ഇറാന്‍ പടുകുഴിയില്‍ വീണു; കടയില്‍ പോകാന്‍ ചാക്ക് പണം കരുതണം!! ഒപ്പം മറ്റൊരു തിരിച്ചടിയും
ടെഹ്‌റാന്‍: അടുത്ത കാലം വരെ അമേരിക്കയോടും ഇസ്രായേലിനോടും കൊമ്പുകോര്‍ത്തിരുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ഇറാന്‍. മേഖലയിലെ പ്രധാന സൈനിക ശക്തിയായും ഇറാനെ വിലയിരുത്തിയിരുന്നു. സൗദി അറേബ്യ, യുഎഇ എന്നീ ജിസിസി രാജ്യങ്ങളുമായുള്ള അകലം ഇറാന്‍ കുറച്ചെങ്കിലും രാജ്യം നിലവില്‍ നേരിടുന്നത് അതിരുകളില്ലാത്ത പ്രതിസന്ധിയാണത്രെ.
ഹസന്‍ റൂഹാനി പ്രസിഡന്റായിരുന്ന വേളയില്‍ അമേരിക്കയുമായി ആണവ കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചത് ഇറാന് വലിയ നേട്ടമായിരുന്നു. ഉപരോധം ഭാഗികമായി നീങ്ങാനും അല്‍പ്പം വിപണിയില്‍ ഇടപെടാനും ഇറാന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ശേഷം പ്രസിഡന്റായ മസൂദ് പെഷസ്‌കിയാന് വേണ്ടത്ര തിളങ്ങാനും സാധിച്ചിട്ടില്ല. അതിനിടെയാണ് പുതിയ സാമ്പത്തിക വെല്ലുവിളി.

ഇറാന്റെ കറന്‍സിയായ റിയാല്‍ കനത്ത മൂല്യ ശോഷണം ആണ് നേരിടുന്നത്. അനൗദ്യോഗിക വിപണിയില്‍ ഡോളറിനെതിരെ 756000 റിയാല്‍ എന്ന നിലയിലേക്ക് കഴിഞ്ഞ വാരാന്ത്യത്തില്‍ മൂക്കുകുത്തിയെന്ന് ബോണ്‍ബാസ്റ്റ് ഡോട്ട് കോമിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇറാനിലെ സാധാരണക്കാരെയാണ് ശരിക്കും ബാധിച്ചിരിക്കുന്നത്. അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോലും വലിയ തുക കൈയ്യില്‍ കരുതേണ്ട അവസ്ഥയാണ്.
ആണവ പദ്ധതിയുടെ പേരില്‍ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചതാണ് സാമ്പത്തികമായി ഇറാനെ ഞെരുക്കുന്നത്. ട്രംപ് ജനുവരി 20ന് യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേല്‍ക്കുന്നതോടെ ഇറാനെതിരെ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ ഇറാന്റെ സാമ്പത്തിക രംഗം കൂടുതല്‍ തകരും. ഇത് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്ത വിധം ഇറാനെ തളര്‍ത്തുമെന്നാണ് കരുതുന്നത്.
അതിനിടെയാണ് രാഷ്ട്രീയമായ തിരിച്ചടി മറുഭാഗത്ത് ഇറാന് ഏല്‍ക്കുന്നത്. സഖ്യകക്ഷിയായ സിറിയയിലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് നാടുവിടേണ്ടി വന്നു. വിമതര്‍ ഭരണം പിടിച്ചതോടെ അസദ് റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. ലബനാനിലെ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ സഹായം ചെയ്തിരുന്നത് സിറിയയിലൂടെയാണ്. അവിടെ ഭരണം മാറിയത് ഇറാന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.
ലബനാനില്‍ കരുത്തരായിരുന്ന ഹിസ്ബുല്ലയും തളര്‍ന്ന മട്ടാണ്. ഇറാന്റെ സഹായം പഴയ പോലെ ലഭിക്കാതിരിക്കുന്നതാണ് കാരണം. അതേസമയം, ഇസ്രായേലിന് മുമ്പില്‍ കീഴടങ്ങില്ല എന്ന് ഹിസ്ബുല്ല ആവര്‍ത്തിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഒരു വര്‍ഷമായി തുടരുന്ന ശക്തമായ യുദ്ധത്തില്‍ ഇറാന്‍ പിന്തുണയ്ക്കുന്നവര്‍ക്ക് സൈനികമായി ക്ഷീണം സംഭവിച്ചു എന്നാണ് ഇതുവരെയുള്ള ചിത്രം.
ഇസ്രായേല്‍ നടത്തിയ ശക്തമായ ആക്രമണത്തിന് തുല്യമായ തിരിച്ചടി നല്‍കാന്‍ ഇറാന് സാധിക്കാത്തതും ഇറാന്റെ ക്ഷീണമാണ് പ്രകടിപ്പിക്കുന്നത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള പ്രദേശത്ത് വച്ചാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഇറാനില്‍ സുരക്ഷ തീരെ കുറവാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം. ഹിസ്ബുല്ലയുടെ ഹസന്‍ നസറുല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതും ഇറാന് തിരിച്ചടിയാണ്.












Click it and Unblock the Notifications