ഇറാന്‍ രഹസ്യമായി നീങ്ങുന്നു; എന്താണ് ആ സന്ദേശം, പാകിസ്താന്‍ 1000 കോടി ആവശ്യപ്പെട്ടത് എന്തിന്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇയെ ഇതുവരെ പൊതുജനങ്ങള്‍ കണ്ടിട്ടില്ല. ഫെബ്രുവരി 28ലെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു എന്ന് കരുതപ്പെടുന്ന അദ്ദേഹം പക്ഷേ, അമേരിക്കക്കെതിരായ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ കാരണങ്ങളാല്‍ പിതാവിന്റെ ഖബറടക്ക ചടങ്ങില്‍ നിന്നുപോലും വിട്ടുനിന്ന മുജ്തബ ഇപ്പോള്‍ പാകിസ്താന് രഹസ്യ സന്ദേശം കൈമാറി എന്നാണ് പുതിയ വാര്‍ത്ത.
എന്തായിരിക്കും മുജ്തബയുടെ രഹസ്യ സന്ദേശത്തിലുള്ളത്? ഇക്കാര്യം ആര്‍ക്കും അറിയില്ല. പാകിസ്താന്‍ സേനാ മേധാവി ഫീല്‍ഡ് മാര്‍ഷര്‍ അസിം മുനീറിന് റാവല്‍പിണ്ടിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇറാന്‍ ആഭ്യന്തര മന്ത്രി എസ്‌കന്തര്‍ മുമേനിയാണ് സന്ദേശം കൈമാറിയത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച 50 മിനുട്ട് നീണ്ടു. യുദ്ധം അവസാനിക്കാന്‍ പര്യാപ്തമായ വിവരമാണ് കൈമാറിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തില്‍ തുടക്കം മുതല്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് പാകിസ്താന്‍. ഇസ്ലാമാബാദിലായിരുന്നു ആദ്യ ചര്‍ച്ചകള്‍. ശേഷം ഖത്തറും ചര്‍ച്ചകള്‍ക്ക് ശ്രമം നടത്തി. ഇറാന്റെ മിസൈലുകള്‍ ഖത്തറിലേക്കും തുടര്‍ച്ചയായി എത്തിയതോടെ മധ്യസ്ഥതയില്‍ പാകിസ്താന്റെ റോള്‍ കൂടി. ഇറാനുമായും അമേരിക്കയുമായും സൗഹൃദം പങ്കിടുന്ന രാജ്യമാണ് പാകിസ്താന്‍.
അമേരിക്ക ഇന്നലെ രാത്രിയും ഇറാനിലെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ 11ാം ദിവസമാണ് അമേരിക്കയുടെ ആക്രമണം. ഇതിന് ഇറാന്‍ തിരിച്ചടിയും നല്‍കുന്നുണ്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ കമ്പനികളെയും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരായ യുദ്ധത്തിന് അമേരിക്കക്ക് 3700 കോടി ഡോളറിന്റെ ചെലവ് വന്നു എന്നാണ് പെന്റഗണ്‍ പറയുന്നത്. ഇത്രയും വലിയ തുക ചെലവഴിച്ചുള്ള യുദ്ധത്തില്‍ എന്തുലാഭം എന്ന ചോദ്യം അമേരിക്കയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി നടത്തുന്ന യുദ്ധം എന്നാണ് ചില നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനിടെ പാകിസ്താന്‍ ചില സാമ്പത്തിക കരുനീക്കം നടത്തുന്ന വാര്‍ത്തകളും വന്നു.
അമേരിക്കയില്‍ നിന്ന് 1000 കോടി ഡോളറിന്റെ സഹായം തേടിയിരിക്കുകയാണ് പാകിസ്താന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ ഈ വേളയില്‍ അമേരിക്കയില്‍ നിന്ന് സാമ്പത്തിക സഹായം തേടിയത് സമ്മര്‍ദ്ദ തന്ത്രമായി വിലയിരുത്തുന്നവരുമുണ്ട്. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന തുക ധനസ്ഥിരതയ്ക്ക് വേണ്ടി പാകിസ്താന്‍ ആവശ്യപ്പെടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത്രയും തുക സഹായിക്കണം എന്നാണ് പാകിസ്താന്റെ ആവശ്യം. പാകിസ്താന്റെ ഡോളര്‍ സംഭരണം കുറഞ്ഞ സാഹചര്യത്തിലാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം അടുത്തിടെ പാകിസ്താന്‍ സ്വീകരിച്ചിരുന്നു. അതിന് പുറമെയാണ് അമേരിക്കയോട് ചോദിച്ചിരിക്കുന്നത്.


Click it and Unblock the Notifications