യുഎസ് ഉണ്ടായിട്ട് പോലും നിങ്ങള്‍ക്ക് രക്ഷയില്ല; പാക്-സൗദി-തുര്‍ക്കി കരാറിനെ പരിഹസിച്ച് ഇറാന്‍
പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെ വിമര്‍ശിച്ച് ഇറാന്‍. കരാര്‍ ഒപ്പുവെച്ചുവെങ്കിലും അത് റിയാദിന് ശാശ്വത സുരക്ഷ ഉറപ്പുനല്‍കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റിലെയും നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മീഷനിലെയും അംഗമായ ഇബ്രാഹിം റെസായി പറഞ്ഞു.
'വര്‍ഷങ്ങളോളം അമേരിക്കക്കാരെ ഏകപക്ഷീയമായി ആശ്രയിച്ചിട്ടും സുരക്ഷ ലഭിക്കാതിരുന്നതുപോലെ തന്നെ, തുര്‍ക്കിയുമായും പാകിസ്ഥാനുമായുള്ള കടലാസ് കരാറുകളും തങ്ങള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് സൗദികള്‍ തിരിച്ചറിയണം. സൗദി അറേബ്യ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍, സുരക്ഷയ്ക്കായി മറ്റുള്ളവരുടെ മുന്നില്‍ യാചിക്കേണ്ട അവസ്ഥ അവര്‍ക്കുണ്ടാവില്ല,' റെസായി എക്‌സില്‍ പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അനുരണനം ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. കൂടാതെ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്ക്, ചെങ്കടല്‍ എന്നിവിടങ്ങളിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഈ പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി രാജ്യങ്ങള്‍ 'മക്ക ജോയിന്റ് ഡിഫന്‍സ് എഗ്രിമെന്റ്' എന്ന പേരില്‍ ഒരു പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്.
ഈ കരാര്‍ പ്രകാരം, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിനു നേരെയുണ്ടാകുന്ന ആക്രമണം തങ്ങള്‍ക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കപ്പെടും. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കൂട്ടായ ശേഷി ശക്തിപ്പെടുത്തുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിനു നേരെ നടക്കുന്ന സായുധ ആക്രമണം തങ്ങള്‍ക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കുമെന്ന് ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ, മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ മേഖലകളും മെച്ചപ്പെടുത്തുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ കരാര്‍ ഒപ്പുവെച്ചത്.
ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി പലതവണ ആക്രമണങ്ങള്‍ക്ക് വിധേയമായ സൗദി അറേബ്യ, തങ്ങളുടെ പ്രതിരോധ പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇറാനും ഹൂതികള്‍, ഇറാഖി സായുധ സംഘങ്ങള്‍ തുടങ്ങിയ അവരുടെ പ്രാദേശിക സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് സൗദിയുടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും എണ്ണ കേന്ദ്രങ്ങളും പലതവണ ഇരയായിട്ടുണ്ട്.





Click it and Unblock the Notifications