീല്‍, യുഎഇ, ഇറാന്‍, കുവൈത്ത് എന്നിവരാണ് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുള്ളത്. അമേരിക്കന്‍ ഉപരോധവും വിദേശ നിക്ഷേപം ലഭിക്കാത്തതുമാണ് ഇറാന്റെ എണ്ണ ഉല്‍പ്പാദനം വളരെ പിന്നിലാകാന്‍ കാരണം. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 7 ശതമാനമാണ് എണ്ണവില വര്‍ധിച്ചത്.

വാതകത്തിലെ ഇറാന്റെ ശക്തി

1200 ലക്ഷം ക്യൂബിക് അടി വാതകമാണ് ഇറാനിലുള്ളത്. ലോകത്ത് മൊത്തമുള്ളതിന്റെ 16 ശതമാനം വാതകം ഇറാനിലാണ്. ഒപെക് രാജ്യങ്ങളില്‍ മൊത്തമുള്ളതിന്റെ 45 ശതമാനവും ഇറാനിലാണ്. എന്നാല്‍ ലോകത്ത് കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയാണ്. റഷ്യ, ഇറാന്‍, ചൈന, കാനഡ, ഖത്തര്‍, ഓസ്‌ട്രേലിയ, നോര്‍വെ, സൗദി അറേബ്യ, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍.

ഇറാനില്‍ കൂടുതല്‍ വാതകമുള്ളത് സൗത്ത് പാര്‍സ് പാടത്താണ്. ഇവിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ പാടത്തിന്റെ മറ്റൊരു അറ്റം ഖത്തറിനോട് ചേര്‍ന്നാണ്. ഖത്തറില്‍ നോര്‍ത്ത് ഡോം എന്നാണ് ഈ മേഖല അറിയപ്പെടുക. ഇസ്രായേല്‍ നടത്തിയ ആക്രമണം തങ്ങളുടെ വാതക ഉല്‍പ്പാദനത്തെയും കയറ്റുമതിയെയും ബാധിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയത്.

അമേരിക്ക, ഇറാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധി ലോകം മൊത്തം നേരിടേണ്ടി വരുമെന്നും ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ഇസ്രായേല്‍ ഇറാന്റെ എണ്ണ-വാതക മേഖല ആക്രമിച്ചാല്‍ ഉല്‍പ്പാദനവും വിതരണവും തടസപ്പെടും. ഇത് ക്രൂഡ്, വാതക വില ഉയരാന്‍ കാരണമാകും. മാത്രമല്ല, ഇറാന്‍ അതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്തും തടസപ്പെടും. ഇത് ലോക വ്യാപാരം തകിടംമറിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+